ഒരു ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായിരുന്നു സർ ആൽഫ്രെഡ് ജോസഫ് ഹിച്ച്‌കോക്ക്. ചലച്ചിത്രത്തിലെ സസ്പെൻസ്, ത്രില്ലർ ജനുസ്സുകളിൽ ഇദ്ദേഹം പല പുതിയ രീതികളും ആവിഷ്കരിച്ചു.
ജന്മരാജ്യമായ യുണൈറ്റഡ് കിങ്ഡത്തിലെ ചലച്ചിത്ര മേഖലയിൽ -നിശ്ശബ്ദ ചിത്രങ്ങളിലും ശബ്ദ ചിത്രങ്ങളിലും- മികച്ച രീതയിൽ പ്രവർത്തിച്ചശേഷം ഇദ്ദേഹം 1956ൽ ഹോളിവുഡിലേക്ക് മാറി. ബ്രിട്ടീഷ് പൗരത്വം നിലനിർത്തിക്കൊണ്ട് ഇദ്ദേഹം ഒരു അമേരിക്കൻ പൗരനായി.
നിശ്ശബ്ദ ചിത്രങ്ങളിൽ തുടങ്ങി ശബ്ദ ചിത്രങ്ങളുടെ കണ്ടുപിടിത്തത്തിലൂടെ കടന്നുപോയി കളർ ചിത്രങ്ങൾ വരെയെത്തി നിൽക്കുന്ന 60 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇദ്ദേഹം അൻപതിലധികം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.
കാൻസ്, വെനീസ് തുടങ്ങിയ പ്രമുഖ ചലച്ചിത്രമേളകളിലും അക്കാദമി പുരസ്കാരങ്ങൾക്കും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ലോകസിനിമയിൽ അദ്ദേഹത്തിനു സമശീർഷരായ മറ്റു സംവിധായകരെ അപേക്ഷിച്ച് വളരെക്കുറച്ചു മാത്രം പുരസ്കാരങ്ങളേ ഹിച്ച്കോക്കിനു ലഭിച്ചിട്ടുള്ളൂ. എങ്കിലും ഹിച്ച്കോക്കിന്റെ സിനിമകൾ വാണിജ്യവിജയങ്ങളായിരുന്നു. അഭിനേതാക്കളുടെ പേരിൽ സിനിമ വിപണനം ചെയ്തിരുന്ന ഹോളിവുഡ് സമ്പ്രദായത്തിൽ, വലിയൊരു മാറ്റമുണ്ടാക്കിയത് ഹിച്ച്കോക്കിന്റെ സിനിമകളായിരുന്നു. 1950-കളോടെ സംവിധായകനായ ഹിച്ച്കോക്കിന്റെ പേരിൽ അദ്ദേഹത്തിന്റെ സിനിമകൾ വിപണനം ചെയ്യപ്പെടുകയും, സിനിമയുടെ പരസ്യത്തിനായുള്ള പോസ്റ്ററിൽ അദ്ദേഹത്തിന്റെ മുഖം പ്രത്യക്ഷപ്പെടുകയും ചെയ്തു.
എക്കാലത്തേയും ഏറ്റവും പ്രശസ്തരായ ചലച്ചിത്ര സംവിധായകരിലൊരാളായി ഇദ്ദേഹം ഇന്നും തുടരുന്നു.
കഥാഗതി നിയന്ത്രിക്കുന്നതിലുള്ള വൈഭവവും ഉദ്വേഗഭരിതമായ നിമിഷങ്ങൾ സമ്മാനിക്കുന്നതിലുള്ള അനിതരസാധാരണമായ പാടവവും അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. ഭീതിയിലും ഭ്രമാത്മക കല്പനയിലും ഊന്നിയവയാണ് ഈ ചിത്രങ്ങൾ. അസാധാരണവും അപരിചിതവുമായ സാഹചര്യങ്ങളിലികപ്പെട്ടു പോകുന്ന സാധാരണ മനുഷ്യരുടെ കഥകൾ പലപ്പോഴും ഹിച്ച്‌കോക്ക് വിഷയമാക്കിയിട്ടുണ്ട്.
1922ൽ യുണൈറ്റഡ് കിങ്ഡത്തിൽ വെച്ച് ഹിച്ച്‌കോക്ക് സംവിധാന മേഖലയിലേക്ക് തിരിഞ്ഞു. 1939 മുതൽ അദ്ദേഹം അമേരിക്കൻ ഐക്യനാടുകളിലാണ് പ്രവർത്തിച്ചത്.
പലപ്പോഴായി നാമനിർദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും, റെബേക്ക എന്ന ഒറ്റ ചിത്രത്തിനു മാത്രമാണ് മികച്ച ചലച്ചിത്രത്തിനുളള അക്കാദമി പുരസ്കാരം നേടാനായത്. 1967ൽ ഇർവിങ്ങ് ജി. താൽബെർഗ് സ്മാരക പുരസ്കാരം ഹിച്ച്‌കോക്കിനു നൽകപ്പെട്ടു.
ഓഗസ്റ്റ് 13,1899ന്, ലെയ്റ്റൺസ്റ്റോൺ,ലണ്ടനിൽ വെച്ച് വില്യം ഹിച്ച്‌കോക്കിന്റെയും എമ്മാ ജെയ്ൻ ഹിച്ച്‌കോക്കിന്റെയും രണ്ടാമത്തെ മകനായി, മൂന്നു മക്കളിൽ ഇളയവനായി ഹിച്ച്‌കോക്ക് ജനിച്ചു. ഐറിഷ് പാരമ്പര്യമുള്ള റോമൻ കത്തോലിക്കാ കുടുംബമായിരുന്നു അത്.
ചെറുപ്പകാലത്ത്, പെരുമാറ്റദൂഷ്യം മൂലം പത്തു മിനിറ്റ് നേരത്തേക്ക് ജയിലിൽ പിടിച്ചിടുക എന്ന കുറിപ്പുമായി ഹിച്ച്‌കോക്കിനെ പിതാവ് പോലീസ് സ്റ്റേഷനിലേക്കയക്കുകയുണ്ടായിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നതും, മോശമായ പെരുമാറ്റം നേരിടേണ്ടി വരുന്നതുമായ സംഭവങ്ങൾ പില്ക്കാലത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ട്.
പലപ്പോഴും, പ്രത്യേകിച്ച് വികൃതി കാണിക്കുമ്പോൾ, അമ്മ ഹിച്ച്‌കോക്കിനെ മണിക്കൂറുകളോളം തന്റെ കട്ടിൽച്ചുവട്ടിൽ നിർത്തുമായിരുന്നു. ഈ അനുഭവങ്ങൾ സൈക്കോ എന്ന ചിത്രത്തിലെ നോർമൻ ബേറ്റ്സ് എന്ന കഥാപാത്രത്തിന്റെ രൂപവത്കരണത്തെ സ്വാധീനിച്ചു.
പതിനാലാം വയസ്സിൽ ഹിച്ച്‌കോക്കിന്റെ പിതാവ് അന്തരിച്ചു. ആ വർഷം തന്നെ അദ്ദേഹം സ്റ്റാംഫഡ് ഹില്ലിലെ സെന്റ് ഇഗ്നേഷ്യസ് കോളേജ് വിട്ട് പോപ്ലറിലെ ലണ്ടൻ കൗണ്ടി കൗൺസിൽ സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് ആൻഡ് നാവിഗേഷനിൽ ചേർന്നു.
കടപ്പാട് : വിക്കിപീഡിയ