ആലപ്പുഴ: നെഹ്‌റുട്രോഫിക്കായി ചുണ്ടന്‍മാര്‍ ഇന്ന് പോരാട്ടത്തിനിറങ്ങും. പകല്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നെഹ്റുട്രോഫി ജലോത്സവം ഉദ്ഘാടനംചെയ്യും. ഒമ്പത് വിഭാഗങ്ങളിലായി 19 ചുണ്ടനടക്കം 72 വള്ളങ്ങളാണ് പോരാട്ടത്തിനിറങ്ങുന്നത്. ഇരുട്ടുകുത്തി എ ഗ്രേഡ് നാലും ഇരുട്ടുകുത്തി ബി ഗ്രേഡ് 15ഉം ഇരുട്ടുകുത്തി സി ഗ്രേഡ് 13ഉം വെപ്പ് എ ഗ്രേഡ് ഏഴും വെപ്പ് ബി ഗ്രേഡ് നാലും ചുരുളന്‍ മൂന്നും തെക്കനോടിത്തറ മൂന്നും തെക്കനോടികെട്ടി നാല് എന്നിങ്ങനെയാണ് വള്ളങ്ങളുടെ എണ്ണം. ഇരുട്ടുകുത്തി എ ഗ്രേഡ്, വെപ്പ് ബി ഗ്രേഡ്, തെക്കനോടി തറ, തെക്കനോടി കെട്ടി, ചുരുളന്‍ വിഭാഗങ്ങളില്‍ ഫൈനലാണ് നടക്കുക.
ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് എല്ലാ വിഭാഗങ്ങളിലും ജേതാക്കളെ തീരുമാനിക്കുന്നത്. പകല്‍ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സോടെ മത്സരങ്ങള്‍ ആരംഭിക്കും. ചുണ്ടന്‍വള്ളങ്ങളുടെ മത്സരത്തിന് അഞ്ച് ഹീറ്റ്സുകളുണ്ട്. ഓരോഹീറ്റ്സിലും നാലുവള്ളം വീതം. മികച്ചസമയം കുറിച്ച് ആദ്യമെത്തുന്ന നാലുവള്ളം ഫൈനലിന് യോഗ്യതനേടും. മികച്ചസമയം കുറിച്ച ആദ്യ ഒമ്പതുവള്ളങ്ങള്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് യോഗ്യത നേടും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജന്‍, സജി ചെറിയാന്‍, എം ബി രാജേഷ്, വീണാ ജോര്‍ജ്, വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. മാസ്ഡ്രില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഫ്‌ലാഗ്ഓഫ് ചെയ്യും. സുവനീര്‍ ടൂറിസം സെക്രട്ടറി കെ ബിജുവിന് എ എം ആരിഫ് എംപി കൈമാറും. എന്‍ടിബിആര്‍ പുറത്തിറക്കിയ ഉല്‍പ്പന്നങ്ങള്‍ ആലപ്പുഴ സെഷന്‍സ് ജഡ്ജ് ജോബിന്‍ സെബാസ്റ്റിയന് കൊടിക്കുന്നില്‍ സുരേഷ് എംപി കൈമാറും. അതിഥികള്‍ക്ക് പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഉപഹാരം നല്‍കും. മന്ത്രി പി പ്രസാദ് വിജയികള്‍ക്ക് സമ്മാനം നല്‍കും.
രാവിലെ 9 മുതല്‍ ഗതാഗത നിയന്ത്രണം
ജലോത്സവം കാണാന്‍ തണ്ണീര്‍മുക്കം റോഡിലൂടെ വടക്കുനിന്ന് വരുന്നവര്‍ വാഹനങ്ങള്‍ എസ്ഡിവി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം. എറണാകുളത്തുനിന്ന് നാഷണല്‍ ഹൈവേയിലൂടെ വരുന്ന വാഹനങ്ങള്‍ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേജങ്ഷന്‍ വഴി എസ്ഡിവി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം. ചങ്ങനാശേരിയില്‍നിന്ന് കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങള്‍ കാര്‍മല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം. ജലോത്സവം കഴിഞ്ഞ് നെഹ്‌റുപവലിയനില്‍നിന്ന് തിരികെ പോകാന്‍ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുണ്ട്. രാവിലെ ആറുമുതല്‍ ജില്ലാക്കോടതിപാലം മുതല്‍ ഫിനിഷിങ് പോയിന്റുവരെ കനാലിന്റെ ഇരുവശവും ജലവാഹനങ്ങളുടെ പാര്‍ക്കിങ്ങിനും നിരോധനമുണ്ട്.
ദൂരദര്‍ശനില്‍ തല്‍സമയം
നെഹ്റുട്രോഫി ജലോത്സവം ദൂരര്‍ശന്‍ തല്‍സമയം സംപ്രേഷണംചെയ്യും. ഡിഡി മലയാളം, ഡിഡി സ്‌പോര്‍ട്‌സ് ചാനലില്‍ പകല്‍ രണ്ടുമുതല്‍ സംപ്രേഷണം ഉണ്ടാകും. ഡിഡി നാഷണലില്‍ ഹിന്ദി കമന്ററി നല്‍കുന്നത് ആലപ്പുഴ സ്വദേശി സന്തോഷി റാണി സാഹ. ഇംഗ്ലീഷില്‍ നല്‍കുന്നത് എ ജി ജോര്‍ജ്, ചെറിയാന്‍ അലക്‌സാണ്ടര്‍ എന്നിവരാണ്. മലയാളത്തില്‍ ഹരികുമാര്‍ വാല്ലേത്ത്, ജോ ജോസഫ് തായങ്കരി, കെ എസ് വിജയനാഥ് എന്നിവരും.
വള്ളംതുഴഞ്ഞ് സ്വീപ് സംഘം
നെഹ്റുട്രോഫി ജലോത്സവത്തില്‍ തെരഞ്ഞെടുപ്പ് സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ടിസിപ്പേഷന്‍ പ്രോഗ്രാം) വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ എട്ടുമുതല്‍ ഒമ്പതുവരെ വള്ളത്തില്‍ പ്രദര്‍ശനതുഴച്ചില്‍ നടത്തും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രവേശനകവാടത്തോട് ചേര്‍ന്ന് സ്വീപ്പിന്റെ ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കും.