കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ബെന്യാമിന്‍റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ദ്ദാനില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നജീബായുള്ള പൃഥ്വിരാജിന്‍റെ രൂപം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നജീബിന് വേണ്ടി വലിയ രീതിയിലുള്ള മാറ്റങ്ങളാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്.
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും അധികം വായിക്കപ്പെട്ട നോവലുകളില്‍ ഒന്നാണ് ‘ആടുജീവിതം’. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി.2015-ലെ പത്മപ്രഭാ പുരസ്കാരവും ലഭിച്ചു.
മലയാളികളെ വായന സംസ്കാരത്തിലേക്ക് തിരികെ കൊണ്ട് വന്ന നോവല്‍ എന്ന വിശേഷണം ചാര്‍ത്തി കൊടുക്കുന്ന കൃതി കൂടിയാണ് ആടുജീവിതം. ‘ഗോട്ട് ഡേയ്സ്’ എന്ന പേരില്‍ ജോസഫ് കൊയ്പ്പള്ളി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു.
വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് റിപ്പോര്‍ട്ട്. കെ.യു മോഹനനാണ് ക്യാമറ. ചിത്രം നിര്‍മ്മിക്കുന്നത് പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ്. ബെന്യാമിന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് ബ്ലെസി തന്നെയാണ്.
നാട്ടിലെ സീനുകള്‍ എല്ലാം പൂര്‍ത്തിയായ ചിത്രത്തിന്റെ അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. ജോര്‍ദ്ദാനിലും ഈജിപ്തിലുമായാണ് ഇനിയുള്ള ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുക.