കോഴിക്കോട്: ഇനി മുടിവെട്ടും ഇടിവെട്ടാവും. കാരിക്കേച്ചർ വരച്ചൊരു മുടിവെട്ട്. ലോകത്ത് ആദ്യമായി ആർട്ട് ആന്റ് ഹെയർകട്ട് ഫ്യൂഷനുമായി കാരിക്കേച്ചർ സലൂൺ കോഴിക്കോട്ട് തുടക്കമായി. കലാകാരന്മാരും മുടിവെട്ടുകാരും ചേർന്ന് കസ്റ്റമറുടെ വ്യക്തിത്വത്തിന് അനുയോജ്യമായ ഹെയർസ്‌റ്റൈൽ ഡിസൈൻ ചെയ്യുന്ന സംരംഭമാണ് കോഴിക്കോട്ട് ഫ്രാൻസിസ് റോഡിൽ തുടക്കമായത്. ലോകത്ത് തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സലൂൺ. പൈപ്പ് ഗാലറിക്ക് സമീപമുള്ള ബ്ലീച്ച് സലൂണിലാണ് വൈവിധ്യമാർന്ന മുടിവെട്ട് സംരംഭത്തിന് തുടക്കമായത്. വ്യക്തികൾക്ക് അവർക്കിഷ്ടപ്പെട്ട ഹെയർസ്റ്റൈലിൽ കാരിക്കേച്ചർ വരക്കുകയും അതിനനുസരിച്ച് മുടിവെട്ടുകയും ചെയ്യുന്ന ആർട്ട് ആന്റ് ഹെയർകട്ട് ഫ്യൂഷനാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
വൈവിധ്യമാർന്ന ധാരാളം കലാപ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള പ്രശസ്ത കാർട്ടൂണിസ്റ്റ് ഗിന്നസ് ദിലീഫാണ് പുതിയ ആശയത്തിന് പിന്നിൽ. ‘ബ്ലീച്ച് ബറാബർ ഇടിവെട്ട് മുടിവെട്ട്’ എന്നാണ് വിവേക് സിയുടെ സലൂണിന് പേരിട്ടിരിക്കുന്നത്.
ആളുകൾ കൂടിച്ചേരുകയും സാംസ്‌കാരിക വിനിമയങ്ങളും രാഷ്ട്രീയ സംവാദങ്ങളും നടക്കുകയും ചെയ്തിരുന്ന പൊതുഇടങ്ങളിലൊന്നായിരുന്ന ബാർബർ ഷാപ്പുകളെ തിരിച്ചുപിടിക്കാനുള്ള ശ്രമം കൂടിയാണിത്. കാർട്ടൂണിസ്റ്റ് ഗിന്നസ് ദിലീഫ് കാരിക്കേച്ചർ വരച്ച് സലൂണിന് തുടക്കം കുറിച്ചു.