Editor’s View
കായിക രംഗത്തെ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് വാചാലരാകുന്നവര്‍ ഇന്ത്യന്‍ പുരുഷ പരിശീലകരില്‍ ചിലരുടെയെങ്കിലും വനികളോടുള്ള വനിതകളോടുള്ള പെരുമാറ്റത്തെക്കുറിച്ച് പറയുകയോ പരിഭവിക്കുകയോ ചെയ്യാന്‍ ഭയക്കുന്നവരാണ് എന്നുപറഞ്ഞത് സാക്ഷി മാലികായിരുന്നു. എന്തുകൊണ്ടാണ് ഇവര്‍ ഭയപ്പെടുന്നത് എന്ന സംശയത്തിന്റെ ഉത്തരം ഇതിനോടകം രാജ്യം മനസ്സിലാക്കിയിരിക്കുന്നു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കേ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിപ്പെടുകയും, അയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുകയും ചെയ്ത ഗുസ്തി താരങ്ങളിലൊരാളായ സാക്ഷി മാലിക് ഗുസ്തിയില്‍ നിന്ന് വിരമിച്ചിരിക്കുകയാണ്. പതിനൊന്ന് മാസത്തിനുശേഷം നടന്ന ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ അനുയായി വീണ്ടും ജയിച്ചതോടെയാണ് സാക്ഷി രാജിവെച്ചത്.
നീതിക്കുവേണ്ടി നാല്പത് ദിവസം സമരം ചെയ്ത കായിക താരങ്ങള്‍ക്ക് എന്ത് നീതിയാണ് ലഭിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാകുന്നു. ഗംഗയില്‍ മെഡല്‍ ഒഴുക്കാന്‍ പോയ താരങ്ങളെ പിന്തിരിപ്പിച്ചത് കര്‍ഷകരായിരുന്നു. കായിക താരങ്ങള്‍ സമരം അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക് കേന്ദ്രം നല്‍കിയ വാക്കുകളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായിരിക്കുന്നു. കായിക താരങ്ങള്‍ പുറത്താക്കാന്‍ ആവശ്യപ്പെട്ട ആളിലേക്ക് തന്നെ അധികാരമെത്തുകയാണ്. ലൈംഗിക പരാതി ഉയര്‍ത്തിയ വനിതാ താരങ്ങളുടെ പിന്തുണയോടെ മത്സരിച്ച മുന്‍ ചാമ്പ്യന്‍ അനിത ഷെറോണിനെ തോല്‍പ്പിച്ചുകൊണ്ടാണ് ബ്രിജ് ഭൂഷണ്‍ ശരണിന്റെ അനുയായ സഞ്ജയ് സിങ് വിജയിച്ചത്.
ആരാണ് സഞ്ജയ് സിങ്?
ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന സഞ്ജയ് സിങ് നിലവില് ദേശീയ ഫെഡറേഷന്‍ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ബ്രിജ് ഭൂഷണ്‍ ശരണിന്റെ വലംകൈയായ സഞ്ജയ് സിങ് വിജയിച്ചതോടെ 11 മാസത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ പഴയ ഫെഡറേഷന്‌റെ പ്രതിനിധി തന്നെ ജയിച്ചുവെന്നാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന ആഹ്വാനമായി മാത്രമേ ബ്രിജ് ഭൂഷണിന്റെ ഈ പ്രസ്താവനയെ വായിക്കാനാവുകയുള്ളു. മത്സരിച്ച അന്തര്‍ദേശീയ മത്സരങ്ങളുടെ പേരോ, നേടിയ മെഡലുകളുടെ വിവരങ്ങളോ ലഭ്യമല്ലാത്ത സഞ്ജയ് സിങ് പരാജയപ്പെടുത്തിയത് കോമണ്‍വെല്‍ത്ത് മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അനിത ഷേരോണിനെയാണ്.
ബ്രിജ് ഭൂഷണ്‍ എന്ന വോട്ട് ബാങ്ക്
രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങള്‍ ബ്രിജ് ഭൂഷണ്‍ ശരണിനെതിരെ രംഗത്തെത്തിയിട്ടും കേന്ദ്രം അദ്ദേഹത്തിനെതിരെ രംഗത്ത് വരാത്തതിന് പിന്നില്‍ ഒരൊറ്റ കാരണമേയുള്ളു. അത് അദ്ദേഹത്തിന്റെ സാധ്വീനമാണ്. 1991 ല്‍ ആദ്യം എംപിയായതുമുതല്‍ മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച രാഷ്ട്രീയ നേതാവാണ് ബ്രിജ് ഭൂഷണ്‍. 96ല്‍ ടാഡ നിയമപ്രകാരം കേസെടുത്തപ്പോള്‍ ഭാര്യയിലൂടെ അധികാരം നിലനിര്‍ത്തിയ രാഷ്ട്രീയ തന്ത്രജ്ഞന്‍ കൂടിയാണ് അദ്ദേഹം. അയോധ്യയ്ക്കും ശ്രാവസ്തിക്കും ഇടയിലുള്ള അമ്പതിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമ കൂടിയായ ബ്രിജ് ഭൂഷണ്‍ തന്റെ വോട്ട് ബാങ്കിനുള്ള ഉപാധിയായി സ്‌കൂളുകളെ ഉപയോഗിക്കുകയാണ്. ബാബരി മസ്ജിദ് കേസിലടക്കം പ്രതിയായ ബ്രിജ് ഭൂഷണിനെ ഒഴുവാക്കാന്‍ ബിജെപി സാധിക്കില്ല. അതുകൊണ്ടാണ് കായിക താരങ്ങളുടെ സമരത്തോട് മുഖം തിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി തീര്‍ന്നത്.
പ്രശ്‌നപരിഹാര നാടകത്തിന്റെ അവസാനഘട്ടമായിരുന്നു ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഫെഡറേഷന്‍ ബ്രിജ് ഭൂഷണ്‍ ശരണിന് തിരിച്ചേല്‍പ്പിച്ചപോലെയായിരുന്നു. സാക്ഷിയും വിനേഷ് ഫോഗട്ടും അടക്കമുള്ള കായിക താരങ്ങള്‍ നടത്തിയ സമരത്തിന് ഫലമില്ലാത്ത അവസ്ഥ വന്നിരിക്കുകയാണ്. ബ്രിജ് ഭൂഷണും കൂട്ടരും വാണിരുന്ന ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ അടിമുടി പ്രശ്‌നങ്ങളായിരുന്നെന്നായിരുന്നു ഉയര്‍ന്നിരുന്ന ആരോപണങ്ങള്‍. വനിത താരങ്ങള്‍ സുരക്ഷിതരല്ലാത്ത പൂര്‍വ്വാവസ്ഥയിലേക്ക് തന്നെ ഗുസ്തി ഫെഡറേഷന്‍ മാറും എന്നതിന്റെ സൂചനകൂടിയാണിത്. പ്രതീക്ഷയവസാനിച്ച്, തന്റെ കരിയര്‍ അവസാനിപ്പിക്കേണ്ടിവന്ന സാക്ഷിയുടെ മുഖം നമ്മുടെ ഓര്‍മ്മകളില്‍ എന്നും ഉണ്ടാകേണ്ടതായുണ്ട്. രാജ്യത്തിന്റെ കായിക ചരിത്രത്തിലെ കറുത്ത അധ്യായമാണിത്. ബ്രിജ് ഭൂഷണും അദ്ദേഹത്തെ സംരക്ഷിക്കുന്ന സര്‍ക്കാരിനെയും ചോദ്യം ചെയ്യുകതന്നെ വേണം. ഇത് രാജ്യത്തിന്റെ അഭിമാനപ്രശ്‌നമാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല