ഫര്‍സീന്‍ അലി
പ്ലസ് റ്റുവിന് കുറ്റ്യാടി ഗവ ഹയർസെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന കാലമാണെന്നാണോർമ്മ. ഒരു ദിവസം യാദൃശ്ചികമായാണ് കയ്യിൽ കിട്ടിയ ഹിന്ദു പത്രത്തിൽ ‘സൈക്ലിംഗ് സിറ്റീസ് ‘ എന്ന തലക്കെട്ടിലൊരു ലേഖനം കണ്ണിൽ പെടുന്നത്. ലോകത്ത് സൈക്ലിംഗ് സജീവമായ നഗരങ്ങളെ കുറിച്ചും സൈക്ലിംഗിന്റെ അപാര സാധ്യതയെ ഭരണകൂടം ഉപയോഗപ്പെടുത്തേണ്ടതിനെ കുറിച്ചുമൊക്കെയുള്ള ആ പത്രലേഖനത്തോട് എന്ത് കൊണ്ടോ എനിക്ക് താൽപര്യം തോന്നി. ആ ഭാഗം മാത്രം കത്രികയുപയോഗിച്ച് വെട്ടിമുറിച്ച് ഭദ്രമായി മേശയിൽ സൂക്ഷിക്കുകയും ചെയ്തു.
സൈക്കിളിനോട് പണ്ട് മുതൽക്കേ വല്ലാത്തൊരു മുഹബ്ബത്തായിരുന്നു. നാലിലോ അഞ്ചിലോ പഠിക്കുന്ന സമയത്താണ് സ്വന്തമായൊരു സൈക്കിൾ ലഭിക്കുന്നത്. കടും ചൊമല നിറത്തിലുള്ളൊരു അര സൈക്കിൾ. മെയിൻ റോഡിലിറങ്ങാൻ അനുമതിയില്ലാത്തതിനാൽ പകുതി നികത്തിയ വയൽ വരമ്പുകളും പോക്കറ്റ് റോഡുകളുമായിരുന്നു പ്രധാന റൂട്ടുകൾ. സ്കൂളിൽ ക്ലാസുകൾ ഓരോന്നായി കയറി ബാല്ല്യേക്കാരൻ ആവാൻ തുടങ്ങിയപ്പോൾ സമപ്രായക്കാരൊക്കെ മോട്ടോർ ബൈക്കിലേക്ക് ചേക്കേറാൻ തുടങ്ങി. പതിനെട്ട് വയസ്സ് ആവാത്തതിനാൽ നിയമസംവിധാനത്തിന്റെ പരിധി വിട്ട് യാതൊന്നും ചെയ്യാത്ത പിതാവ് ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് തന്നുമില്ല.
‘വല്ല്യ’ കുട്ടി ആയതോണ്ട് സൈക്കിളോടിക്കാനും, ലൈസൻസ് ഇല്ലാത്തോണ്ട് ബൈക്കോടിക്കാനുമാവാതെ ഞാൻ വല്ലാതെ വിഷമിച്ചിരിക്കുന്ന സമയത്താണ് മേൽ പറഞ്ഞ ആ ലേഖനം കാണുന്നത്. സൈക്കിൾ ചെറിയ കുട്ടികൾക്ക് മാത്രമുള്ളവയല്ലെന്നും നഗരങ്ങളിൽ മുതിർന്നവരും വ്യാപകമായി സൈക്കിൾ ഉപയോഗിക്കുന്നവരെന്നുമുള്ള അറിവ് അന്നെനിക്ക് പുതിയതായിരുന്നു. സൈക്കിളുകൾ കീഴടക്കുന്ന ഇന്ത്യൻ തെരുവുകൾ കിനാവ് കണ്ട് കുറച്ച് കാലം നടന്നുവെന്നല്ലാതെ സൈക്കിളെടുത്തൊന്ന് ടൗണിലൊന്നിറങ്ങാൻ പോലും എന്റെ ദുരഭിമാന ബോധം എന്നെ അനുവദിച്ചിരുന്നില്ല. പിന്നീട് വയസ്സ് പതിനെട്ടായതും ബൈക്കും കാറുമോടിക്കാനുള്ള ലൈസൻസ് കിട്ടിയതും സൈക്കിളിന്റെ കാര്യം തന്നെ ഓർമ്മയിൽ നിന്ന് വിട്ട് പോകാൻ കാരണമായി.
ഡിഗ്രിക്ക് നാദാപുരത്ത് പഠിക്കുന്ന കാലത്താണ് സൈക്കിൾ വീണ്ടും മുമ്പിലെത്തുന്നത്. ഫെയ്സ്ബുക്ക് ന്യൂസ്‌ഫീഡിൽ പല തവണ സൈക്കിൾ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. സൈക്ലിംഗ് ക്ലബുകളും ഇവന്റുകളും വ്യാപകമായി. ആയിടക്ക് തലസ്ഥാന നഗരികളിൽ, ഡൽഹിയിലും തിരുവനന്തപുരത്തും സുഹൃത്തുക്കളുടെ സൈക്കിളിൽ അതത് നഗരങ്ങളിൽ സൈക്കിളിൽ കറങ്ങാൻ കഴിഞ്ഞതതിന് ശേഷമാണ് സൈക്കിൾ വല്ലാതെ പ്രലോഭിപ്പിക്കാനാരംഭിച്ചത്. നാട്ടിലെ അന്തരീക്ഷം, പക്ഷെ പ്രതികൂലമായിരുന്നു. ആഗ്രഹം പങ്കുവെച്ച ഒരാൾ പോലും പിന്തുണച്ചില്ലെന്ന് മാത്രമല്ല, നൈസ് ആയി പുഛിക്കാനും മറന്നില്ല. ഡിഗ്രി കഴിഞ്ഞ് സപ്ലിയടിച്ച് നാട്ടിൽ നിൽക്കാനാവാതെ മലപ്പുറത്തെത്തിയപ്പോയാണ് ഒരു സൈക്കിൾ വാങ്ങാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം വീണ്ടും സൈക്കിൾ സ്വന്തമാക്കിയെങ്കിലും തിരിച്ച് നാട്ടിൽ എത്തിയതിന് ശേഷം വീണ്ടും വീട്ടിലെ പോർച്ചിൽ വിശ്രമത്തിലാണ് പുള്ളി.
പറഞ്ഞു വരുന്നത് വേറൊന്നുമല്ല. കേരളത്തിലെ ശരാശരി സൈക്കിൾപ്രേമി കടന്ന് വന്ന വഴികൾ ഇത്പോലൊക്കെ തന്നെയായിരിക്കും. നാട്ടുകാരുടെ ‘അളിഞ്ഞ’ നോട്ടം സഹിക്കാനാവാത്തത് കൊണ്ട് തന്നെയാവണം പലരും തങ്ങളുടെ സൈക്കിൾ മോഹം മനസ്സിൽ തന്നെ കൊണ്ടു നടക്കേണ്ടി വരുന്നതും. വികസിത രാജ്യങ്ങൾ സൈക്കിൾ സംസ്കാരത്തിലേക്ക് തിരിച്ച് നടക്കുമ്പോൾ നമ്മളിപ്പോയും സൈക്ലിസ്റ്റുകളെ പുഛം കലർന്ന നോട്ടത്താൽ തളർത്തുകയാണ് ചെയ്യുന്നത്.

എന്ത് കൊണ്ട് സൈക്കിൾ ?
സൈക്ലിംഗിന്റെ ആരോഗ്യ, സാമ്പത്തിക, സാമൂഹിക വിശേഷഗുണങ്ങളെ കുറിച്ചുള്ള പഠനങ്ങൾ സൈക്ലിംഗിന്റെ അപാരമായ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കാൻ സൈക്കിൾ സവാരിയോളം വരില്ല ഒരു വ്യായാമവും. സ്ഥിരമായി സൈക്കിൾ ചവിട്ടുന്നവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. നല്ല ഉറക്കം, ഉന്മേഷം, ഭാരംകുറയൽ, ദീർഘായുസ്, നിത്യയൗവനം തുടങ്ങി ഒട്ടേറെയുണ്ട് സൈക്ലിംഗിനു ഗുണങ്ങൾ. സൈക്ലിംഗ് ചെയ്യുന്നത് മൂലം ധാരാളം ഓക്‌സിജനും പോഷകങ്ങളും ത്വക്കിലെത്തും, UV രശ്മികളില്‍നിന്നും ത്വക്ക് സംരക്ഷിക്കപ്പെടും. ശരീരത്തിലെ വിഷപദാര്‍ഥങ്ങള്‍ വേഗത്തില്‍ പുറന്തള്ളപ്പെടും. ത്വക്കില്‍ ചുളിവുകള്‍ വീഴുന്നത് കുറയും. തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കി ഓര്‍മശക്തിയെ ഉത്തേജിപ്പിക്കും.
കരിയും പുകയുമായി അന്തരീക്ഷത്തെ നശിപ്പിക്കാതെ പ്രകൃതിസൗഹൃദ സഞ്ചാര മാർഗ്ഗമെന്ന നിലയിലും ഇന്ധന ചിലവില്ലാതെ സാമ്പത്തിക ലാഭം നൽകുന്നു എന്ന നിലയിലും സൈക്കിൾ ഏറെ യൂസർഫ്രണ്ട്‌ലിയാണ്. ആഗോള തലത്തിൽ ജനങ്ങൾ സൈക്ലിംഗ് സംസ്കാരം തിർച്ച് പിടിച്ച് കൊണ്ടിരിക്കുകയാണ്. സൈക്കിളുകളെ കൂടി ഉൾക്കൊള്ളുന്ന തരത്തിലാണ് ആധുനിക നഗരങ്ങൾ രൂപകൽപന ചെയ്യുന്നത്. പല രാജ്യങ്ങളിലും നഗരങ്ങളിലും സൈക്കിളോടിക്കാൻ പ്രത്യേക സൈക്കിൾ ട്രാക്കുകളാണുള്ളത്. ഇന്ത്യയിൽ 207 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ച ആഗ്ര സൈക്കിൾ ഹൈവേ എഷ്യയിലെ തന്നെ ആദ്യ സൈക്കിൾ ഹൈവേകളിലൊന്നാണ്.
സൈക്ലിംഗ് കേരളത്തിൽ
നിരവധി സൈക്ലിംഗ് ക്ലബുകൾ കേരളത്തിൽ പ്രവർത്തിച്ചു വരുന്നു. ക്ലബുകളുടെ ഭാഗമായും അല്ലാതെയും കേരളത്തിൽ അടുത്ത കാലത്തായി സൈക്ലിംഗ് സംസ്കാരം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുന്നു എന്നത് ശുഭസൂചനയാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലബാർ റൈഡേർസ്, പറവൂർ ബൈക്കേർസ്, കൊച്ചി ബൈക്കേർസ് തിരുവനന്തപുരം സി.ഇ.ടി സൈക്ലിംഗ് ക്ലബ് തുടങ്ങിയവ സൈക്ലിംഗ് മേഖലയിൽ സജീവമായി പ്രവർത്തിച്ച് ക്ലബുകളിൽ ചിലതാണ്. വിവിധ ക്ലബുകളുടെ ഭാഗമായി സംഘടിപ്പിച്ച് വരുന്ന സൈക്കിൾ റാലികളും ബോധവൽക്കരണ പരിപാടികളും സൈക്ലിംഗിലേക്ക് നിരവധി പേരെയാണ് ആകർഷിക്കുന്നത്. കേരളത്തില്‍ ഒരു വർഷം വില്‍ക്കപ്പെടുന്നത് ഏകദേശം അഞ്ചുലക്ഷം സൈക്കിളാണ്. 70 ശതമാനം സൈക്കിളുകളും സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഉപയോഗിക്കുന്നത്.
സൈക്കിൾ സംസ്കാരം സംസ്ഥാനത്ത് വ്യാപകമായി വളരുന്നുവെങ്കിലും സർക്കാർ തലത്തിൽ ഇതിനാവശ്യമായ പ്രോത്സാഹനങ്ങൾ വേണ്ട വിധത്തിൽ ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. സൈക്കിൾ ഫ്രണ്ട്‌ലി നഗരങ്ങൾക്കും റോഡുകൾക്കുമുള്ള ആവശ്യമുയരാൻ തുടങ്ങിട്ട് കാലമേറെ ആയെങ്കിലും അനുകൂല നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. നഗരങ്ങളിലെ ഗതാകത കുരുക്കുകൾക്കും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും നല്ല മാർഗ്ഗമെന്ന നിലയിൽ അടിയന്തിര പ്രാധാന്യത്തോടെ സർക്കാർ ഈ വിഷയം പരിഗണിക്കുകയാണെങ്കിൽ കേരള മോഡൽ സൈക്കിൽ വിപ്ലവം സാധ്യമാണ് എന്ന കാര്യത്തിൽ സംശയമില്ല.
വീട്ടിലും ഉണ്ട് എന്റെ ദുരഭിമാനം കാരണം നിരത്തിൽ ഇറങ്ങാൻ കഴിയാതെ വീർപ് മുട്ടുന്ന സൈക്കിൾ.
ഒരു കാര്യം എന്താണെന്ന് വെച്ചാൽ, ഗ്രാമങ്ങളിലും ഉൾനാട്ടിലും ഒക്കെ ആണ് സൈക്കിൾ ഉപയോഗിക്കാൻ ചെരുപ്പക്കര്ക്കും മുതിർന്നവർക്കും മടി. സിറ്റികൾ സൈക്കിൾ എന്ന സിസ്റ്റത്തിനോട് വ്യായാമം ചെയ്യാൻ എന്ന ഒരു അവശ്യത്തിനെങ്കിലും accept ചെയ്യുന്നുണ്ട്.
തകർത്തെഴുതി….
ന്നാലും ഇന്റെ ഉള്ളിൽ ഇങ്ങിനെ ഒരു സൈക്ലിസ്റ്റ് ഉണ്ടെന്ന് നാട്ടുകാരൻ ആയ ഞാനൊന്നും ഇത് വരെ മനസ്സിലാക്കിയിരുന്നില്ല?
Farzeen Ali നല്ല എഴുത്ത് ??
നല്ല എഴുത്ത്.–
കഴിഞ്ഞ ദിവസം സൈക്കിളുമായി താങ്കൾ പേരാമ്പ്രയിലും അവിടെ നിന്ന് 4 കിലോമീറ്റർ അകലെ എന്റെ നാട്ടിലും ന്യൂസ് ആവശ്യത്തിന് വന്നപ്പോൾ എന്റെ മനസ്സിലും തോന്നി മുകളിൽ പറഞ്ഞ വികാരം ഇവനൊരു മോട്ടോർ ബൈക്ക് എടുത്ത് കൂടെ എന്ന് …
അത് ചോദിച്ചില്ലെന്ന് മാത്രം..
ഇങ്ങനൊരു ചിന്തയാണ് അതിലേക്ക് നയിച്ചതെന്ന് അറിഞ്ഞില്ല.
ചില വിപ്ലവങ്ങളുടെ തുടക്കം ചില വ്യക്തികളിൽ നിന്നാണ് ഇതും അത്തരത്തിൽ ഒന്നാവട്ടെ…
Well done..
Idhil Calicut ninn malappurathekum thirichum cyclil yaathra cheydhadhonnum illallo…,?