നിധിന്‍ വി.എന്‍.
25000 രൂപയ്ക്ക് ‘പോരാട്ടം’ എന്ന ചിത്രമെടുത്ത ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണ് അള്ള് രാമേന്ദ്രൻ.
മലയാള സിനിമ വലിയ മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. പുതിയ സംവിധായകർ നമ്മുടെ ജീവിത പരിസരങ്ങളെ സസുക്ഷ്മം നിരീക്ഷിച്ച് അവയെ ഭംഗിയായി ചിത്രീകരിക്കുന്നു. ചെറുതെന്ന് കരുതി അവഗണിക്കുന്ന കാര്യങ്ങൾ, അവ വ്യക്തി ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. ഇതു തന്നെയാണ് ബിലഹരിയുടെ അള്ള് രാമേന്ദ്രേൻ. മഹേഷിന്റെ പ്രതികാരത്തിലെല്ലാം നാം കണ്ട അതേ പാത പിൻപറ്റുന്ന ചിത്രം മികച്ച ദൃശ്യവിരുന്നൊരുക്കുന്നു.
അച്ഛൻ (കൊച്ചുപ്രേമൻ), അനിയത്തി സ്വാതി (അപർണ ബാലമുരളി), ഭാര്യ വിജി (ചാന്ദ്നി ശ്രീധരൻ ) എന്നിവരടങ്ങുന്ന വളരെ ചെറിയ ഫാമിലിയാണ് രാമചന്ദ്രന്റേത് (കുഞ്ചാക്കോ ബോബൻ). പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായ രാമേന്ദ്രന് ആത്മാർത്ഥ സുഹൃത്തുക്കൾ കുറവാണ്. എന്നാൽ സ്ഥിരം ശത്രുക്കളും അയാൾക്കില്ല. എന്നിരുന്നാലും അയാളുടെ പെരുമാറ്റം പലരിലും മുഷിച്ചിലുണ്ടാക്കുന്നു. വിവാഹം കഴിഞ്ഞു വരുന്ന വഴി ടയർ പഞ്ചറായി വഴിയിൽ കിടക്കേണ്ടി വരുന്ന രാമേന്ദ്രനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. പിന്നീടുള്ള രാമേന്ദ്രന്റെ ജീവിതത്തില്‍ പഞ്ചറുകൾ തുടർക്കഥയാകുന്നു. കേരളാ പൊലീസിലെ ഡ്രൈവറായ രാമേന്ദ്രൻ ജോലി സ്ഥലത്തു മാത്രമല്ല, നാട്ടിലും പരിഹാസ്യകഥാപാത്രമാവുന്നു. തുടർന്ന് അള്ള് രാമേന്ദ്രനെന്ന പേരിലേക്ക് അയാളുടെ ഐഡൻറ്റിറ്റി മാറ്റപ്പെടുന്നു. അതയാളിൽ ഉണ്ടാക്കുന്ന സംഘർഷങ്ങളെ ഭംഗിയായി അവതരിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ആരാണ് അള്ളുവെക്കുന്നതെന്നറിയാതെ, നിസ്സഹായനായ രാമേന്ദ്രനെന്ന രോഷവും പകയുമുള്ള കഥാപാത്രമായി കുഞ്ചാക്കോ ബോബൻ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. രാമേന്ദ്രനിൽ രാമേന്ദ്രൻ മാത്രമേയുള്ളൂ.. കുഞ്ചാക്കോ ബോബനില്ല.
പതിവ് പ്രണയ കുടുംബട്രാക്കിൽ നിന്നും മാറി സഞ്ചരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം എന്ന പ്രത്യേകതയുണ്ട് അള്ള് രാമേന്ദ്രന്.
തൊഴിൽ രഹിതനായി നാട്ടിലെത്തിയ ജിത്തുവിന്റെ (കൃഷ്ണ ശങ്കർ) കഥ കൂടി സമാന്തരമായി കൊണ്ടു പോകുന്നുണ്ട് ചിത്രം. രണ്ട് വ്യക്തികളുടെ ജീവിതങ്ങളെ ഭംഗിയായി അവതരിപ്പിക്കുകയും ഒരു ഘട്ടത്തിൽവെച്ച് രണ്ട് കഥകളും ഒന്നായി തീരുകയും ചെയ്യുന്നു. വളരെയധികം സാധ്യതകളുണ്ടായിരുന്ന, പല രീതിയിലും വികസിപ്പിക്കാമായിരുന്ന നല്ലൊരു ത്രെഡ് ആർക്കും ഊഹിക്കാവുന്ന രീതിയിൽ ഒരുക്കി എന്നതു തന്നെയാണ് ചിത്രത്തിന്റെ പ്രധാന പരിമിതി. സജിൻ ചെറുകയിൽ, വിനീത് വാസുദേവൻ, ഗിരീഷ് എന്നിവർ ചേർന്നൊരുക്കിയ തിരക്കഥ കുറച്ചുകൂടി സൂക്ഷ്മത ആവശ്യപ്പെടുന്നുണ്ട്.
കഥയിൽ നായകനും വില്ലനുമില്ല. സാഹചര്യങ്ങൾ മാത്രം. ഓരോ വ്യക്തികൾക്കനുസരിച്ച് വ്യത്യസ്തപ്പെടുന്ന അനുഭവങ്ങളാണ് ചിത്രത്തിലേത്. ഇരയും വേട്ടക്കാരനും മാറിമാറി വരുന്ന ഒരു ടോം ആൻഡ് ജെറി പ്ലേ.
കഥാപാത്രങ്ങളിലേക്ക് കടക്കുമ്പോൾ രാമചന്ദ്രനായി രൂപാന്തരപ്പെട്ടിട്ടുണ്ട് കുഞ്ചാക്കോ ബോബൻ. ഏറെകാലത്തിനു ശേഷം അദ്ദേഹം ചെയ്ത ഏറ്റവും നല്ല വേഷമാണ് രാമേന്ദ്രൻ. സലിം കുമാറിന്റെ പോലീസ് സ്റ്റേഷൻ എന്ന് പ്രയോഗിക്കേണ്ട വിധം വിരസമാണ് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം. സ്ഥിരമായി ഒരേ ടൈപ്പ് പോലീസുകാരനായി അദ്ദേഹം എത്തുമ്പോൾ പ്രേക്ഷകന് മടുപ്പുളവാക്കുന്നു. ക്ലിഷേകളുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇനിയും സമയം തികയ്ക്കാനായി ഇത്തരം സീനുകൾ ഉപയോഗിക്കാതിരിക്കേണ്ടതുണ്ട്. ധർമ്മജൻന്റെ കഥാപാത്രം കട്ടപ്പനയിലെ ഹൃതിക് റോഷനിലെ ദാസപ്പനെ ചിലയിടത്തൊക്കെ ഓർമിപ്പിച്ചു. ഹരീഷ് കണാരന്റെ വേഷം ഈ സിനിമയിൽ എന്തിനായിരുന്നു എന്ന് പിടികിട്ടുന്നില്ല. കൃഷ്ണ ശങ്കർ, അപർണ ബാലമുരളി, ചാന്ദ്നി ശ്രീധരൻ , ശ്രീനാഥ് ഭാസി എന്നിവരും അവരവരുടെ വേഷം മികച്ചതാക്കി. ഒപ്പം, അക്കിലപറമ്പന്റെ മാതൃകയിൽ ഒരുക്കിയ ശ്രീനാഥ് ഭാസിയുടെ കഥാപാത്രം ഏറെ മികച്ചതായി തോന്നി.
സാങ്കേതികമായി നല്ല നിലവാരം പുലർത്തുന്ന സിനിമയാണ് അള്ളു രാമേന്ദ്രൻ. ഷൈജു ഖാലിദിന്റെ സഹോദരനായ ജിംഷി ഖാലിദാണ് ഛായാഗ്രഹണം. റസൂൽ ശ്യാം / വിഘ്നേഷ് രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ചെയ്ത സൗണ്ട് ഡിസൈനും സ്റ്റെഫി സേവ്യറിന്റെ വസ്ത്രാലങ്കാരവും നല്ല നിലവാരം പുലർത്തുന്നുണ്ട്. ജിമിക്കി കമ്മലിന്റെ ഹാങ്ങോവർ വിട്ടുമാറാത്തതുകൊണ്ടാണോ എന്തോ ഷാൻ റഹ്മാൻ സംഗീതം മടുപ്പിച്ചെങ്കിലും പശ്ചാത്തല സംഗീതം വളരെ മികച്ചതായി അനുഭവപ്പെട്ടു. തെറ്റുകൾ അക്കമിട്ട് പറയുമ്പോഴും കഥാപരിസരം നമ്മെ ഭ്രമിപ്പിക്കുന്നുണ്ട്. ലഹരി കൊത്തുന്നുണ്ട്. നല്ല മാറ്റങ്ങളെ പ്രതീക്ഷിക്കുന്നുണ്ട്