വി ആർ സുധീഷ് മാഷും ഞാനും എന്നിലെ മലയാളം മാഷും !

0
486

സതീഷ് ചേരാപുരം

ലോകത്തിന്റെ പല ഭാഗങ്ങളിലും ശിഷ്യഗണങ്ങളുള്ള മികച്ച ഒരു അദ്ധ്യാപകനെ പറ്റി, വലിയൊരു ആസ്വാദകവൃന്ദമുള്ള, ആർദ്രപ്രണയത്തിന്റെ നിത്യനൊമ്പരങ്ങൾ കോറിയിടുന്ന കഥാകാരനെ പറ്റി, അതിലുപരി അന്വേഷണ കുതുകിയായ എഴുത്തുകാരനെ പറ്റി – ശ്രീ വി ആർ സുധീഷിനെ പറ്റി ഒരിക്കലെങ്കിലും എന്തെങ്കിലും എഴുതേണ്ടി വരും എന്ന് ഞാൻ  വിചാരിച്ചിരുന്നില്ല ! കാരണം ജീവിതയാത്രയിൽ ആരുമറിയാനിടയില്ലാത്ത ഇത്തിരി ഇടങ്ങളിൽ ഒതുങ്ങി കഴിയുന്ന ഒരാളായാണ് കാലമെന്നെ മാറ്റി തീർത്തത് ! മാഷാകട്ടെ  വാക്കുകൾ കൊണ്ട് കഥയുടെ വലിയ വിസ്മയലോകങ്ങൾ അന്നുമിന്നും ഒരു പോലെ രചിക്കുകയാണ് !  എന്തായാലും ഇപ്പോൾ, ഞങ്ങളുടെ ബിരുദകാല കൂട്ടായ്മ വീണ്ടും സംഗമിച്ചപ്പോൾ എന്റെ ജീവിതത്തിൽ സുധീഷ് മാഷിനുള്ള സ്ഥാനത്തെ പറ്റി ചില വീണ്ടുവിചാരങ്ങൾ അനിവാര്യമായി വന്നു !

അപ്പോഴാണ് ആ വലിയ സത്യം എനിക്ക് ബോധ്യപ്പെടുന്നത് , ഞങ്ങളുടെ സഞ്ചാരപഥങ്ങൾ ഭിന്നമാണെങ്കിലും അടിസ്ഥാനപരമായി ഞാനെന്ന മനുഷ്യന്റെ രീതിശാസ്ത്രത്തെ രൂപപ്പെടുത്തുന്നതിൽ മാഷ് വഹിച്ച പങ്ക്  എത്രയോ ഉന്നതമാണ് എന്ന് !…



ജീവിതം അരനൂറ്റാണ്ട് പിന്നിടുമ്പോൾ, അദ്ധ്യാപനമെന്ന തൊഴിലിലൂടെ കാൽ നൂറ്റാണ്ടിലധികമായി ഞാൻ കടന്നു പോവുമ്പോൾ  ഏതോ ഇന്നലകളിൽ തുടങ്ങിയ ഈ ജന്മ പ്രയാണത്തിൽ പല രൂപഭാവങ്ങളിൽ ലോകമെന്ന ഈ അരങ്ങിൽ എനിക്കും എന്തൊക്കെയോ വേഷങ്ങൾ കെട്ടിയാടേണ്ടി വന്നിട്ടിട്ടുണ്ട് ! ഒടുവിൽ ഇന്നുകളിൽ ഒറ്റച്ചോദ്യം മാത്രമേ എന്നിൽ അവശേഷിക്കുന്നുള്ളൂ ! ഇത്രയും കാലം കൊണ്ട് എന്നിൽ ഞാനുന്നയിക്കുന്ന എന്നെ സംബന്ധിക്കുന്ന എല്ലാറ്റിനും എന്റേത് മാത്രമായ നിഗമനങ്ങൾ എനിക്കുണ്ടോ ? അഥവാ അങ്ങിനെ ഇല്ലെങ്കിൽ ഞാനൊരു പരാജയമല്ലേ ? ഏതായാലും ഇങ്ങനെയൊരു കാര്യത്തിന്റെ പൊതുവായ ഉത്തരം എന്റെ മാത്രം ആന്തരിക രഹസ്യമായതിനാൽ  ആരെയെങ്കിലും, എന്തെങ്കിലും ബോധ്യപ്പെടുത്താൻ ഈ കുറിപ്പിൽ ഞാൻ ശ്രമിക്കുന്നില്ല ! പക്ഷേ പിന്നിലsർന്നു പോയ വർഷങ്ങളിലൂടെയുള്ള ഏകാന്തമായ അലച്ചിലിൽ എന്റെ ഉള്ളുകള്ളികളിലേക്ക് നോക്കൽ, സത്യസന്ധമായ ഒരു സ്വയംപരിശോധന, മിക്കപ്പോഴും എനിക്ക് ഏറ്റവും പ്രധാനമായതിനാൽ അതിലേക്ക്  എത്തുന്നതിന് എന്നിൽ ആദ്യമായി തെളിച്ചവും വെളിച്ചവുമായി നിന്ന് വഴികാട്ടിയത്  ആരൊക്കെയായിരുന്നു എന്ന് എനിക്ക് അന്വേഷിക്കേണ്ടി വന്നു ! അപ്പോൾ ഓർമ്മയിൽ പല പേരുകളും ആളുകളും ഉയർന്നുവന്നെങ്കിലും സുധീഷ് മാഷ് മാത്രം മായാത്ത, ഒളി മങ്ങാത്ത സത്തയുമായി എന്റെ  പിൻപാതകളിൽ ഏറ്റവും തലയെടുപ്പോടെ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു !…



വി ആർ സുധീഷ് എന്ന വ്യക്തിയെ പറ്റി അന്നും ഇന്നും എനിക്ക് കൂടുതലറിയില്ല ! ആരെയെങ്കിലും പറ്റി കൂടുതൽ അറിയാൻ ശ്രമിക്കുക എന്റെ സ്വഭാവവുമല്ല ! കാരണം ഏത് ബന്ധത്തിലും എന്റെ നോട്ടം മുഴുവനും അപരനെ കൊണ്ട് , ഒരു മനുഷ്യനെന്ന നിലയിലുള്ള എന്റെ ബോധത്തിന്, നിഷ്പക്ഷമായ നിരീക്ഷണ പാടവത്തിന് എന്തെങ്കിലും വളർച്ച സംഭവിച്ചുവോ എന്നുള്ളതറിയലാണ് ! അന്ന് ഡിഗ്രിക്ക് മലയാളം പ്രധാന വിഷയമായെടുത്തത്  ജോലി നേടാനുള്ള തിടുക്കം കൊണ്ടായിരുന്നു , സാമ്പത്തിക വരുമാനം ജീവിതസ്വാതന്ത്ര്യത്തിന് അത്യാവശ്യമാണെന്ന അടിയൊഴുക്കുള്ള തിരിച്ചറിവു കൊണ്ടായിരുന്നു ! ഒരു പാട് മാർക്ക്, ബിരുദങ്ങൾ, ഡോക്ട്ടറേറ്റ്  തുടങ്ങി കുറച്ച് കട്ടിയുള്ള കടലാസ് കഷണങ്ങളുടെ അലങ്കാരങ്ങൾ തരുന്ന വെറും പ്രലോഭനങ്ങളിൽ വീണുപോവാതെ ഞാനെന്നെ, എന്നിൽ തന്നെ എപ്പോഴും കാത്തു സൂക്ഷിച്ചു ! അത് കൊണ്ട് , ജീവിച്ചു പോവാൻ, ഒരു ജോലിക്ക് അനിവാര്യമായ ചിലത്, അത്തരമൊരു സാമൂഹ്യ സംവ്വിധാനം നിലവിലുള്ളത് കൊണ്ട് മാത്രം നേടാൻ ശ്രമിക്കുമ്പോഴായിരുന്നു എന്റെ ധാരണകളെയാകെ തകർത്ത് കൊണ്ട്  രണ്ട് വലിയ പോക്കറ്റുള്ള  കോട്ടൻ കുപ്പായവും സ്വൽപ്പം ചുരുണ്ട മുടിയും അത്ര നിബിഡമല്ലാത്ത താടിയും കഥകൾ പരതിയുള്ള പ്രത്യേകമായ ഒഴുക്കൻ മട്ടിലുള്ള നടപ്പുമായി ഞങ്ങൾക്ക് മുമ്പിൽ വി ആർ സുധീഷ് എന്ന പേരിൽ പ്രശസ്തനായ , യുവ കഥാകാരനായ , അന്തർമുഖനായ  അദ്ധ്യാപകൻ കടന്നു വരുന്നത് ! തല അൽപ്പം ചെരിച്ചുപിടിച്ചു കൊണ്ട്  കൈവിരലുകൾ കൊണ്ട് മുടിയിഴകൾ മാടിയൊതുക്കി  ആദ്യ വർഷം തന്നെ കുമാരനാശാന്റെ നളിനി കാവ്യത്തിൽ അദ്ദേഹം നീരാട്ടിനിറങ്ങി !  ‘ആഗതർക്ക് വിഹഗസ്വരങ്ങളാൽ സ്വാഗതം പറയുമാ സരോജിനി’ അതിൽ പിന്നെ എത്രയോ വട്ടം കലങ്ങി മറിഞ്ഞു ! അത് തെളിയുന്നതും കാത്ത് ആ തീരത്ത് എത്ര തവണയാണ് ഞാൻ നോക്കിയിരുന്നത്  ? പിന്നീട് അത്  ‘മഞ്ഞി’ലെ വിമല ടീച്ചറുടെ അനന്തമായ കാത്തിരിപ്പുകളായി ! എന്റെ അക്കാലശീലങ്ങളായി ! അങ്ങനെ എത്രയെത്ര ക്ലാസ്സുകളിലാണ് കഥയെഴുത്തിലെന്ന പോലെ ഏതോ ശക്തിയിൽ ചാർജ്ജ് ചെയ്യപ്പെട്ട് , നിരന്തരാവേശത്തോടെ , വശ്യമനോഹരമായ വാക്കുകളിലൂടെ, ആശയങ്ങളിലൂടെ ഇത് വരെ കാണാത്ത മനുഷ്യമനസ്സിന്റെ അദ്ഭുത കാഴ്ച്ചകൾ അദ്ദേഹം എനിക്ക് മുമ്പിൽ , ഞങ്ങൾക്ക് മുമ്പിൽ തുറന്ന് വച്ചത് ?…



