നിധിന്‍.വി.എന്‍
പിന്നെ നീ മഴയാകും
ഞാന്‍ കാറ്റാകും.
നീ മാനവും ഞാന്‍ ഭൂമിയാകാം .
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ .
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം.(1992)
കാരണം ദുരൂഹമായി തുടരുന്ന ആത്മഹത്യയായിരുന്നു നന്ദിതയുടേത്. അസാധാരണമായ കാവ്യ പ്രതിഭയുള്ള നന്ദിത ഇംഗ്ലീഷിലും മലയാളത്തിലും കവിത എഴുതുമായിരുന്നു. കവിതകളിലെല്ലാം മരണഗന്ധം ഘനീഭവിച്ചു നില്‍ക്കുന്നതായി കാണാം. 1999 ജനുവരി 17-ന് ജീവിതത്തില്‍ നിന്ന് സ്വയം വിടവാങ്ങിയ നന്ദിത, ലളിതമായ ഭാഷയില്‍ സങ്കീര്‍ണ്ണമായ ബിംബങ്ങളാല്‍ പ്രണയവും, മരണവും വിഷയങ്ങളാക്കി. വളരെ കുറച്ചുമാത്രം എഴുതുകയും, അനുവാചക ഹൃദയത്തില്‍ കുടിയേറുകയും ചെയ്ത വളരെ ചുരുക്കം എഴുത്തുകാരില്‍ ഒരാളാണ് നന്ദിത. അതുകൊണ്ടുതന്നെയാണ് 19 വര്‍ഷങ്ങള്‍ക്കിപ്പുറവും അവര്‍ ധാരാളമായി വായിക്കപ്പെടുന്നത്. അത്രമേൽ തീക്ഷ്ണമായ വരികൾ കോളേജ് ചുമരുകളിലും സൈബര്‍ ഇടങ്ങളിലും വ്യാപിച്ചിരിക്കുന്നു. ആരാധനയും പ്രണയവും തോന്നുന്ന അവരുടെ കാവ്യജീവിതം ഉപേക്ഷിച്ച് വിട പറഞ്ഞതിന്റെ കാരണം അവ്യക്തമാണെങ്കിലും, മരണത്തിനു തൊട്ടുമുമ്പ് അവരെ തേടി വന്ന ആ ഫോൺ കോൾ ആരുടേതെന്ന ചോദ്യം ബാക്കിയാകുന്നു.
“നേർത്ത വിരലുകൾ കൊണ്ട്
ആത്മാവിനെ തൊട്ടുണർത്താൻ
ഇന്ദ്രിയങ്ങൾക്കപ്പുറത്ത് നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്ക് കടന്നു വരാം ‘’
1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ ശ്രീധരന്‍ മേനോന്‍റെയും പ്രഭാവതി.എം.മേനോന്റെയും മകളായി ജനിച്ചു. ഗവ.ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ ചാലപ്പുറം,സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്, ഫറൂക്ക് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്സിറ്റി ചെന്നൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തില്‍ മികവുപുലര്‍ത്തിയ നന്ദിത വയനാട് ജില്ലയിലെ ഡബ്ലി.എം.ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യാപികയായിരുന്നു.
നന്ദിതയുടെ മരണത്തിന്റെ കാരണം അജിത്തിലേക്ക് ചൂണ്ടിയിരുന്ന വിരലുകൾ സ്വയം മടങ്ങിയിരിക്കുന്നു. പ്രണയം പ്രാണനെന്ന് കുറിച്ചുകൊണ്ട് സ്വയം വിടവാങ്ങാൻ ശ്രമിച്ചിരുന്നു അയാൾ. കൈവിട്ടുപോയ ജീവിതത്തെ കുറിച്ച് ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ലാത്ത, വർഷങ്ങൾക്കുമുമ്പേ നഷ്ടപ്പെട്ടുപോയ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ള നന്ദിതയുടെ സ്നേഹത്തെ ഓർത്ത് സ്വയം ഇല്ലാതായി കൊണ്ടിരിക്കുന്ന അജിത്തിനെ കുറിച്ചുള്ള ഡോക്ടർ പ്രശാന്ത് കൃഷ്ണയുടെ എഴുത്ത് അയാളിലേക്കുള്ള സംശയങ്ങളുടെ ചൂണ്ടുവിരൽ മുനകളെ ഒടിച്ചു കളയുന്നുണ്ട്. 1999 ജനുവരി 17 നു വന്ന ഫോൺ കോൾ അജിത്തിന്റെയോ അയാളുടെ സുഹൃത്തുക്കളുടേതോ ആയിരുന്നില്ല എന്നിരിക്കേ അതാരുടേതായിരുന്നു? ഉത്തരം അജ്ഞാതമായ ഈ ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്.
നന്ദിതയുടെ മരണശേഷം കണ്ടെടുത്ത ഡയറിയിൽ നിന്നുള്ള കവിതകൾ, ഡോ.എം.എം.ബഷീർ മുൻകൈയെടുത്താണ് 2002-ൽ ” നന്ദിതയുടെ കവിതകൾ’’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. 1985 മുതൽ 1995 വരെയുള്ള കാലഘട്ടത്തിലായ് എഴുതിയ 59 കവിതകളാണവ. നന്ദിതയുടെ ആദ്യകാല കവിതകൾ മുഴുവൻ പ്രണയവും, പിന്നീട് പ്രണയനഷ്ടവുമാണ്. 1994-ൽ അജിത്തിനെ കണ്ട ശേഷം നന്ദിത ഒരു വരിപോലും എഴുതിയിട്ടില്ലെന്നു വേണം കരുതാൻ. കാത്തിരിപ്പും, നിദ്രയും, പ്രകൃതിയും, സ്വപ്നവും നന്ദിതയുടെ കവിതകളിൽ കാണാം. അമ്മ നട്ട പവിഴമല്ലിയുടെയും പാരിജാതത്തിന്റെയും തണലിൽ നന്ദിത ഉറങ്ങുകയാണ്, മരണം വേരുകളാഴ്ത്തിയ കവിതയുമായ്.