പ്രശസ്ത നാടകസംവിധാകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

0
84

പ്രശസ്ത നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്‍ (54) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാവിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍ രംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് പ്രശാന്ത് നാരായണന്‍. കോളമിസ്റ്റ്, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, നടന്‍, നാടകരചയിതാവ്, സംവിധായകന്‍, ആട്ടക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ചു. പതിനേഴാം വയസ്സിലാണ് ഭാരതാന്തം ആട്ടക്കഥ എഴുതുന്നത്. തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായരുടേയും ശാന്തകുമാരി അമ്മയുടേയും മകനാണ്. തിരുവനന്തപുരം സെന്റ്.ജോസഫ്സ് സ്‌കൂള്‍, യൂണിവേഴ്സിറ്റി കോളേജ്, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

പതിനഞ്ചാമത്തെ വയസ്സു മുതല്‍ നാടകങ്ങള്‍ എഴുതിത്തുടങ്ങി. മുപ്പതോളം നാടകങ്ങള്‍ എഴുതി. അറുപതില്‍പ്പരം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2008-ല്‍ മോഹന്‍ലാലിനേയും മുകേഷിനേയും ഉള്‍പ്പെടുത്തി ചെയ്ത ‘ഛായാമുഖി’ എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

പ്രമേയത്തിന്റെ പ്രത്യേകതയും സമകാലിക വിഷയപ്രസക്തിയും സംവിധാനമികവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘മകരധ്വജന്‍’ എന്ന നാടകം, സ്ത്രീയുടെ സ്വത്വവേവലാതികളെയും സ്ത്രീശാക്തീകരണത്തെയും പ്രമേയമാക്കിയ ‘കറ ‘ എന്ന ഒറ്റയാള്‍ നാടകം, ‘താജ് മഹല്‍’ എന്ന ശക്തമായ രാഷ്ട്രീയബിംബം പ്രമേയമാക്കിയ കവിതയുടെ ദൃശ്യാവിഷ്‌കാരമായ ‘താജ്മഹല്‍’ എന്ന നാടകം എന്നിവ പ്രശാന്ത് നാരായണന്റെ ശ്രദ്ധേയമായ സൃഷ്ടികളാണ്.

ടാഗോറിന്റെ തപാലാപ്പീസ്, ഷേക്സ്പിയറിന്റെ ഹാംലെറ്റ്, ഭാസന്റെ ഊരുഭംഗം തുടങ്ങിയവയാണ് പ്രധാനമായും സംവിധാനം ചെയ്ത നാടകങ്ങള്‍. എം.ടിയുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി മഹാസാഗരം എന്ന പേരില്‍ നാടകമവതരിപ്പിച്ചു.

2003 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനയ്ക്കുള്ള അവാര്‍ഡ്, 2011 ല്‍ ദുര്‍ഗ്ഗാദത്ത പുരസ്‌കാരം, 2015 ല്‍ എ പി കളയ്ക്കാട് അവാര്‍ഡ്, 2016ല്‍ അബുദാബി ശക്തി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here