കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കി വാട്സ്ആപ് കൂട്ടായ്മ സിനിമയൊരുക്കുന്നു. ആര്‍. എം. സി. സി പ്രൊഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായകന്‍ വിനിഷ് ആരാധ്യ കഥയും സംവിധാനവും നിര്‍വഹിക്കുന്ന, ‘പത്മവ്യൂഹത്തിലെ അഭിമന്യു’ എന്നു പേരിട്ട സിനിമ ആഗസ്റ്റില്‍ കോഴിക്കോട്, എറണാകുളം, മൂന്നാര്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലാദ്യമായി നവമാധ്യമകൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന സിനിമയില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും വേഷമിടും. രമേഷ് കാവില്‍, അജയ് ഗോപാല്‍, സി.പി. അബൂബക്കര്‍ എന്നിവരാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. സംഗീതസംവിധാനം അജയ് ഗോപാല്‍ നിര്‍വഹിക്കും. ക്യാമറ ഷാജി ജേക്കബാണ്. പുതുമുഖങ്ങള്‍ക്കുള്ള ഓഡിഷന്‍ ഈ മാസം 28-ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും.