തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
തന്റെ സിനിമയായ ’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും വിനയന്‍ പുറത്തുവിട്ടിരുന്നു. ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി വിനയന്‍ നല്‍കിയിട്ടുണ്ട്.
അതിനിടെ രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാനെതിരെ സംവിധായകന്‍ വിനയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടോ എന്ന ചോദ്യം രഞ്ജിത്തിനോടാണ്. അതില്‍ മന്ത്രി ഇടപെടേണ്ടതില്ല. അക്കാദമി ചെയര്‍മാന് സാംസ്‌കാരിക മന്ത്രി ക്ലീന്‍ ചിറ്റ് കൊടുത്തെങ്കില്‍ രഞ്ജിത്തിന് പിന്നെ പ്രശ്‌നമൊന്നും ഇല്ലല്ലോ. അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ പ്രൊജക്ഷന്‍ നടക്കുമ്പോഴും ഡിസ്‌കഷന്‍ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ല്‌ല്ലോ? പിന്നെയെങ്ങനെ ചെയര്‍മാന്‍ ഇടപെട്ടില്ലെന്ന് പറയുന്നതെന്നും വിനയന്‍ ചോദിച്ചു. രഞ്ജിത്തിനെതിരെ ജൂറി അംഗമായ നേമം പുഷ്പരാജ് ഉയര്‍ത്തിയ ആരോപണം അന്വേഷിക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു.
അതേസമയം, തുടര്‍ച്ചയായി രണ്ടാംവര്‍ഷവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടിരിക്കുന്നു എന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്ന് മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (മൈക്ക്) അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞവര്‍ഷം പ്രാഥമിക ജൂറി തഴഞ്ഞ സിനിമയെ വിളിച്ചുവരുത്തി വേണ്ടപ്പെട്ടവര്‍ക്ക് അവാര്‍ഡ് കൊടുക്കുകയായിരുന്നുവെങ്കില്‍ ഇത്തവണ ചില സിനിമകള്‍ക്ക് അവാര്‍ഡ് കിട്ടാതിരിക്കാന്‍ ജൂറിയെ സ്വാധീനിക്കുകയായിരുന്നു. അക്കാദമി സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയായി ജൂറിയിലിരിക്കുന്നതിനെ നിയമപരമായി ചോദ്യംചെയ്തിട്ടുള്ള സംഘടനയാണ് മൈക്ക്. ജൂറിയില്‍ മെമ്പര്‍ സെക്രട്ടറിയുടെ സാന്നിധ്യംപോലും ചില കൈകടത്തലുകള്‍ക്ക് കാരണമാകും -ഭാരവാഹികള്‍ പറഞ്ഞു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല