പവലിയൻ
ജാസിർ കോട്ടക്കുത്ത്
വർഷം 1976. കാനഡയിലെ മോൺട്രിയോളിൽ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സ് നടക്കുകയാണ്. അത്രയേറെ ജനപ്രീതിയില്ലാത്ത ജിംനാസ്റ്റിക്സിൽ മത്സരിക്കാനായി റുമാനിയയിൽ നിന്ന് ഒരു 14 കാരി പെൺകുട്ടി എത്തുന്നു. പിന്നെ നടന്നത് ചരിത്രമാണ്. അത് വരേയ്ക്കും ഏതൊരു ജിംനാസ്റ്റിനും അപ്രാപ്യമെന്ന് കരുതിയ പെർഫെക്ട് 10 എന്ന സ്കോർ നദിയാ കൊമനേച്ചി എന്ന ആ കായിക താരം നേടിയെടുക്കുന്നു. ഒരു തവണയല്ല, ഏഴ് തവണയാണ് താരം ആ ഒളിമ്പിക്സിൽ ഈ നേട്ടം സ്വന്തമാക്കിയത്.
കുട്ടിക്കാലം മുതലേ ജിംനാസ്റ്റിക്സിൽ പരിശീലനം തുടങ്ങിയ നദിയ തുടക്കം മുതലേ ദേശീയ മത്സരങ്ങളിൽ മികവ് പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. 1975ൽ അമേരിക്കയിൽ വെച്ചു നടത്തിയ പ്രകടനത്തിലൂടെ നദിയ കൊമനേച്ചി ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1972 മ്യൂണിച് ഒളിമ്പിക്സിൽ സോവിയറ്റ് താരം ഒൾഗ നടത്തിയ പ്രകടനത്തിലൂടെ ജിംനാസ്റ്റിക്സ് ജനശ്രദ്ധ ആകർഷിക്കുന്ന സമയം ആയിരുന്നു അത്. 1976 ജൂലൈ 18ന് കൊമനേച്ചിയുടെ പ്രകടനം അവസാനിച്ചപ്പോൾ സ്കോർ ബോർഡിൽ തെളിഞ്ഞത് 1.00 എന്ന നമ്പർ ആയിരുന്നു. ചെറിയ അംശങ്ങൾ പോലും മത്സര ഫലം നിർണയിക്കുന്ന ഒരു കായിക ഇനത്തിൽ മറ്റുള്ളവരുടെ ഫലങ്ങൾ എല്ലാം ഒമ്പതിനും പത്തിനുമിടയിലെ നമ്പറുകൾ ആയി തെളിഞ്ഞപ്പോൾ നദിയയുടെ പേരിന് നേരെ വന്ന 1.00 എന്ന സ്കോർ ഞെട്ടിക്കുന്നതായിരുന്നു. ഔദ്യോഗിക ഫല പ്രഖ്യാപനം വന്നപ്പോഴാണ് കൊമനേച്ചി 10 എന്ന മാജിക് നമ്പർ തൊട്ടു എന്ന കാര്യം ഏവർക്കും മനസിലായത്. ചരിത്രത്തിൽ അന്നേ വരെ ആരും ആ നേട്ടം കൈ വരിക്കാത്തതിനാലും അത് അസംഭവ്യം എന്ന് ഏവരും വിചാരിച്ചിരുന്നതിനാലും 10.0 എന്ന സ്കോർ സ്കോർബോർഡിൽ കാണിക്കുന്നതിനുള്ള സംവിധാനം അന്ന് ഏർപ്പെടുത്തിയിട്ടില്ലായിരുന്നു.വ്യക്തിഗത, ടീം ഇനങ്ങളിലായി മൂന്ന് സ്വർണ മെഡലുകൾ, ഒരു വെള്ളി, ഒരു വെങ്കലം എന്നിവ നേടിയാണ് നദിയ ആ ഒളിമ്പിക്സ് അവസാനിപ്പിച്ചത്. ഈ നേട്ടം ഒളിമ്പിക്സിൽ ആൾ റൗണ്ട് ടൈറ്റിൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ജിംനാസ്റ്റിക്സ് താരമാക്കി കൊമനേച്ചിയെ മാറ്റി. ഒരൊറ്റ ഒളിമ്പിക്സിലെ അവിശ്വസനീയമായ ഈ പ്രകടനം കൊമനേച്ചിക്ക് ‘The goddess from Montreal ‘ എന്ന വിളിപ്പേര് നൽകി.തന്റെ മാസ്മരിക പ്രകടനങ്ങളിലൂടെ പൂർണ്ണതയെന്ന വാക്കിന് നദിയയെന്ന് കൂടി പര്യായമെഴുതി ചേർത്ത ഈ കായിക താരവും അവരുടെ നേട്ടങ്ങളും എക്കാലവും ഓർമ്മിക്കപ്പെടും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല