ആ വനപാതയിൽ

0
429
sreeja-sreenivas

ശ്രീജ ശ്രീനിവാസൻ
കണ്ണൂർ

പുലരിയിലെ മഞ്ഞു വീണ് നനഞ്ഞൊതുങ്ങിക്കിടക്കുന്ന കരിയിലകൾ വിരിച്ച മൺറോഡിലൂടെ ഞങ്ങൾ കൂട്ടമായി നടന്നു. ഇടയ്ക്ക് എല്ലാവരും ചെരുപ്പഴിച്ച് വനമണ്ണിൻ്റെ തണുപ്പറിഞ്ഞു. മനുഷ്യനിർമ്മിതമായ യാതൊരു വസ്തുവിന്റെയും അവശി ഷ്ടങ്ങളില്ലാതെ വനം പ്രക്യതിയോ ടൊട്ടിക്കിടക്കുന്ന കാഴ്ച. മണ്ണിന്റെ തണുപ്പറിയാൻ, മഞ്ഞൂറ്റിക്കുടിക്കാൻ വെയിൽ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പക്ഷേ, തുളയില്ലാത്ത പച്ചക്കുടകൾക്കിടയിലൂടെ എങ്ങനെ അകത്തേക്കു കടക്കും? വെയിൽ ഇച്ഛാഭാഗത്തോട കാത്തു കാത്തിരുന്നു.

കുഞ്ഞമ്മാൻ ഹാജി എന്ന വലിയൊരു മരക്കച്ചവടക്കാരന്റെ മുഖം വെറുതെ മനസ്സിൽ കണ്ടുനോക്കി. ഇതുവരെ നേരിട്ടോ ഫോട്ടോയിൽ പോലുമോ കണ്ടിട്ടില്ലാത്ത ഒരാളുടെ മുഖമെങ്ങനെ മനസ്സിൽ കാണും? അതു കുഴപ്പമില്ല. കേട്ടുകേൾവിയിലൂടെമാത്രം എത്രയെത്ര രൂപങ്ങൾ നമ്മൾ മനസ്സിൽ വരച്ചിരിക്കുന്നു. ആ മരക്കച്ചവടക്കാരന് ആവശ്യമായ കാട്ടുമരങ്ങൾ കയറ്റിയ ലോറി കൊണ്ടുപോകാനാണ് ഈ റോഡുണ്ടാക്കിയത്, മനസ്സിലൂടെ ലോറി പലതവണ പൊടിപറത്തി കടന്നു പോയി. പാഞ്ഞുപോയ ലോറിക്കു പിന്നിൽ കരിയിലകൾ പറന്നുയർന്നു വീണുകൊണ്ടേയിരുന്നു. ആ നീണ്ട വിള്ളലിലൂടെ മഴ ശക്തിയായി മണ്ണിലേക്കു പെയ്തു. വെയിൽ തുളഞ്ഞുകയറി. വനം എല്ലാം സഹിച്ചു നിന്നു. പക്ഷികളുടെ കട്ടിച്ചിറകുകൾക്കപ്പുറത്തു നിന്നും കുഞ്ഞുഹൃദയമിടിപ്പുകൾ പുറത്തറിഞ്ഞതേയില്ല. ലോറിയിരമ്പങ്ങളിൽ മൃഗങ്ങളുടെ കാല്പാടുകൾ ചതഞ്ഞരഞ്ഞു മറഞ്ഞു. മരങ്ങളുടെ മുറിവിൽ നിന്നും പലനിറത്തിലുള്ള രക്തത്തിന്റെ ഗന്ധം അന്തരീക്ഷത്തിലേക്കുയർന്നു. വിവിധ ഗന്ധങ്ങൾ പേറി കാറ്റ് വനം കടക്കാനാവാതെ അലഞ്ഞുതിരിഞ്ഞു. ചീങ്കണ്ണിപ്പുഴയിലെ സ്ഫടികജലത്തിൽ ചെറുചലനങ്ങൾ സൃഷ്ടിച്ച് കാറ്റ് പകച്ചുനിന്നു. പുതുഗന്ധത്തിൻ്റെ ആ ലസ്യത്തിൽ മീനുകൾ ഓളപ്പരപ്പിലേക്ക് ചിറകനക്കാതെ നീന്തിയെത്തി. പേരറിയാത്ത ഏതോ മരത്തിൽ നിന്ന് പെയ്ത പൂമഴയും എത്തിയത് അപ്പോൾത്തന്നെയായിരുന്നു. ഒരു പാട് ഗന്ധങ്ങൾ ചേർന്ന് ഒരു പുതിയ, വളരെ പുതിയ ഗന്ധവുമായി കാറ്റ് വനംകടക്കാനൊരുങ്ങി. അരുത്, ഒരിക്കലും വനം കടക്കരുതെന്ന് കാറ്റിനോട് ഉറക്ക വിളിച്ചു പറയണമെന്നുതോന്നി. പകൽ മുഴുവൻ ഉൾക്കാടിലെവിടെയോ ഒളിച്ചു കഴിഞ്ഞിരുന്ന മാൻകൂട്ടങ്ങൾ പുതുഗന്ധം ആസ്വദിച്ച് എന്തോ ഓർക്കുന്നപോലെ നിന്നു. അവരുടെ കുസ്യതി നിറഞ്ഞ കണ്ണുകളിൽ കൃഷ്ണമണികൾ തുടരെ ചലിച്ചു. ഇതെല്ലാം പഴയകഥ. ഇന്ന് വനം പ്രകൃതിക്കു സ്വന്തം. ഒരു മരക്കച്ചവടക്കാരനെയും വനം സ്വാഗതം ചെയ്യുന്നില്ല.



