വായനക്കാര്‍ക്ക് പ്രിയപ്പെട്ട പുസ്തകങ്ങള്‍ ചേര്‍ത്തുവെച്ച ബുക്ക് ഷെല്‍ഫുകളുടെ ഗ്രാഫിറ്റികള്‍ തീര്‍ത്ത് ഡി സി ബുക്സിന്റെ വേറിട്ട പുസ്തകദിനാഘോഷം. മലയാളത്തിലെ അനശ്വരങ്ങളായ കൃതികള്‍ ബുക്ക് ഷെല്‍ഫുകളുടെ മാതൃകയില്‍ ഡി സി ബുക്‌സ് ശാഖകളില്‍ ഗ്രാഫിറ്റിയായി ചിത്രീകരിച്ചാണ് പുസ്തകദിനത്തില്‍ മലയാളഭാഷയ്ക്കും സാഹിത്യത്തിനും വ്യത്യസ്തമായ രീതിയില്‍ ആദരമര്‍പ്പിച്ചത്.
സ്‌കൂള്‍, കോളേജ് ലൈബ്രറികളിലും സ്വകാര്യശേഖരത്തിലും നിറഞ്ഞുനിന്നിരുന്ന ഇഷ്ടകൃതികള്‍ വരകളിലൂടെയും വര്‍ണ്ണങ്ങളിലൂടെയും പുനരാവിഷ്‌ക്കരിക്കുകയായിരുന്നു ഈ ഗ്രാഫിറ്റിയിലൂടെ. ഡി സി ബുക്‌സിന്റെ തിരുവനന്തപുരം(ബിബ്ലിയോ സ്റ്റാച്യു), കോട്ടയം( എം.ഡി കൊമേഴ്‌സ്യല്‍ സെന്റര്‍) എന്നീ പുസ്തകശാല ചിത്രകാരന്മാരായ ബിബിന്‍, എന്‍. അജയന്‍ എന്നിവര്‍ ചേര്‍ന്ന് ഗ്രാഫിറ്റി ചിത്രങ്ങള്‍ ഒരുക്കിയത്. ഇപ്പോഴും സ്മൃതിപഥങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന, മലയാളഭാഷയും സാഹിത്യവും സംസ്‌കാരവും നിറയുന്ന വായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട കൃതികള്‍ക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു ഈ ഉദ്യമത്തിലൂടെ.
ആര്‍ട്ടിസ്റ്റ് എന്‍. അജയനാണ് കോട്ടയം എം.ഡി കൊമേഴ്‌സ്യല്‍ സെന്ററില്‍ ഗ്രാഫിറ്റി സൃഷ്ടിച്ചത്. ഇന്ത്യന്‍ പുസ്തക പ്രസാധന രംഗത്ത് പ്രശസ്തമായ അയ്യായിരത്തിലധികം കവര്‍ ഡിസൈനുകള്‍ ചെയ്യുകയും നിരവധി തവണ ദേശീയ അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുള്ള എന്‍. അജയന്‍ കൊല്ലം വള്ളിക്കാവ് സ്വദേശിയാണ്. നിരവധി ജനകീയ കലാപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം ചിത്രകല സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ മുമ്പും യത്‌നിച്ചിട്ടുണ്ട്. നാഗമ്പടം റയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ കൂറ്റന്‍ ഭിത്തികളില്‍ ലോകത്തിലെ ഏറ്റവും വലിയ ചുവര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്ത് യുനസ്‌കോ പൈതൃകപട്ടികയില്‍ ഇടം നേടാനുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരനും സംഘവും.
തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ബിബ്ലിയോയില്‍ ആര്‍ട്ടിസ്റ്റ് ബിപിനാണ് ബുക്ക് ഷെല്‍ഫ് മാതൃക തയ്യാറാക്കിയത്. ഇടുക്കി സ്വദേശിയായ ബിബിന്‍ നിരവധി ഗ്രാഫിറ്റി വരകളില്‍ പങ്കാളിയായിട്ടുണ്ട്