കോഴിക്കോട്: കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും അംഗീകാരത്തോടെ യൂണിവേഴ്‌സല്‍ ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ ബാലചിത്രരചനാ മത്സരമായ ‘വര്‍ണ്ണോത്സവം 2019’ സംഘടിപ്പിക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഹാളില്‍ വെച്ച് ജനുവരി 2ന് രാവിലെ 9 മണിയ്ക്ക് മത്സരം ആരംഭിക്കും. പ്രശസ്ത ചിത്രകാരന്‍ കെ. പി ആന്റണി മാസ്റ്റര്‍ 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ഏഷ്യയിലെ ഏറ്റവും വലിയ ഓണ്‍ ദി സ്‌പോട്ട് മത്സരമാണിത്.
മൂന്ന് മുതല്‍ പതിനെട്ടു വയസ്സുവരെയുള്ളവര്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. ഏറ്റവും മികച്ച ചിത്രത്തിന് ആന്റണി മാസ്റ്റര്‍ സ്മാരക സ്വര്‍ണമെഡലും മികച്ച ബാലചിത്രകാരന് മാതൃഭൂമി സ്വര്‍ണമെഡലും മികച്ച ബാലചിത്രകാരിക്ക് മനോരമ സ്വര്‍ണമെഡലും സമ്മാനമായി ലഭിക്കും. കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വിദ്യാലയത്തിന് സുദര്‍ശന്‍ എവര്‍റോളിങ് ട്രോഫിയും ഷീല്‍ഡും ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയത്തിന് മൂലേപ്പാട്ട് ചേറുക്കുട്ടി മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. കൂടാതെ ഓരോ വയസ്സും ഓരോ ഗ്രൂപ്പാക്കി തിരിച്ച് അവയിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഇവയ്ക്ക് പുറമെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും പ്രതിഭകള്‍ക്ക് നല്‍കും. മത്സരത്തിന് പ്രവേശന ഫീസില്ല. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണ്ട ആവശ്യവുമില്ല.