ഭാഷയെ, സാഹിത്യത്തെ, ജീവിതത്തെ, അതിന്റെ മാസ്മരികമായ സൗന്ദര്യ തലത്തെ ഞാനിഷ്ട്ടപ്പെട്ടു തുടങ്ങിയത് അങ്ങനെയാണ് ! അപ്പോൾ മുതലാണ് വായനയുടെ സൗരഭ്യം ജീവിതത്തിന് ഇത്രമാത്രം പ്രചോദനാത്മകമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് ! അന്നൊരിക്കൽ കുഞ്ഞുണ്ണി മാഷിന്റെ ചെറിയ , വലിയ കവിതയെ പറ്റി ഒരു നിരൂപണക്കുറിപ്പ് തയ്യാറാക്കാൻ സുധീഷ് മാസ്റ്റർ ഞങ്ങളോട് ആവശ്യപ്പെട്ടു ! ഞാനും സഹപാഠിയായ സന്തോഷ് വള്ളിക്കാടും മാത്രമേ അന്നത് തയ്യാറാക്കി വന്നുള്ളൂ ! ജീവിതത്തിലാദ്യമായി ഒരു കുഞ്ഞു കവിതയും ഞാനും മുഖാമുഖം നോക്കി നിന്ന് കിന്നാരം പറഞ്ഞ് തുടങ്ങിയത് അന്നാണ് , അന്ന് തൊട്ടാണ്, ഞാനവളുടെ, കവിതയാം കാമിനിയുടെ പ്രണയത്തിൽ അന്ധമായി പിച്ച വച്ചത് ! ഇന്നും ഇപ്പോഴും ആ സംഭവം എനിക്ക് ഇമ്പമാർന്ന കടിഞ്ഞൂൽ പ്രണയത്തിന്റെ മറക്കാനാവാത്ത മധുരസ്മരണയാണ് ! പിന്നീട്, ഇന്ന് നിസ്സാരമെന്ന് തോന്നുന്നുണ്ടെങ്കിലും കവിതാ രചനയിൽ അക്കാലത്ത് എനിക്ക് കിട്ടിയ ചില ഒന്നാം സ്ഥാനങ്ങൾ നൽകിയ ആത്മവിശ്വാസം എന്നിലെ എന്റെ വളർച്ചയ്ക്ക് ധാരാളമായി സഹായിച്ചിട്ടുണ്ട് ! തൊട്ടു മുൻ വർഷം പ്രീ-ഡിഗ്രിക്ക്, കോളേജ് മാഗസിനിലേക്ക് ഒരു കവിതയെഴുതി നൽകാൻ എത്രയോ തവണ ശ്രമിച്ച് തീർത്തും പരാജയപ്പെട്ട എന്നെ കൂടി എന്നോട് ചേർത്തു നിർത്തുമ്പോഴാണ് വെറുതെയാണെങ്കിലും വലിയൊരു കവിയായി തീരും എന്നൊക്കെ വിചാരിക്കാനുള്ള ഒട്ടുവലിപ്പം അന്നൊക്കെ എനിക്കുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിലുള്ള രാസവിദ്യ സുധീഷ് മാഷുടെ ക്ലാസ്സുകൾ തന്ന നിരന്തരാനുഭവം തന്നെയായിരുന്നു എന്ന് പറയേണ്ടി വരുന്നത് !…



ശിഷ്യന് എല്ലാ സ്വാതന്ത്ര്യവും നൽകുന്നയാളാണ് ഗുരു ! അത് കൊണ്ട് തന്നെയാവാം തന്റെ ക്ലാസ്സുകളിലൊന്നിലും യാതൊരു നിബന്ധനകളും സുധീഷ് മാഷ് മുന്നോട്ട് വച്ചില്ല ! “ആർക്കും ആരെയും ഒന്നും പഠിപ്പിക്കാനാവില്ല , അനുസരണക്കേടാണ് ഏറ്റവും വലിയ ശരി, നീതി നശിക്കുന്നിടത്താണ് മനുഷ്യൻ ദൈവത്തെ തേടി പോവുക ” എന്നൊക്കെയായിരുന്നു മാഷിന്റെ കണ്ടെത്തലുകൾ ! തന്റെ കൈയ്യിലുള്ള പാഠപുസ്തകത്തെ ഒരു ആസ്വാദകന്റെ നിർമ്മല ഹൃദയം കൊണ്ട് കവിതയാക്കി മാറ്റുക , സ്വയമലിഞ്ഞ് ആ ലാവണ്യബോധത്തെ , അതിലെ കൽപ്പനകളെ , പാരുഷ്യങ്ങളെ , തുടങ്ങി പലതിനേയും പകർന്നു വയ്ക്കുക , അത്ര മാത്രമേ അദ്ദേഹം ചെയ്തുള്ളൂ ! അന്നത്തെ എന്നിലെ വിദ്യാർത്ഥിക്ക് ആ ക്ലാസ്സുകളെ വേണ്ട രീതിയിൽ , മതി വരെ ഉൾക്കൊള്ളാനായില്ലല്ലോ എന്ന് അതൊക്കെ ഓർക്കുമ്പോൾ ഇന്നും ഞാൻ പരിതപിക്കാറുണ്ട് !

വി ആർ സുധീഷ്
ഫോട്ടോ. ഹക്സർ ആർ കെ

ശിഷ്ട്ട ജീവിതത്തിൽ എപ്പോഴെങ്കിലും (ഒരു തവണ കൂടി !) അത്തരമൊരു ക്ലാസ്സിലിരിക്കണമെന്ന് ആത്മാർത്ഥമായി ആശിക്കാറുമുണ്ട് ! എങ്കിലും ഞാൻ സ്വയമങ്ങനെ വളർന്ന് ആ ക്ലാസ്സുകളെ എന്റേതായ രീതിയിൽ സ്വന്തം അദ്ധ്യാപനകാലഘട്ടത്തിലുടനീളം ഉപയോഗിച്ച് പോരുന്നു ! മാത്രമല്ല സുധീഷ് മാഷ് നോട്ട് പറഞ്ഞു കൊടുക്കുന്ന ‘സ്റ്റൈൽ’ അന്നും ഇന്നും ആസ്വദിച്ച് പിൻതുടരുന്ന എന്റെ ഇഷ്ട്ട മാതൃകയായി തീരുകയും ചെയ്തു ! ശൂന്യതയിൽ നിന്നും തത്സമയം ആശയങ്ങളെ എടുത്ത് അവതരിപ്പിക്കാൻ മാഷ് കാണിക്കുന്ന മിടുക്ക് എനിക്ക് നൽകിയ കരുത്തിന്റെ പാഠങ്ങളെ ഞാൻ എന്റെ പരിമിതിക്കുള്ളിൽ വളർത്തി വലുതാക്കി എന്റെ മുന്നിലിരിക്കുന്ന കുട്ടികളിലേക്ക് പകരുമ്പോഴൊക്കെ എപ്പോഴും സുധീഷ് മാഷെ മനസ്സാലെ നമിക്കാറുണ്ട് ! അദ്ധ്യാപക ജീവിതത്തിൽ ഒരിക്കൽ പോലും മുൻകൂട്ടി തയ്യാറാക്കുന്ന നോട്ടുകൾ ഞാൻ നൽകിയിട്ടില്ല എന്നുള്ളത് ആ സ്വാധീനത്തിന്റെ അനന്തരഫലമായിരുന്നു ! പലപ്പോഴും അത്തരം നോട്ടുകൾ മികച്ചതായി തീരുകയും ക്ലാസ്സിന് പുറത്തുള്ള കുട്ടികളും സഹാദ്ധ്യാപകരും  അവ പ്രയോജനപ്പെടുത്തുകയും ചെയ്യാറുണ്ട് എന്നത് എന്നിലെ മാഷിന് എത്ര സംതൃപ്തിദായകമാണ് !…



ഈങ്ങാപ്പുഴ എം.ജി. എം സ്ക്കൂളിൽ ജോലി ചെയ്യുമ്പോൾ സ്ക്കൂളിലെ മൂവ്വായിരത്തോളം കുട്ടികൾക്കും അദ്ധ്യാപകർക്കും വേണ്ടി ഉന്നത പോലീസുദ്യോഗസ്ഥരടങ്ങുന്ന ഒരു വേദിയിൽ നിന്ന് പെട്ടെന്ന് ഒരു ട്രാഫിക്ക് ബോധവൽക്കരണ പ്രതിജ്ഞ ഓൺ ടൈമിൽ അപ്രതീക്ഷിതമായി നിർമ്മിച്ചവതരിപ്പിക്കേണ്ടി വന്നു ! ഞാൻ പഠിച്ചു പറയുകയാണെന്നാണ് എല്ലാവരും കരുതിയത് ! പക്ഷേ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷ് മാസ്റ്റർക്ക് മാത്രമേ സത്യമറിയൂ ! എന്ത് ധൈര്യത്തിലാണ് അന്ന് ഞാനതിന് തുനിഞ്ഞത് എന്ന ചോദ്യത്തിന്റെ ഉത്തരം ‘വി ആർ സുധീഷ് ‘ എന്ന എന്റെ അദ്ധ്യാപകൻ എപ്പഴോ തന്ന അളവറ്റ ആത്മവിശ്വാസം എന്നല്ലാതെ എന്താണ് പറയേണ്ടത് ! പക്ഷേ വ്യാകരണകാര്യം വരുമ്പോൾ എന്നിലെ അദ്ധ്യാപകന് ഞാൻ പലപ്പോഴും പ്രശ്നമാവാറുണ്ട് ! എഴുതുമ്പോഴുള്ള അക്ഷരതെറ്റുകളുടെ ശങ്കകളിൽ നിന്ന് പോലും ഇന്നും  തീർത്തും മുക്തനാകാൻ എനിക്ക് കഴിഞ്ഞിട്ടില്ല !  എന്തുകൊണ്ടിങ്ങനെ എന്ന് ചോദിച്ചാൽ  വ്യാകരണത്തിന്റെ , ഭാഷയുടെ ഗണിത നിശ്ചയങ്ങളിൽ ഒതുങ്ങുന്നതല്ല ജീവിതവും അതിന്റെ ഉത്പന്നമായ സാഹിത്യവും അതിലെ ആർഭാടങ്ങളും എന്നേ എനിക്ക് മറുപടിയുള്ളൂ ! അത് കൊണ്ടാവാം വ്യാകരണത്തിന്റെ ഒരു പരിമിതപ്പെടൽ എനിക്ക് ഉൾക്കൊള്ളാനായില്ല ! അല്ലെങ്കിൽ ആ ചിട്ടവട്ടങ്ങളിൽ ലളിതമാക്കാനുള്ളതല്ലല്ലോ അറിയാതെ ലഭിച്ച ഈ ആയുസ്സിന്റെ ചുവരെഴുത്തുകൾ ! ഇത്രയും പറഞ്ഞത് ക്ലാസ്സ് മുറിയുടെ , ഭാഷയുടെ , കവിതയുടെ , സാഹിത്യത്തിന്റെ നിയമ പരിധികൾക്കപ്പുറം സുധീഷ് മാഷ് സഞ്ചരിച്ചപ്പോൾ എന്റെ ലോകം ഞാനറിയാതെ എത്രയോ വലുതായിട്ടുണ്ട് എന്ന സത്യം പറയാനാണ് ! ഇന്നത്തെ എത്ര കുട്ടികൾക്ക് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടുണ്ട് ? അല്ലെങ്കിൽ , പുസ്തകങ്ങളോട്, ഭാഷയോട്, അദ്ധ്യാപകരോട് അൽപ്പവും അടുപ്പം കാണിക്കാത്തവരല്ലേ പുതു തലമുറയിലെ പല കുട്ടികളും ! അതിന് പ്രധാന കാരണം സംരക്ഷണത്തിന്റെ പേരിലുള്ള വല്ലാത്ത നിയന്ത്രണങ്ങൾ അവർക്ക് ചുറ്റും ഉള്ളതാണ് എന്ന് തോന്നുന്നു ! പഠനത്തിന്റെ, ജീവിതത്തിന്റെ സ്വന്തം ഉത്തരവാദിത്തം ആവുന്നത്ര അവർക്ക് ഏൽപ്പിച്ചു കൊടുത്താൽ മാത്രമേ സ്വയം പ്രവർത്തനശേഷി വികസിക്കുകയുള്ളൂ ! അപ്പോൾ മാത്രമേ അവർക്ക്  മുമ്പിൽ ഏതൊരു നല്ല അദ്ധ്യാപകനും മികച്ച വഴികാട്ടിയാവാനാവൂ !…



എനിക്ക് ആന്തരികമായി എന്തെങ്കിലും സൗരഭ്യമുണ്ടെങ്കിൽ അത് മുഴുവൻ തന്നത് എന്റെ ഭൗതിക ജീവിതത്തിന്റെ സമ്പന്നതയാണ് , എന്റെ ജോലിയാണ്, അതിന്റെ വരുമാനമാണ് ! ആ തൊഴിൽ ഏറ്റവും ആനന്ദകരമായി എനിക്ക് ചെയ്യാനാവുന്നത് അതിനോടുള്ള ഇഷ്ട്ടം കൊണ്ടാണ്, സമർപ്പണഭാവം കൊണ്ടാണ്  ! എന്റെ അഭിപ്രായത്തിൽ കുട്ടികളെ പഠിപ്പിക്കുന്നവനല്ല അദ്ധ്യാപകൻ മറിച്ച് കുട്ടികൾക്കിടയിൽ നിന്ന് സ്വയം പഠിക്കുന്നവനാണ് , തന്റെ കഴിവും കഴിവുകേടും അനുഭവിക്കുന്നവനാണ്, അറിയുന്നവനാണ് ! താനെഴുതുന്നത് തനിക്ക് ആസ്വദിക്കാൻ വേണ്ടിയാണ് എന്ന് സുധീഷ് മാഷ് പറഞ്ഞിട്ടുണ്ട് !

വി ആർ സുധീഷ്
ഫോട്ടോ. ഹക്സർ ആർ കെ

എനിക്ക് തോന്നുന്നു അദ്ദേഹത്തിന്റെ ക്ലാസ്സുകളുടെ ഏറ്റവും വലിയ ആസ്വാദകനും അദ്ദേഹം തന്നെയായിരുന്നു എന്ന് ! കാരണം തന്റെ ഹൃദയത്തിന്റെ മാന്ത്രിക സ്പർശമുള്ള  വാക്കുകൾ മാത്രമായിരുന്നു കഥയിലും ക്ലാസ്സിലും മാഷ് പറഞ്ഞ് പോന്നത്  ! മലയാള കഥാ സാഹിത്യത്തിലെ ഏറ്റവും ‘റീഡെബിലിറ്റിയുള്ള’ സുധീഷ് കഥകളുടെ അതേ മാനറിസം കണ്ടറിഞ്ഞാണ് എന്നിലെ ഇത്തിരി പോന്ന അദ്ധ്യാപകനെ , തീരെ ചെറിയ എഴുത്തുകാരനെ ഞാൻ പോറ്റി വളർത്തിയത് ! പുറത്തേക്ക് നോക്കുന്നതിനേക്കാൾ കൂടുതൽ സ്വന്തം അകത്തേക്ക് നോക്കുന്നൊരാളായതിന് , ഒരു ധ്യാനാത്മക ജീവിതത്തിന്റെ മനോഹരമാർഗത്തിലേക്ക് ചുവട് വയ്ക്കാൻ ഊർജ്ജം സംഭരിച്ചതിന് , വായനയുടെ വസന്ത കാലത്തിലേക്കുള്ള സ്വതന്ത്ര സഞ്ചാരത്തിന് അപൂർവ്വ നിമിത്തമായതിന് ഈ വൈകിയ വേളയിൽ സുധീഷ് മാഷോട് ഞാൻ നന്ദി പറയുന്നില്ല ! കാരണം  നന്ദി പറയേണ്ട പല അവസരങ്ങളിലും, ഇപ്പോൾ പോലും എന്റെ ഓർമ്മയിൽ വരുന്നത് “സ്നേഹത്തിന് നന്ദി പറയുക നരന്റെ ശവത്തിന് വില പറയും

പോലെയാണ് “എന്ന മാഷിന്റെ ഹൃദയസ്പർശമാർന്ന മൊഴിപകർച്ചകളാണ്  ! ….

സതീഷ് കെ ചേരാപുരം
എച്ച് എസ് എ മലയാളം
റഹ്മാനിയ ഹയർ സെക്കണ്ടറി സ്ക്കൂൾ
ആയഞ്ചേരി

LEAVE A REPLY

Please enter your comment!
Please enter your name here