അനിലേഷ് അനുരാഗ്
ആകാശത്തു നിന്ന് ആകസ്മികമായി അടർന്നുവീഴുന്ന ആലിപ്പഴങ്ങളല്ല തെറിപ്പദങ്ങൾ. അവ ഭൂമിയിൽ പൂവിനും, മുള്ളിനുമൊപ്പം മുളച്ചുപൊങ്ങുന്നവയാണ്. ഓരോ ദേശത്തേയും,കാലത്തേയും വ്യതിരിക്തമായ സസ്യജാലങ്ങൾ പോലെ തെറികൾ അവയുടെ ചരിത്രകാലഘട്ടത്തെയും, സാംസ്കാരിക പരിസരത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നു. ഒരിടത്തെ, ഒരു കാലത്തിലെ തെറി മറ്റൊരിടത്തും, വ്യത്യസ്ത കാലത്തിലും തെറി പോലുമാകണമെന്നില്ല. ഏത് പദത്തിനും ബാധകമാവുന്ന അർത്ഥാന്തരം പതിവിലും കൂടിയ വേഗത്തിലാണ് തെറിപ്പദങ്ങളെ പിടികൂടുക. അതുകൊണ്ട് തന്നെയാണ് ഭാഷാ-സാംസ്കാരിക പഠനങ്ങളിൽ നിന്നും തെറിയെ നമുക്ക് മാറ്റിനിർത്താനാകാത്തത്. ചുരുക്കത്തിൽ തെറി ഒരു സംസ്കാരത്തിൻ്റെ ഗുപ്തമായ അകക്കാമ്പിലേക്കുള്ള ഉചിതമായ ഒരു ചൂണ്ടുപലകയാണ്.
വീട്ടിലും, കുടുംബത്തിലും ശക്തമായ വിലക്കുള്ളതിനാൽ മിക്കവരുടേതും പോലെ എൻ്റേയും ആദ്യത്തെ ശക്തമായ തെറി-ഓർമ്മ വിവിധ (അ)ധാർമ്മിക ബോധങ്ങളുള്ള മനുഷ്യർ കൂട്ടം കൂടുന്ന ഒരു സാമൂഹ്യ പരിസരത്തിലായിരുന്നു: മുതിർന്നവർക്ക് മാത്രമുള്ള സിനിമ കാണിക്കുന്ന ഓല തീയേറ്റർ. മുതിർന്നു എന്ന് സ്വയം വിശ്വസിപ്പിച്ചു നില്കുന്ന ഞാനും, കൂട്ടുകാരൻ ബിജുവും. റോഡിൽ നിന്നും, ബസ്സിൽ നിന്നുമുള്ള നേർകാഴ്ചയിൽ നിന്ന് സ്വയം മറക്കാൻ പാടുപെടുന്ന ‘പുരുഷാരം’. പെട്ടെന്ന് ടിക്കറ്റ് കൊടുക്കാനുള്ള നീണ്ട മണി മുഴങ്ങി. എങ്ങനെയെങ്കിലും ടാക്കീസിനകത്ത് കേറിപ്പറ്റിയാൽ മതി എന്ന വെപ്രാളത്തിൽ ശക്തമായ ഉന്തും, തള്ളും. കുട്ടിയുടെ ശരീരപ്രകൃതിയുള്ള ഒരു ചെറിയ മനുഷ്യൻ ഉന്തിൽ വീണുപോയി. അയാളുടെ പുറത്തുചവിട്ടിക്കൊണ്ട് ജനം മുന്നേറിയപ്പോഴാണ് അത്ര വരെ അപ്രസക്തനായിരുന്ന, കലിപ്പ് ലുക്കുള്ള ഒരാൾ എല്ലാവരേയും തള്ളിമാറ്റിക്കൊണ്ട് ചീറ്റപ്പുലിയെ പോലെ ആക്രോശിച്ചത്: “മാറിനിക്കെടാ മയിരുകളേ !! ” ഒറ്റനിമിഷം !! സ്വിച്ചിട്ടപോലെ എല്ലാം നിശ്ശബ്ദമായി. വീണുപോയ ആളെ ആരോ പിടിച്ചെഴുന്നേല്പിച്ചു. മാരകമായ ഉന്ത് അവസാനിച്ചു. എല്ലാവർക്കും ടിക്കറ്റു കിട്ടി. രക്ഷകൻ്റെ അലർച്ച കേട്ട് നടുങ്ങിയെങ്കിലും എനിക്ക് അന്ന് ആ വാക്കിൻ്റെ കനം എന്താണെന്ന് മനസ്സിലായില്ല; ‘മയിൽ’ എന്നാണ് ഞാൻ കേട്ടത്. മയിലേന്ന് വിളിച്ചാൽ ആൾക്കാർ ഞെട്ടുന്നതെന്തിനാണ് ! അല്ലെങ്കിൽത്തന്നെ, ‘കുരങ്ങും’, ‘കഴുതയും’, ‘കാണ്ടാമൃഗ’വുമൊക്കെ ഉള്ളപ്പോൾ എന്താണ് മയിലിൻ്റെ പ്രസക്തി! ശരിക്കും മുതിരേണ്ടി വന്നു ഉത്തരം കിട്ടാൻ.
