നിധിൻ വി. എൻ
ചോദ്യത്തില്‍ നിന്നും ഉത്തരം മാത്രമല്ല, മറ്റൊരു ചോദ്യം കൂടി ജന്മമെടുക്കുന്നു. ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍ സത്യത്തിലേക്കുള്ള ദൂരം നേര്‍ത്തുവരുമ്പോള്‍ കാണികളില്‍ ഒരു ഞെട്ടലുണ്ടാക്കുന്നു. കഥകളെക്കാള്‍ വിചിത്രമായ ജീവിതങ്ങള്‍ സ്‌ക്രീനില്‍ നിറയുമ്പോള്‍ കാണികളുടെ ചിന്തകള്‍ക്കു മേലെക്കൂടിയുള്ള സുഖ സഞ്ചാരമായി ചിത്രം മാറുന്നു.
ചെറിയ അപകടത്തെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട കുട്ടിക്കുനേരെ Child abuse നടന്നിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്നുണ്ടാകുന്ന അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു തെറ്റിനെ വിവിധ കോണുകളില്‍ നിന്നും കാണുമ്പോളുയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ ചിത്രം. സമയാനുസൃതമായ ഒഴുക്കിനെ മറികടന്ന്, സസ്‌പെന്‍സിന് കോട്ടം വരാതെയാണ് സിനിമയുടെ യാത്ര. അതിവൈകാരിക മുഹൂര്‍ത്തങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യുകയും അതേ സമയം കഥ ആവശ്യപ്പെടുന്ന നാടകീയത നിലനിര്‍ത്താനും അഭിനേതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അരവിന്ദനും(ജയസൂര്യ), ഭാര്യ കവിത (ശ്രുതി രാമചന്ദ്രനും), സുഹൃത്തായ ഡോ. ഗൗതമും (വിജയ് ബാബു) നമുക്ക് അടുത്ത് പരിചയമുള്ളവരാണെന്നേ തോന്നു. മീഡിയ ടീമിന്റെ തലപ്പത്തിരിക്കുന്ന ജാഡകളില്ലാത്ത ഫാമിലിമാനായ അരവിന്ദൻ സിനിമ വിട്ടിറങ്ങിയാലും നമ്മുടെ കൂടെപോരുന്നുണ്ട് എന്നത് ജയസൂര്യ എന്ന നടന്റെ വിജയമാണ്. ഗര്‍ഭിണിയായ പോലീസ് കമ്മീഷണർ ലതയായി ലിയോണയും പ്രശംസയര്‍ഹിക്കുന്നു. തന്റെ ജീവിതത്തിലെ ദുരനുഭവം മറ്റാര്‍ക്കും വരരുതെന്നാഗ്രഹിക്കുന്ന ഹെഡ് നഴ്‌സായി ലെനയും, പോലീസ് സര്‍ജനായി ലാലും, കസറുന്ന അന്വേഷണവുമായി നന്ദുവും ട്വിസ്റ്റില്‍ നിന്നും ട്വിസ്റ്റിലേക്ക് പ്രേക്ഷകരെ വലിച്ചിടുന്നു.
മാതൃ-പിതൃ ഭാവങ്ങളിലൂടെ സുജിത്ത് വാസുദേവിന്റെ ക്യാമറ ചലിച്ചു. അരവിന്ദിന്റെയും കവിതയുടെയും മക്കളായെത്തിയ അശുതോഷും, ബേബി ജെസ്സും പ്രേക്ഷകരുടെ കണ്ണു നനയിക്കുന്നുണ്ട്. അവസാനം സിനിമ തീരുമ്പോള്‍ നീണ്ടുവരുന്ന ആ വിരല്‍ നമുക്കുനേരെയാണെന്ന ബോധമാണ് ഈ സിനിമ സമ്മാനിക്കുന്നത്. ആ തിരിച്ചറിവ് ചെറുതല്ല. ലില്ലിയിലൂടെ തുടങ്ങിയ പ്രശോഭിന്റെ പ്രയാണത്തിലൂടെ നിരവധി മികച്ച സിനിമകള്‍ നമുക്ക് ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല…