വിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്
ആമുഖം
പ്രിയ സുഹൃത്ത് നിതാന്ത് കുട്ടികൾക്കായി തുടങ്ങിയ littleprince.co.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനായി പാരന്റിംഗിനെയും വിദ്യാഭ്യാസത്തെയും കുറിച്ച് കുറെ ചോദ്യങ്ങൾ എഴുതി അയച്ചു. അതിൽ ആദ്യത്തെ ചോദ്യം നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ എങ്ങനെ കാണണം? എന്നതായിരുന്നു. ചോദ്യം വായിച്ച ഉടൻ ഉള്ളിൽ തെളിഞ്ഞത് ജിബ്രാൻ പ്രവാചകനിൽ കുഞ്ഞുങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ്.
എത്രയോ വർഷങ്ങളായി ഹൃദയത്തോട് ചേർത്തുവച്ച് കൊണ്ടു നടക്കുന്ന ആ പുസ്തകം തുറന്ന് അത്രയും ഭാഗം മലയാളത്തിലാക്കി. പുസ്തകം അടച്ചുവച്ചെങ്കിലും ഉള്ളടയുന്നില്ല. അതെന്നെ പിന്നെയും പിന്നെയും പ്രവാചകനിലേക്കുതന്നെ കൊളുത്തിവലിച്ചു. അങ്ങനെയാണ് പൂർണ്ണമായും വിവർത്തനം ചെയ്യുകയെന്ന നിസ്സഹായതയിലേക്ക് പ്രവേശിക്കാൻ നിർബന്ധിതനായത്.
അത്രയും പ്രയാസമുള്ള ഒരു യത്നമാണ് പ്രവാചകനെ മൊഴിമാറ്റുകയെന്നത്. ഏറെക്കുറെ അസാദ്ധ്യവുമാണ്. എന്നാൽ എനിക്കീ കൊളുത്തി വലിയിൽനിന്ന് സ്വതന്ത്രനാവാൻ അതു ചെയ്തേ പറ്റൂ. ജിബ്രാനെ നെഞ്ചിലേറ്റിയ സഹൃദയർ സദയം പൊറുക്കുക.
ഭാഗം ഒന്ന്
തിരഞ്ഞെടുക്കപ്പെട്ടവനും പ്രിയതമനും സ്വന്തം ദിവസത്തിന്റെ പുലരിയുമായ അല്‍മുസ്തഫാ, തന്നെ ജനനത്തിന്റെ ദ്വീപിലേക്ക് കൊണ്ടുപോകേണ്ട കപ്പലുംകാത്ത് പന്ത്രണ്ടു വര്‍ഷം ഓര്‍ഫലീസ് നഗരത്തില്‍ കാത്തിരുന്നു.
പന്ത്രണ്ടാം വര്‍ഷമെത്തി. വിളവെടുപ്പുമാസമായ ഇലൂലിലെ ഏഴാം ദിവസം. നഗരമതിലിനു വെളിയിലുള്ള കുന്നിന്‍ മുകളിലേക്കവന്‍ നടന്നു. സാഗരനീലിമയിലേക്ക് കണ്ണയച്ചുനില്ക്കേ തന്റെ കപ്പല്‍ മൂടല്‍മഞ്ഞുമായി അടുത്തുവരുന്നത് അവന്‍ കണ്ടു.
ഹൃദയകവാടങ്ങള്‍ പൊടുന്നനെ തുറക്കപ്പെട്ടു. ആനന്ദാതിരേകത്തിന്റെ അലയൊലികള്‍
സാഗരത്തിനു മുകളിലൂടെ ദൂരങ്ങളിലേക്ക് ഒഴുകിപ്പരന്നു. കണ്ണുകളടഞ്ഞു. ആത്മാവിന്റെ നിശ്ശബ്ദതയില്‍ അവന്‍ പ്രാര്‍ത്ഥനാന്വിതനായി.
കുന്നിറങ്ങുമ്പോള്‍ അജ്ഞാതമായ ഒരു വിഷാദം അവനെ ആവേശിച്ചിരുന്നു. ഹൃദയം മൗനമായി മന്ത്രിച്ചു: ദു:ഖമില്ലാതെയും സമാധനത്തോടെയും ഞാനെങ്ങനെ യാത്രതിരിക്കും. ആത്മക്ഷതമേല്‍ക്കാതെ ഒരിക്കലും എനിക്കീ നഗരംവിട്ട് പോകാനാവില്ല.
നഗരമതിലുകള്‍ക്കുള്ളില്‍ ചിലവഴിച്ച നോവിന്റെ ദിനങ്ങള്‍ അത്രയും നീണ്ടതായിരുന്നു.
ഏകാകിത നിറഞ്ഞ രാത്രികള്‍ ഒരിക്കലുമവസാനിക്കാത്തതുപോലെയായിരുന്നു.