തമിഴിൽ ‘മുടി’,’ രോമം’ എന്ന കേവലാർത്ഥം മാത്രമുള്ള പദധാതു തെറിയുടെ കനമൊന്നും വഹിച്ചിരുന്നില്ല എന്ന് തോന്നുന്നു. രോമത്തിൻ്റെ വില മാത്രമുള്ളവൻ എന്ന അർത്ഥത്തിൽ, കൂടുതലും സുഹൃത്തുക്കൾക്കിടയിൽ ഉപയോഗിക്കപ്പെട്ടിരുന്ന ഈ കളിയാക്കൽ പ്രയോഗം ദുരഭിമാനം കൂടിയ മുൻകാല മലയാളികൾക്കിടയിൽ എത്തിയപ്പോഴായിരിക്കണം ഒരു തെറിയുടെ മാനം കൈവരിച്ചത്. ഭക്ഷണം കഴിക്കേണ്ട പാത്രമുണ്ടാക്കുന്നവരേയും, താടിയും മുടിയും മുറിച്ച് മനുഷ്യക്കോലമാക്കിത്തരുന്നവരേയും, അവരുടെ തൊഴിലിനേയും ജാതിതിരിച്ച് അധിക്ഷേപവാക്കുകളാക്കിമാറ്റിയ ‘ആർഷകേരള കഥകളിത്തല-കസവുമുണ്ട്-സെറ്റ് സാരി തിരുവാതിര കേരളത്തിന്’ അസഭ്യം കാണേണ്ട ഒന്നും ‘തമിഴ്-മയിര്’ ന് ഉണ്ടാവാനിടയില്ല. ഒരുപക്ഷെ, മലയാളത്തിലെ ‘പുല്ലി’ നോടു ചേർന്നു നില്കുന്ന ഒരു നിരാശാസ്വരം. ക്ലാസ്സിക്ക് തമിഴിലെ അന്യാദൃശമായ സംജ്ഞകളും,രൂപകങ്ങളും പാണ്ടി എന്ന് പറഞ്ഞ് ഒഴിവാക്കിയെങ്കിലും, തെറിയായിത്തീരാൻ ഭാവിയുള്ള വാക്കുകളെ മലയാളി വിട്ടുകളഞ്ഞില്ല. അങ്ങനെയായിരിക്കണം മലയാളി തെറി നിഘണ്ടുവിൽ ‘മയിരി’നും ഒരു സ്ഥാനമുണ്ടായത്. ശേഷം ചരിത്രമാണ്. പിരമിഡ് തുറന്നുവിട്ട മമ്മിയെപ്പോലെ ‘മയിര്’ നെ ഒരു പ്രത്യേക കുപ്പിയിലേക്ക് ആവാഹിക്കാൻ ഒരു മലയാളിയ്ക്കും കഴിഞ്ഞില്ല.
കേരളത്തിലുടനീളം ഉപയോഗിക്കപ്പെടുന്ന തെറികളെ സൂക്ഷ്മമായി പരിശോധിച്ചാൽ അതിലെല്ലാം വംശം, വർഗ്ഗം, ജാതി, മതം, ലിംഗം, ബന്ധങ്ങൾ, ലൈംഗീകത, പ്രദേശം, പ്രവിശ്യ മുതലായ സാംസ്കാരിക സൂചനകൾ കൃത്യമായി പ്രതിഫലിക്കുന്നതു കാണാൻ കഴിയും. അതുകൊണ്ടാണ് വടക്ക് പൊതുവെ പുരുഷ ലൈംഗീകാവയവം കൂട്ടിചേർത്ത് തെറി പ്രയോഗിയ്ക്കുമ്പോൾ, തെക്ക് അത് സ്ത്രീ ലൈംഗീകാവയവത്തിന് വഴിമാറുന്നത്; വടക്ക് അച്ഛന് – ആണിന് നേരെയുള്ള അധിക്ഷേപം തെക്ക് അത് അമ്മ – പെണ്ണിന് നേരെയുള്ള ഒന്നായി മാറുന്നത്. തമിഴിൽ നിന്ന് തന്നെ കടമെടുത്ത ‘താ*ളി’ എന്ന മാതൃനിന്ദ കേരളത്തിൻ്റെ തെക്കൻ അതിർത്തി ജില്ലകളിൽ എത്ര സുലഭമായാണ് ഉപയോഗിക്കപ്പെടുന്നത് ! ശരീരഭാഗങ്ങളുടെ അപകർഷതാ ബോധവും, ജാതി-മത വിവേചനങ്ങളും, ഭിന്നലൈംഗീകതയ്ക്ക് നേരെയുള്ള അസഹിഷ്ണുതയും, അന്യനെക്കുറിച്ചുള്ള മുൻവിധികളും തെറിയിൽ മുഴച്ചുനില്കുന്നത് കാണാനായി പ്രത്യേക പഠനമൊന്നും ആവശ്യമില്ല. ഒരു സംസ്കാരം എന്തിനെ അവമതിയ്ക്കുന്നു എന്നറിയാൻ തെറി മാത്രം ശ്രദ്ധിച്ചാൽ മതിയാവും.
എന്നാൽ ഈ സാമൂഹ്യ ‘മാനദണ്ഡ’ങ്ങളെയൊക്കെ അതിലംഘിച്ച പദമാണ് നിത്യജീവിതത്തിൻ്റെ ഉന്തിലും,തള്ളിലും നമ്മൾ വ്യത്യസ്ത അർഥങ്ങളിൽ – ദേഷ്യം, ഇഷ്ടം, നിരാശ, അത്ഭുതം, പ്രതീക്ഷ… – കേൾക്കുകയും, പ്രയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ‘മയിര്’. ഒരർത്ഥത്തിലും തളയ്ക്കാനാകാത്ത ഈ സവിശേഷ തെറി, വിവേചനങ്ങളിൽ നിന്നുടലെടുക്കുള്ള അധിക്ഷേപങ്ങളെ ‘മയിര്”എന്ന് പറഞ്ഞ് അവഗണിച്ചുകളയുന്നു,എന്നിട്ട് ‘സമത്വസുന്ദരമായ ഒരു തെറിലോകത്തെ വിഭാവനം ചെയ്യുന്നു.
NB: ഈയടുത്ത കാലത്ത് പുറത്തുവന്ന മൂന്ന് പ്രശസ്ത ‘മയിര്’ സംഭാവനകൾ:
1. OMKV എന്ന സൈബർ ചുരുക്കെഴുത്ത്.
2. ‘വീട്ടിലിരി മൈരേ’ എന്ന കൊറോണക്കാല സ്നേഹനിർദ്ദേശം/മുന്നറിയിപ്പ്.
3. ‘പൊളിസാനം ‘മയിര്’ എന്ന എയർഗൺ ക്യാപ്ഷൻ
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല