ആദ്യകാല പിന്നണി ഗായകൻ എ. കെ. സുകുമാരൻ അന്തരിച്ചു

0
467

വടകര: ആദ്യകാല സിനിമാപിന്നണി ഗായകൻ പതിയാരക്കരയിലെ ‘രാഗസുധയിൽ എ.കെ.സുകുമാരൻ (80) അന്തരിച്ചു. നാല് സിനിമകളിലായി ആറു പാട്ടുകൾ പാടി. 1965-ൽ പുറത്തിറങ്ങിയ  ‘കടത്തുകാരൻ’ എന്ന ചിത്രത്തിനു വേണ്ടി എസ്.ജാനകിക്കൊപ്പം പാടിയ ‘മണിമുകിലേ, മണിമുകിലേ’ ഗാനമാണ് ഇദ്ദേഹം പാടിയ പാട്ടുകളിൽ പ്രധാനപ്പെട്ടത്. 22 ലളിതഗാനങ്ങൾ എച്ച്.എം.വിയിൽ റെക്കോഡ് ചെയ്ത് പുറത്തിറക്കി. ഒട്ടേറെ പ്രൊഫഷണൽ – അമച്വർ നാടകങ്ങളിലും പാടിയിട്ടുണ്ട്. ഗാനമേളകളിലെയും നിറസാന്നിധ്യമായിരുന്നു. തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിൽ രണ്ട് പാട്ടുകള്‍ പാടിയിരുന്നു.

1938-ൽ കണ്ണൂർ തളാപ്പിലാണ് ജനനം. 1954-ൽ കോഴിക്കോട് ആകാശവാണി ആർട്ടിസ്റ്റായി. 1956-ൽ ആദ്യ എച്ച്.എം.വി കാസറ്റ് പുറത്തിറക്കി.  കേരളത്തിനകത്തും പുറത്തുമായി ആയിരത്തിലധികം വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്.  ബാബുരാജാണ് ഇദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നത്. കടത്തുകാരനു പുറമെ ജന്മഭൂമി, കുഞ്ഞാലിമരക്കാർ, തളിരുകൾ എന്നീ ചിത്രങ്ങളിലും പാടിയിട്ടുണ്ട്.

1999-ൽ സംഗീതനാടക അക്കാദമി, 2001-ൽ യു.എ.ഇ ഫുജ്‌റ ആർട് ലവേഴ്‌സ് അസോസിയേഷൻ, 2003-ൽ പാലക്കാട് സ്വരലയ, വടകര മ്യുസീഷ്യൻ വെൽഫെയർ അസോസിയേഷൻ തുടങ്ങിയവയുടെ പുരസ്‌കാരം നേടി. 2000-ത്തിൽ കോഴിക്കോട് മാക്ട സംഘടിപ്പിച്ച ബാബുരാജ് സംഗീതസംഗമത്തിൽ ആദരിച്ചിട്ടുണ്ട്.

ഭാര്യ: സുധ ബേബി

LEAVE A REPLY

Please enter your comment!
Please enter your name here