കളി ആട്ടത്തിന് ഉജ്ജ്വല പരിസമാപ്തി

0
584

പൂക്കാട് കലാലയത്തിന്‍റെ നേതൃത്വത്തിൽ മെയ് 2ന്  പൂക്കാട്‌ ദാമു കാഞ്ഞിലശ്ശേരി നഗറിൽ ആരംഭിച്ച കളി ആട്ടം 18 മഹോത്സവത്തിന് ഉജ്ജ്വല പരിസമാപ്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിൽ കലാ സാംസ്കാരിക സിനിമ രംഗത്തുള്ള പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിച്ച്‌ വിദ്യാർത്ഥികൾക്ക്‌ പരിശീലനം നൽകി.

മെയ്‌ 2 ബുധനാഴ്ച്ച ചലചിത്ര നടൻ സന്തോഷ്‌ കീഴാറ്റൂർ ഉൽഘാടനം നിർവ്വഹിച്ചതോടെയാണ് ക്യാമ്പിന് തിരിതെളിഞ്ഞത്‌. തുടർന്ന് അഭിനയം, ശരീരം, ശബ്ദം, സംഗീതം, ചുവടുകൾ, ചിത്രീകരണം, ആവിഷ്ക്കാരം, മെയ്യൊരുക്കം തുടങ്ങി നാടകാഭിനയത്തിന്റെ വിവിധ തലങ്ങളിലുള്ള പരിശീലനവും നാടകക്കളരിയും കൊണ്ട്‌ ക്യാമ്പ്‌ സജീവമായി. വിവിധ നാടകങ്ങളുടെ അവതരണം, നാടൻ കലാപ്രകടനം എന്നിവയും അരങ്ങേറി. നാടക പഠനത്തോടൊപ്പം പുതിയ തലമുറയില്‍ ഉന്നത മൂല്യങ്ങളും സ്‌നേഹസമ്പന്നമായ ജീവിത വീക്ഷണവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മധ്യവേനലവധികാല നാടക ക്യാമ്പ് സംഘടിപ്പിച്ചത്‌. കുട്ടികളുട നാടകക്കളരി, പഠനോത്സവം, കളിമുറ്റം, കുട്ടിക്കളി ആട്ടം എന്നിവയായിരുന്നു ഇത്തവണത്തെ കളി ആട്ടം പരിപാടിയുടെ ഉള്ളടക്കം.

പ്രധാന വേദിയായ സർഗവനിയിൽ ദാമുകാഞ്ഞിലശ്ശേരി നഗരിക്ക്‌ പുറമെ, സമീപത്തായി പത്തോളം നാടകപ്പുരകളൊരുക്കിയാണ് ഇത്തവണ കളി ആട്ടം നടന്നത്. പ്രദേശത്തെ വിവിധ റെസിഡൻഷ്യൽ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് കളിമുറ്റം ഒരുക്കിയിരുന്നത്‌. നാടക വേദിയെ ജ്വലിപ്പിച്ച സോഫോക്ലിസ്‌, സോക്രട്ടീസ്‌, കാളിദാസൻ, ഷേക്സ്പിയർ, ജി.ശങ്കരപ്പിള്ള, പ്രൊഫ. എസ്‌ രാമാനുജം, കെ.ടി. മുഹമ്മദ്‌, തിക്കോടിയൻ, തോപ്പിൽ ഭാസി, വി.ടി.ഭട്ടതിരിപ്പാട്‌ തുടങ്ങിയ മഹാപ്രതിഭകളുടെ പേരിലായിരുന്നു നാടകപ്പുരകൾ നാമകരണം ചെയ്യപ്പെട്ടത്‌.

ക്യാമ്പിൽ വിവിധ ദിവസങ്ങളിലായി ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ജോയ്‌ മാത്യൂ, ഡോ. കെ ശ്രീകുമാർ, കലാ-സാംസ്കാരിക രംഗത്തുള്ള പ്രമുഖർ കുട്ടികളുമായി സംവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here