സമീർ കാവാട്
റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഒരുകൂട്ടം മികച്ച കലാപ്രതിഭകള്‍ അഭിനയിക്കുന്ന ‘ആരാണ് ഇന്ത്യക്കാര്‍?’ എന്ന ചോദ്യചിഹ്നമിട്ട നാടകം ‘പരിഷത്ത്’ കലാജാഥയുടെ ഭാഗമായി കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ അരങ്ങേറി. വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയത്തെ കീറിമുറിച്ച് പരിശോധിക്കുന്ന ഒരു ഓപ്പറേഷന്‍ തീയ്യേറ്ററായിരുന്നു ശരിക്കും.
ഹിന്ദുമതവര്‍ഗ്ഗീയത അധികാരത്തിന്റെ തണലില്‍ എങ്ങനെ ഫാഷിസമായി രൂപംകൊള്ളുന്നു എന്നും അത് രാജ്യത്തിന്‍റെ പൊതുസ്വത്തും സംസ്കാരവും ഏത് വിധേനയാണ് നശിപ്പിക്കുന്നതെന്നും നാടകം കാണിച്ചുതരുന്നു.
ഫാഷിസ്റ്റ് കാലത്ത് മുസ്ലിം മതവര്‍ഗ്ഗീയവാദികളുടെ റോളും ഇതില്‍ പരിഹാസ്യരൂപേണ കോര്‍ത്തിണക്കിയിട്ടുണ്ട്. അതേസമയം യഥാര്‍ത്ഥവിശ്വാസികള്‍ അല്ലെങ്കില്‍ മതസഹിതമതേതരവാദികള്‍ സമൂഹത്തില്‍ നന്മമരങ്ങളായി (അസീസ്, അംബികാദേവി) ജീവിക്കുന്നു എന്ന് കാണിക്കുന്നതിലൂടെ പതിവ് കേവലയുക്തിവാദരീതി വിടാന്‍ ‘പരിഷത്ത്’ കലാജാഥയിലെ നാടകം തയ്യാറായി എന്നത് പുതുമയായി തോന്നി.
അന്ധമായ ദേശീയതാബോധം കുത്തിവെച്ചുകൊണ്ടാണ് ഫാഷിസം വളരുന്നത് എന്ന് ചിത്രീകരിക്കുന്ന നാടകം തന്നെ പ്രത്യേകിച്ച് യാതൊരാവശ്യവുമില്ലാതെ ദേശീയഗാനം പൂര്‍ണ്ണമായി അവതരിപ്പിച്ച് കാണികളെ മുഴുനീളെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയത് വിരോധാഭാസമായി അനുഭവപ്പെട്ടു. “ജീവിച്ചിരുന്ന ഗാന്ധിയേക്കാള്‍ മരിച്ച ഗാന്ധിയെ നിങ്ങള്‍ ഭയപ്പെടുന്നു” എന്ന പാടിപ്പതിഞ്ഞ ഡയലോഗ് സാധാരണമരണം എന്ന ധ്വനിയില്‍ പൊളിറ്റിക്കലി ഇന്‍കറക്റ്റായി ഉപയോഗിക്കുന്നതിനുപകരം “നിങ്ങള്‍തന്നെ കൊന്നുതള്ളിയ ഗാന്ധിയെ” എന്നോ മറ്റോ ആക്കാമായിരുന്നു എന്നു തോന്നി.
എന്നാല്‍ ഇത്തരം മൈന്യൂട്ട് വിമര്‍ശനങ്ങള്‍ക്കപ്പുറം അതിഗംഭീരമായ വിഷയാവതരണവും അഭിനയവും തന്നെയായിരുന്നു നാടകം. കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിക്കാനിരിക്കുന്ന ഈ നാടകം ഇന്ത്യയിലാകെ അവതരിപ്പിക്കാനായെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. മലയാളനാടകരംഗത്ത് കുറേകാലമായി എതിരാളിയില്ലാത്ത യുവരാജാവായി വിലസുന്ന റഫീഖ് മംഗലശ്ശേരിയെ രാജസിംഹാസനത്തിലിരുത്തേണ്ട കാലമായിരിക്കുന്നു. പ്രിയ സുഹൃത്തിനും പരിഷത്തിനും അഭിവാദ്യങ്ങള്‍.
പ്രശസ്ത സിനിമ സംവിധായകൻ പ്രതാപ് ജോസഫ് നാടകത്തെക്കുറിച്ച് സംസാരിക്കുന്നു.