നിധിൻ. വി എൻ
മരണത്തിന്റെ ഗന്ധം മാത്രമാണ്, ഓരോ യുദ്ധവും പകര്‍ന്നുനല്‍കുന്നത്. അധികാരത്തിന്റെ അതിരുകള്‍ വ്യാപിപ്പിക്കുവാനുള്ള ഓരോ രാജ്യത്തിന്റെയും ശ്രമങ്ങളില്‍, ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഒരു ജനതയെ കുറിച്ച്, അവരുടെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് ആരും ചിന്തിക്കാറില്ല. അതിരുകളില്ലാത്ത സ്നേഹത്തെ കുറിച്ച്, സ്വപ്നങ്ങളെ കുറിച്ച്, സ്വയം അലിഞ്ഞില്ലാതാകുന്ന വിശുദ്ധ പ്രണയങ്ങളെ കുറിച്ച് ആരാണ് ഇവർക്ക് പറഞ്ഞു കൊടുക്കുക. നോക്കു, ഓരോ യുദ്ധവും സ്നേഹത്തിന്റെ അതിരുകളെയാണ് തകർത്തുകളയുന്നത്.
രണ്ടാം ലോകമഹായുദ്ധം രണ്ട് ആത്മകഥകളിലൂടെ ഇന്നും ജീവിക്കുന്നു. ജർമ്മനിയിലെ സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്ലറുടെ “മെയിൻ കാഫ്”, ആൻ ഫ്രാങ്കിന്റെ “ദി ഡയറി ഓഫ് എ യങ് ഗേൾ” എന്നിവ. ഹിറ്റ്ലറുടെ ആത്മകഥയിൽ ഇല്ലാത്തതെല്ലാം ആനിന്റെ ഡയറിയിൽ ഉണ്ടായിരുന്നു. 1929 ജൂൺ 12-ന് ജനിച്ച ആൻ, വലിയൊരു വേദനയായി നമ്മളിൽ നിറയുന്നുണ്ട്. ആനിന്റെ വാക്കുകളിലൂടെ കടന്നുപോകുമ്പോൾ അവളുടെ സ്വപ്നങ്ങളെ കുറിച്ച്, ജീവിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് മനസ്സിലാക്കാവുന്നതേയുള്ളു.
1933-ൽ ഹോളണ്ടിലേക്കു കുടിയേറിപ്പാർത്ത ആൻ ഫ്രാങ്കിന്റെ കുടുംബം, ഒളിസങ്കേതത്തിൽ അഭയം തേടി. 1944 ആഗസ്റ്റ് 4-ന് യഹൂദരായിരുന്ന ആൻ ഫ്രാങ്കിനെയും കുടുംബത്തെയും നാസി പോലീസ് കോൺസൻട്രേഷൻ ക്യാമ്പിൽ തടവിലാക്കി. നാസിപ്പടയെ ഭയന്ന് കുടുംബത്തോടൊപ്പം ഒളിവിൽ കഴിയുമ്പോൾ ആൻ എഴുതിയ ഡയറിക്കുറിപ്പുകൾ പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതവംശജർ അനുഭവിക്കേണ്ടി വന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നതായിരുന്നു ആ കുറിപ്പുകൾ. 1945 മാർച്ചിൽ, ഹോളണ്ടിന്റെ മോചനത്തിനു കേവലം രണ്ടു മാസം മുമ്പ് ബെർഗൻ – ബെൽസൻ എന്ന കുപ്രസിദ്ധ നാസി തടവറയിൽ കിടന്ന് ടൈഫസ് പിടിപെട്ട് മരിച്ചു. 1947-ലാണ് ആനിന്റെ ഡയറി പ്രസിദ്ധീകരിക്കപ്പെടുന്നത്.
”നിന്നോട് എല്ലാം തുറന്നു പറയാൻ കഴിയുമെന്നും, നീ എനിക്ക് ആശ്വാസത്തിന്റേയും താങ്ങിന്റേയും ഉറവിടമായിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു” – ഇതായിരുന്നു ആൻ തന്റെ ഡയറിയിൽ ആദ്യമെഴുതിയ വാക്കുകൾ.
നിശബ്ദമാക്കപ്പെട്ട ലക്ഷക്കണക്കിന് ശബ്ദങ്ങൾക്കിടയിൽ നിന്ന് ഉയർന്നു കേട്ട ശബ്ദം. കിറ്റി എന്ന തന്റെ പ്രിയപ്പെട്ട ഡയറിയോട് ആൻ ഫ്രാങ്ക് നടത്തിയ സംവാദം ചരിത്രമാണ്. കാലത്തിന്റെ കണക്കു പുസ്തകത്തിൽ വേദനയുടെ വൃണമായി അത് പൊട്ടി ഒലിക്കുന്നുണ്ട്. ഓരോ യുദ്ധവും ഓരോ വേദനയാണെന്ന് ആൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.