അജിത് പി.പി
മൂന്നു വയസ്സുകാരന്റെ
ചിത്രത്തിൽ
അമ്പിളിയൊരു
വെള്ളിവര പോലെ!
അയാൾ ചിരിക്കുന്നു.
തിരുത്തുന്നു.
ആകാശത്തൊഴുകുന്ന
വെള്ളിപ്പുഴയല്ല കുട്ടീ,
ചന്ദ്രൻ.
അതിന്റെ അരികുകൾ,
തന്നെത്തന്നെ ചുറ്റി
കിണറു പോലെ
വട്ടമായിരിക്കുന്നു.
കുട്ടിയ്ക്കു കാണുവാനായ്
അയാൾ ക്ലിക്കുന്നു ചന്ദ്രനെ,
ഫോണിൽ.
അവൻ കാണട്ടെ,
വിരലുകൾ കൊണ്ട്
സൂം ചെയ്തു പോകുമ്പോൾ
ജീവിതം എങ്ങനെ
വട്ടത്തിലിരിക്കുന്നുവെന്ന്.
‘ഇതാ നോക്കൂ,
ഈ ഫോട്ടോയിൽ
നോക്കൂ.’
കുഞ്ഞിവിരലുകൾ
കൊണ്ട് ആകാശം സൂം
ചെയ്ത് അവൻ
നിലാവുപോലെ ചിരിക്കുന്നു.
എടുക്കുമ്പോൾ
മങ്ങിപ്പോയ ഫോട്ടോയിൽ,
ചന്ദ്രനൊരു വെള്ളിവര പോലെ!
അതിനെ
വട്ടത്തിലാക്കാൻ
നോക്കുമ്പോളെല്ലാം,
അയാളുടെ
യുക്തി വട്ടത്തിലാവുന്നു.
ആൾമറയില്ലാത്ത
അമ്പിളിക്കിണറിൽ വീഴുന്നു;
അമ്പിളിക്കൊമ്പിലെ
ഊഞ്ഞാൽ പൊട്ടി
പിന്നെയും വീഴുന്നു.
വെള്ളിനിലാപ്പുഴ പോൽ
പുഞ്ചിരിച്ച്,
അവൻ
ആകാശത്തൊഴുകുന്നു!
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.