കത്വ: ചിത്രങ്ങളിലൂടെ പ്രതിഷേധിച്ച ദുർഗ്ഗാ മാലതിയ്ക്കു നേരെ സൈബർ ആക്രമണം

0
951

നിധിൻ. വി.എൻ

കത്വ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ ചിത്രം വരച്ച് പ്രതിഷേധിച്ച ദുർഗ്ഗാ മാലതിയ്ക്കു നേരെ ആസൂത്രിത സൈബർ ആക്രമണം. ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമാക്കിയവർക്കെതിരെ, എട്ടു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന നീച്ചത്വത്തിനെതിരെ തന്റെ ചിത്രങ്ങളിലൂടെ പ്രതികരിക്കുകയായിരുന്നു ചിത്രകാരിയും, അധ്യാപികയുമായ ദുർഗ്ഗാ മാലതി. കത്വ പീഡനത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച ദുർഗ്ഗാ മാലതി ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അവർക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്.

“ലിംഗം കൊണ്ട് ചിന്തിക്കുന്നവർ…..ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവർ,ലിംഗം കൊണ്ട് പ്രാർത്ഥിക്കുന്നവർ…. അവരുടേത് കൂടിയാണ് ഭാരതം… ഇങ്ങനെ പോയാൽ അവരുടേത് മാത്രമാകും ” എന്നെഴുതി പ്രതിഷേധ ചിത്രങ്ങൾക്കൊപ്പം  ദുർഗ്ഗ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾ കഴിയുമ്പോഴെയ്ക്കും സൈബർ ആക്രമം തുടങ്ങുകയായിരുന്നു.

”ഞാന്‍ ആദ്യം വരച്ചത് ലിംഗത്തില്‍ പെണ്‍കുട്ടിയെ കെട്ടിവച്ചിരിക്കുന്ന ചിത്രമാണ്. അതിന് സംഘപരിവാറിന്റെ ചീത്തവിളി ഉണ്ടായിരുന്നു. പിന്നീട് വരച്ചതാണ് ശൂലത്തിന്റെ നടുവില്‍ ലിംഗം വരുന്ന ചിത്രം. അത് ആ പെണ്‍കുട്ടിയെ കൊന്നവര്‍ തങ്ങളുടെ ലിംഗം ശൂലം പോലെ ഉപയോഗിച്ചു എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. ഇന്നലെ രാത്രിയോടെയാണ് സൈബര്‍ ആക്രമണം വര്‍ദ്ധിച്ചത്. ഉത്തരേന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്റെ ഫേസ്ബുക്കില്‍ വന്ന് തെറിവിളിക്കുന്നുണ്ട്. ട്വിറ്ററില്‍ ഞാന്‍ ആക്റ്റീവല്ല. എന്നിട്ടും അവര്‍ തന്നെ ആ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ചീത്ത വിളിക്കുന്നുണ്ട്. ആരും നിന്റെ പുറകെ സംരക്ഷിക്കാന്‍ എകെ 47-നുമായി ഉണ്ടാകില്ല, ഈ സംഭവങ്ങളെല്ലാം കഴിയുമ്പോള്‍ നിന്റെ ജീവനു വേണ്ടി യാചിക്കേണ്ട അവസ്ഥ നിനക്ക് വരും എന്ന പരസ്യമായ വെല്ലുവിളിയാണ് അവരുയര്‍ത്തിയിരിക്കുന്നത്.” എന്ന് ഫെയ്സ് ബുക്ക് ലൈവിൽ വന്ന ദുർഗ്ഗ പറയുന്നു.

കത്വ സംഭവത്തില്‍ പ്രതികരിക്കുന്ന എല്ലാ വ്യക്തികളെയും അസഭ്യം പറഞ്ഞ് ഒതുക്കുക എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ”എന്നെ ചീത്തവിളിച്ച് ഈ സംഭവം ഒതുക്കിത്തീര്‍ക്കാം എന്നായിരിക്കാം അവര്‍ ചിന്തിച്ചിരിക്കുക. കാരണം അപ്പോഴേയ്ക്കും ശ്രദ്ധ വഴിമാറിപ്പോകുമല്ലോ. ചിത്രങ്ങള്‍ റീമൂവ് ചെയ്യാന്‍ എന്നോട് എല്ലാവരും പറയുന്നുണ്ട്. പക്ഷേ ഞാനതിന് തയ്യാറല്ല. എന്നെ തെറി വിളിക്കുന്നവര്‍ പ്രകടിപ്പിക്കുന്നത് അവരുടെ സംസ്‌കാരമാണ്. അതിന് ഞാന്‍ അപമാനം വിചാരിക്കേണ്ട കാര്യമെന്ത്? ഞാനൊന്നിനും പ്രതികരിക്കാന്‍ പോകുന്നില്ല. ഇവരുടെ സംസ്‌കാരം എല്ലാവരും അറിയട്ടെ”യെന്നും ദുർഗ്ഗ പറയുന്നു. മലയാളത്തിൽ മാത്രമല്ല, കന്നട, തെലുങ്ക്, തമിഴ് ഭാഷകളിലും ദുര്‍ഗ്ഗയ്‌ക്കെതിരെ സൈബര്‍ അക്രമണം ശക്തമാകുന്നുണ്ട്. ഇപ്പോൾ ദുർഗ്ഗയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് വെർബൽ റെയ്പ്പ് നടത്തുകയാണ് പ്രതിഷേധക്കാർ.

ആദ്യമായല്ല ദുർഗ്ഗയ്ക്കുനേരെ ആക്രമണം നടത്തുന്നത്. മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ദുർഗ്ഗ വരച്ച ചിത്രത്തിനെതിരെയും, ഭഗവതിയുടെ വിഗ്രഹം മെൻസസ് ആയ കാരണത്താൽ അമ്പലത്തിൽ നിന്ന് പുറത്താക്കിയതായി കാണിച്ച ചിത്രത്തിനെതിരെയും സംഘപരിവാർ വ്യാപക അക്രമം നടത്തിയിരുന്നു.

ദുര്‍ഗയുടെ പോസ്റ്റ്‌  വായിക്കാം

സൈബര്‍ ആക്രമണം നേരിടുന്ന ദുര്‍ഗയുടെ പ്രൊഫൈല്‍ 

LEAVE A REPLY

Please enter your comment!
Please enter your name here