കവിത
വിജിഷ വിജയൻ
നീയെന്റെ ആദ്യത്തെ
പ്രണയമെടുത്തുകൊൾക..
കത്തിയമരുന്ന ഹിമാദ്രിയെ
വെറുമൊരു മനസ്സുകൊണ്ട്
തടഞ്ഞു നിർത്തുക..
ഒരായുസ്സിന്റെ അങ്ങേത്തലവരെ
വികാരാധീനനായി നിലകൊള്ളുക.
പ്രണയത്തിൽ മരണമായിരുന്നു
മറുപടിയെങ്കിൽ വാലൻന്റൈനെ
പോലെ ലോകം നിന്നെ
അംഗീകരിക്കും വിധം
പാടിപ്പുകഴ്ത്തുമായിരുന്നു.
ഒരു റോസാപ്പൂവോ, ചെണ്ടുമല്ലിയോ
എനിക്ക് നൽകാതിരിക്കുക.
ഇതളുകൾ പൊഴിച്ചവ വീണ്ടും
എന്നോട് വരികളെഴുതാൻപറയും.
ആജ്ഞകൾ ഇഷ്ടമല്ലാത്തതിനാൽ
ഞാനവ അനുസരിക്കില്ല..
വരികളിൽ ഒരിക്കലും
നിന്നെ ഒളിപ്പിക്കാനാവില്ല..
ഒരേ ഏകാന്തതയുടെ
രണ്ടഗ്രങ്ങളിലിരുന്ന് ഞാൻ,
നിനക്കും, നീയെനിക്കും
ഗ്രീറ്റിംഗ്കാർഡുകളിൽ
ഛായാചിത്രങ്ങൾ വരയ്ക്കുകയാവാം.
മൊണാലിസയെപ്പോലെ
അതിലെന്തൊക്കെയോ
നിഗൂഢതകൾ വട്ടമിട്ടുപറക്കും.
പ്രണയത്തിന്റെ പുൽപ്പാടങ്ങളിലെ
ചെളിവരമ്പിലൂടെ നമ്മുടെ
കാലുകൾക്ക് പുതിയ
ചലനശേഷി കൈവരിക്കും.
കുന്നിക്കുരുവോളമുള്ള
പ്രണയപ്പെയ്ത്തിന്
കുന്നോളം കുളിരുസമ്മാനിച്ചു
ഞാൻതിരിച്ചു പോകുംവരെ
നീയവിടെത്തന്നെനിൽക്കുക..
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.