Editor’s View
സംസ്ഥാനത്ത് വന്ദേ ഭാരത് സര്‍വീസ് ആരംഭിച്ചപ്പോള്‍ സന്തോഷത്തോടെയാണ് നാട് അതിനെ വരവേറ്റത്. വേഗത്തില്‍ സംസ്ഥാനത്തിന്റെ രണ്ടറ്റത്തേക്കും സഞ്ചരിക്കാനുള്ള ഈ അവസരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച കേരളത്തിലാണ് വന്ദേ ഭാരതിന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്. വേഗതയുള്ളതും വൃത്തിയുള്ളതുമായ ട്രെയിന്‍ സര്‍വീസിനായി ജനം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായിരുന്നു. ആ സ്വപ്‌നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. സംസ്ഥാനത്തിന്റെ രണ്ടറ്റത്തേക്കുമുള്ള വന്ദേ ഭാരതിന്റെ മത്സരയോട്ടത്തിനിടയില്‍ വലഞ്ഞുപോയത് സാധരണക്കാരായ ട്രെയിന്‍ യാത്രികരാണ്. വന്ദേ ഭാരത് കടന്നുപോകുന്നതിനായി നിരവധി ട്രെയിനുകളാണ് വിവിധ ഇടങ്ങളില്‍ പിടിച്ചിടുന്നത്. ഫലമോ, ആ ട്രെയിനിലെ യാത്രികര്‍ ജോലി സ്ഥലങ്ങളിലേക്കോ സ്‌കൂളിലേക്കോ കോളേജിലേക്കോ കൃത്യ സമയത്തെത്താനാകാതെ വലയുന്നു.
മറ്റു ട്രെയിനുകളിലെ ജനറല്‍ കമ്പാര്‍ട്‌മെന്റുകളുടെ കുറവ് യാത്രക്കാരെ വലക്കുന്നതിനൊപ്പമാണ് വന്ദേ ഭാരതിന്റെ രംഗ പ്രവേശം. വന്ദേ ഭാരത് വന്നതിനുശേഷം ചില സര്‍വീസുകള്‍ നിര്‍ത്തുക കൂടി ചെയ്തതോടെ ട്രെയിന്‍ യാത്ര ദുരിതപൂര്‍ണമായെന്നതില്‍ തര്‍ക്കമില്ല. ആരാണ് ഈ പ്രശ്‌നത്തിന് ഇത്തരവാദി?
രാജധാനി, ഏറനാട്, പാലരുവി, ഇന്റര്‍സിറ്റി തുടങ്ങിയ ട്രെയിനുകളെല്ലാം വന്ദേ ഭാരത് മൂലം വൈകിയോടുന്നവയായി മാറിയിരിക്കുന്നു. തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 5:05 ന് പുറപ്പെട്ടിരുന്ന വേണാട് മുതല്‍ തുടങ്ങും ഈ സമയമാറ്റം. വേണാട് ഇപ്പോള്‍ 5: 25നാണ് പുറപ്പെടുന്നത്. വന്ദേ ഭാരതിന് മുമ്പ് എറണാകുളത്ത് ഓഫീസിലെത്തുന്നവര്‍ക്ക് ഈ ട്രെയിന്‍ ഉപകാരമായിരുന്നെങ്കില്‍ ഇപ്പോള്‍ സമയത്തിനെത്താന്‍ ഈ ട്രെയിനിലെ യാത്ര ഉപകരിക്കില്ല എന്ന സ്ഥിതി വന്നിരിക്കുകയാണ്. എറണാകുളം ജംഗ്ഷനില്‍ നിന്ന് വൈകീട്ട് 6:05 ന് പുറപ്പെടുന്ന കായംകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍ വന്ദേ ഭാരത് കടന്നുപോകുന്നതിനായി 40 മിനിറ്റാണ് കുമ്പളത്ത് പിടിച്ചിടുന്നത്. പാലരുവി എക്‌സ്പ്രസ്, കണ്ണൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചര്‍, എറണാകുളം ഇന്റര്‍സിറ്റി, ഏറനാട് എക്‌സ്പ്രസ്, പരശുറാം, നാഗര്‍കോവില്‍ – കോട്ടയം പാസഞ്ചര്‍ തുടങ്ങിയ ട്രെയിനുകളും വൈകിയോടേണ്ടി വരുന്നത് വന്ദേ ഭാരത് മൂലമാണ്.
മറ്റ് ട്രെയിനുകള്‍ പിടിച്ചിട്ട് വന്ദേ ഭാരത് കടത്തിവിടുന്ന രീതി പുനഃപരിശോധിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയും ഈ കാര്യം ആവശ്യപ്പെട്ട് നേരത്തെ കേന്ദ്ര മന്ത്രിക്ക് കത്തയച്ചിരുന്നു. മറ്റു ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്‌മെന്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്.
വന്ദേ ഭാരത് ട്രെയിനുകളുടെ സമയ പുനഃക്രമീകരണത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് യാത്രികരുടെ അഭിപ്രായം. വന്ദേ ഭആരതിന്റെ രാവിലത്തെ യാത്ര അഞ്ചു മണിക്കും മടക്കയാത്ര മൂന്നരയ്ക്കുമായി പുനഃക്രമീകരിച്ചാല്‍ നിലവിലെ ബുദ്ധിമുട്ടുകള്‍ ഒരുപരിധിവരെ പരിഹരിക്കാനാവുമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്‍ പറയുന്നത്. എന്നാല്‍ ഈ പുനഃക്രമീകരണങ്ങള്‍ താല്‍ക്കാലിക ആശ്വാസം മാത്രം നല്‍കുന്നവയാണെന്നതാണ് സത്യം. വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ക്ക് പോകുന്നതിനായി പുതിയ ട്രാക്ക് ഒരുക്കുക എന്നതാണ് ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം. പുതിയ ട്രാക്കൊരുക്കിയാല്‍ മറ്റു ട്രെയിനുകള്‍ പിടിച്ചിട്ടുകൊണ്ട് വന്ദേ ഭാരതിന് വഴിയൊരുക്കേണ്ട ആവശ്യം വരില്ല. വലിയ തുക നല്‍കി എല്ലാവര്‍ക്കും വന്ദേ ഭആരതില്‍ സഞ്ചരിക്കാന്‍ സാധിക്കില്ല. അതേ സമയം സാധാരണക്കാരായ യാത്രിക്കരുടെ സമയത്തിന് വിലയുണ്ടെന്ന കാര്യം റെയില്‍വേ ഓര്‍ക്കുകയും ഈ പ്രശ്‌നം പരിഹരിക്കേണ്ടതുമാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല