ബേക്കൽ കോട്ടയിൽ നിന്നും റാണിപുരത്തേക്ക് സ്കൈ വേ ബസ് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഈ രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധപ്പെടുത്തി ആകാശ നൗക (സ്കൈ വേ ബസ്) പ്രപ്പോസലുമായി കാണിയൂർ റെയിൽ പാതയുടെ ഉപജ്ഞാതാവ് മാലക്കല്ല് സ്വദേശി എൻജിനീയർ ജോസ് കൊച്ചിക്കുന്നേൽ ആണ് മുമ്പോട്ട് വന്നിരിക്കുന്നത്.
ജില്ലാ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കാസർഗോഡ് വിളിച്ചു ചേർത്ത യോഗത്തിൽ പുതിയ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് സമർപ്പിച്ചു. ആകർഷണീയമായ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് കൊണ്ട് ചുരുങ്ങിയ ചെലവിൽ ബേക്കലിൽ നിന്ന് റാണി പുരത്തേക്ക് യാത്ര ചെയ്യാവുന്ന മാർഗമാണ് നിർദേശിച്ചിട്ടുള്ളത്.
പാണത്തൂർ പാതയ്ക്ക് സമാന്തരമായി പാതയോരത്ത് കോൺഗ്രീറ്റ് തൂണുകൾ സ്ഥാപിച്ച് സ്റ്റീൽ റോപ്പ് ഘടിപ്പിച്ചാണ് ബസ് സർവ്വീസ് നടത്തുന്നത്. എന്നാൽ റോഡ് നിർമ്മിക്കുന്നതിന്റെ പത്തിലൊന്ന് നിർമ്മാണ ചിലവ് മാത്രമായിരിക്കും ഇതിന് വരുന്നതെന്നാണ് അധികൃതരുടെ അവകാശവാദം. സോളാർ വൈദ്യുതിയിൽ പ്രവൃത്തിക്കുന്ന സ്കൈ വേ ബസിന് മണിക്കൂറിൽ 500 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്.