പരിസരത്തെങ്ങാൻ ആനയുണ്ടോന്നറിയാൻ ഗാർഡ് പറഞ്ഞുതന്ന ഒരു സൂത്രമുണ്ട്. അതൊന്നു പ്രയോഗിച്ചുനോക്കാൻ തന്നെ തീരുമാനിച്ചു. കൈവിരൽ നാക്കിൽതൊട്ട് നനച്ച് കാടിനഭിമുഖമായി പിടിക്കുക. വിരലറ്റത്ത് തണുപ്പനുഭവപ്പെട്ടാൽ ആന പരിസരത്തു തന്നെയുണ്ടെന്നുറപ്പ്. അങ്ങനെ ചെയ്തപ്പോൾ തണുപ്പുതോന്നി. പക്ഷേ, ആന… ഏയ് ഉണ്ടാവില്ല എന്നാശ്വസിച്ച് മുന്നോട്ട് തന്നെ നടന്നു.

അകലെയൊരു മരക്കൊമ്പിലേക്ക് പറന്നിറങ്ങുന്ന രണ്ട് കോഴിവേഴാമ്പലുകൾ. ഇരുശരീരങ്ങളും താങ്ങാനാവാതെയെന്നവണ്ണം മരക്കൊമ്പ് വല്ലാതെയിളകി. നമുക്ക് മനസ്സിലാവാത്ത പതിനായിരക്കണക്കിന് ഭാഷകൾ, ഭാഷണങ്ങൾ മരക്കൊമ്പുകളിൽ തട്ടി പ്രതിധ്വാനിച്ചു. എല്ലാവർക്കും കാണാൻ കഴിയാത്ത പ്രകൃതിയുടെ മേക്കപ്പില്ലാത്ത മുഖം. അരികിലണച്ചുപിടിച്ച് ആ മുഖത്ത് മുഖം ചേർക്കാൻ കൊതിച്ചുകൊണ്ട് ഞാൻ നിന്നു.

* ആറളം വനം.



LEAVE A REPLY

Please enter your comment!
Please enter your name here