ആര്‍ക്കാണ് തന്റെയാ വേദനകളില്‍നിന്നും ഏകാകിതയില്‍നിന്നും വിഷമത്തോടെയല്ലാതെ വേര്‍പിരിയാനാവുക?
ആത്മാവിന്റെ എത്രയോ ചിതറിയ ശകലങ്ങളാണ് ഞാനീ തെരുവുകളില്‍ വിതറിയത്!
എന്റെ എത്രയോ ശൈശവാഭിലാഷങ്ങളാണ് ഈ കുന്നുകള്‍ക്കിടയില്‍ നഗ്നരായി അലഞ്ഞുനടക്കുന്നത്! വേദനയോടെയും ഭാരത്തോടെയുമല്ലാതെ അതില്‍നിന്നെല്ലാം എനിക്കെങ്ങനെ വിട്ടുപോകാനാകും!
ഇന്നേദിവസം ഞാന്‍ ഊരിയെറിയുന്നത് വെറുമൊരു ഉടയാടയല്ല; മറിച്ച്,
സ്വന്തംകൈകൊണ്ട് ജീവസ്സുള്ള ചര്‍മ്മത്തെയാണ് ഞാന്‍ ചീന്തിയെടുക്കുന്നത്.
കേവലമൊരു ചിന്തയെയല്ല ഞാനെനിക്കു പിന്നിലുപേക്ഷിക്കുന്നത്. വിശപ്പിനാലും ദാഹത്താലും മാധുര്യമാര്‍ന്ന ഒരു ഹൃദയത്തെയാണ്.
ഇനിയും അധികനേരം തങ്ങിനില്ക്കാനാവില്ല. തന്നിലേക്ക് എല്ലാറ്റിനെയും തിരികെ വിളിക്കുന്ന സമുദ്രം എന്നെയും മാടിവിളിക്കുന്നു. കപ്പലില്‍ കയറിയേ മതിയാവൂ.
രാത്രി അതിന്റെ വിനാഴികകളെ ജ്വലിപ്പിക്കുന്നുണ്ടെങ്കിലും ഇവിടെയിങ്ങനെ തുടരുകയെന്നാല്‍ തണുത്തുറഞ്ഞ് വിറങ്ങലിച്ച് ഒരു മണ്‍കൂനയില്‍ പെട്ടുപോകുന്നതുപോലെയാകും.
ഇവിടെയുള്ളതെല്ലാം കൂടെകൂട്ടണമെന്നുണ്ട്? എന്നാല്‍ അതെങ്ങനെ സാദ്ധ്യമാകും?
തനിക്കു ചിറകുകള്‍ പകര്‍ന്ന നാക്കിനെയും ചുണ്ടിനെയും കൂടെവഹിക്കാന്‍ ശബ്ദത്തിനാവുമോ? അത് ആകാശത്തെ തനിയെ തേടേണ്ടതുണ്ട്. കൂടില്ലാതെയും ഏകാകിയായും കഴുകന്‍ സൂര്യനിലൂടെ പറക്കേണ്ടതുണ്ട്.
കുന്നിന്റെ അടിവാരത്തിലെത്തിയപ്പോള്‍ അവന്‍ സമുദ്രത്തിനുനേരെ തിരിഞ്ഞു. തന്റെ കപ്പല്‍ തുറമുഖത്തോടടുക്കുന്നതും അമരത്ത് സ്വന്തം രാജ്യത്തിലെ നാവികരെയും അവന്‍ കണ്ടു.
അവന്റെ ആത്മാവില്‍നിന്ന് ഒരു വിലാപമുയര്‍ന്നു: എന്റെ പുരാതനയായ മാതാവിന്റെ സന്തതികളേ, തിരമാലകളില്‍ സഞ്ചരിക്കുന്നവരേ, എന്റെ സ്വപ്നങ്ങളില്‍ എത്രയോ തവണ നിങ്ങള്‍ കപ്പല്‍യാത്ര ചെയ്തു. എന്നാല്‍, ഇപ്പോഴിതാ ആഗാധമായൊരു സ്വപ്നമായി നിങ്ങളെന്റെ ഉണര്‍വ്വില്‍ വന്നിരിക്കുന്നു.
യാത്രയ്ക്ക് ഞാന്‍ തയ്യാറായിക്കഴിഞ്ഞു. എന്റെ ഔല്‍സുക്യം, പൂര്‍ണ്ണമായും നിവര്‍ത്തിയ പായയോടെ കാറ്റിനെയും കാത്തിരിക്കുന്നു. നിശ്ചലമായ ഈ അന്തരീക്ഷത്തില്‍
ഒരു ശ്വാസംകൂടി ശ്വസിക്കും. പ്രണയാതുരമായി ഓരേയൊരു തവണകൂടി ഞാനൊന്നു തിരിഞ്ഞുനോക്കും. പിന്നെ ഞാന്‍ നിങ്ങള്‍ക്കൊപ്പമാകും. സമുദ്രയാത്രികര്‍ക്കിടയിലെ മറ്റൊരു സമുദ്രയാത്രികന്‍.
നദികളുടെയും അരുവികളുടെയും ഒരേയൊരു സമാധാനവും സ്വാതന്ത്ര്യവുമായ അല്ലയോ അപാര സമുദ്രമേ, നിദ്രകൊള്ളുന്ന അമ്മേ, ഈ അരുവി ഒന്നുകൂടിയൊന്നു വളഞ്ഞൊഴുകും. ഈ താഴ്വരയില്‍ ഒരുതവണകൂടിയൊന്നു മര്‍മ്മരമുണര്‍ത്തും. അതോടെ ഞാന്‍ നിന്നിലെത്തും. അപരിമേയമായ ഒരു തുള്ളി അപരിമേയമായ സാഗരത്തിലേക്ക്.
നടന്നുകൊണ്ടിരിക്കേ അകലെനിന്നുതന്നെ അവനതു കണ്ടു. വയലുകളും മുന്തിരിത്തോട്ടങ്ങളുമുപേക്ഷിച്ച് സ്ത്രീപുരുഷന്മാര്‍ നഗരകവാടത്തിലേക്ക് തിടുക്കത്തില്‍ നടന്നുപോകുന്നു. വയലുകളില്‍നിന്നു വയലുകളിലേക്ക് കേള്‍ക്കാവുന്നത്ര ഉച്ചത്തില്‍ അവന്റെ പേരുരുവിട്ട് കപ്പലടുക്കുന്ന വിവരം വിളിച്ചുപറയുന്ന അവരുടെ ശബ്ദം അവനു കേള്‍ക്കാമായിരുന്നു.
അവന്‍ അവനോടുതന്നെ പറഞ്ഞു: വേര്‍പാടിന്റെ ദിനം സമാഗമത്തിന്റെ ദിനമാകുമോ? എന്റെ സായന്തനം സത്യത്തില്‍ എന്റെ പ്രഭാതമാണെന്ന് പറയപ്പെടുമോ?
ഉഴവുചാലിനുമദ്ധ്യേ തന്റെ കലപ്പ വിട്ടെറിഞ്ഞുവന്നവനും മുന്തിരിച്ചക്കിന്റെ ചക്രം നിറുത്തി ഓടിയെത്തിയവനും ഞാനെന്താണ് നല്കുക? അവര്‍ക്കു ശേഖരിച്ചു നല്കാന്‍തക്കവിധം മധുരക്കനികള്‍നിറഞ്ഞ വൃക്ഷമായി മാറുമോ എന്റെ ഹൃദയം?
അവരുടെ പാത്രങ്ങളെ നിറയ്ക്കാവുന്ന നീരുറവപോലെ എന്റെ അഭിലാഷങ്ങള്‍ പ്രവഹിക്കുമോ?
ദിവ്യമായ കരസ്പര്‍ശമേല്കാവുന്ന ഒരു വിണയാകുമോ ഞാന്‍? അവന്റെ നിശ്വാസങ്ങള്‍ ഒഴുകിയിറങ്ങുന്ന ഒരു പുല്ലാങ്കുഴലാകുമോ ഞാന്‍? നിശ്ശബ്ദതകളെ തേടുന്നവനാണ് ഞാന്‍.
ആത്മവിശ്വാസത്തോടെ പകര്‍ന്നുകൊടുക്കാവുന്ന എന്തു നിധിയാണ് ഞാന്‍ നിശ്ശബ്ദതകളില്‍ കണ്ടെത്തിയത്? ഇതെന്റെ വിളവെടുപ്പു ദിവസമെങ്കില്‍, വിസ്മൃതമായ ഏതു ഋതുവിലാണ്, ഏതു വയലിലാണ് ഞാന്‍ വിത്തുവിതച്ചത്?
ഞാനെന്റെയീ വിളക്ക് ഉയര്‍ത്തിപ്പിടിക്കേണ്ട സമയമാണിതെങ്കില്‍, തീര്‍ച്ച! എന്റെ നാളമായിരിക്കില്ല അതില്‍ ജ്വലിക്കുക. ശൂന്യവും ഇരുളാര്‍ന്നതുമായ എന്റെ വിളക്കിനെ ഞാനുയര്‍ത്തും. രാത്രിയുടെയധിപന്‍ അതില്‍ എണ്ണ നിറയ്ക്കുകയും അതിനെ പ്രോജ്വലിപ്പിക്കുകയും ചെയ്യും.
ഇത്രയുമവന്‍ വാക്കിലൂടെ പറഞ്ഞു. എന്നാല്‍ കൂടുതലും അവന്റെ ഹൃദയത്തില്‍ പറയാതെ വിങ്ങിനിന്നു. അവന്റെ നിഗൂഢമായ രഹസ്യങ്ങള്‍ അവനോടുപോലും പറയാന്‍ അവന് കഴിഞ്ഞിട്ടില്ല.
(തുടരും………)