സോമൻ പൂക്കാട്
“സാബ് അവരെല്ലാം മൂന്നാം വിളവെടുപ്പിന് പോയിരിക്കുകയാണ് ” . പ്രകൃതി തീ ക്കാറ്റൂതിയ ബീഹാറിൽ മൂന്നാം വിളവെടുപ്പോ ? അന്തം വിട്ടു നിന്ന സായിനാഥിനോട് കർഷകൻ ആ കഥ പറയുകയാണ്. വിളവെടുപ്പെന്നാൽ ദുരിതാശ്വാസവിതരണമാണ്.കർഷനു കിട്ടേണ്ട കോടിക്കണക്കിന് രൂപ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കന്മാരുടെയും ഇടനിലകാരുടെയും തന്ത്രപരമായ വിളവെടുപ്പിന്റെ ആ കഥ അറിയണമെങ്കിൽ എല്ലാവരും ‘ഒരു വരൾച്ച ഇഷ്ടപ്പെടുകയാണ്.”എന്ന സായിനാഥ്ന്റെ പുസ്തകത്തിലൂടെ ഒന്ന് യാത്ര ചെയ്യണം. നമ്മുടെ വയനാട് അട്ടപ്പാടി ആദിവാസി മേഖലകളിൽ സർക്കാർ ഒഴുക്കുന്ന പണം മോന്തിക്കുടിച്ച് ചീർത്തുവീർത്തു വളരുന്ന ചില എൻ ജി യോ സംഘാകനകളെപോലുള്ള കുളയട്ടകൾ ഇൻഡ്യയൊട്ടാകയുണ്ട്. ദരിദ്രരും പാവങ്ങളും അക്ഷരാഭ്യാസവുമില്ലാത്ത പട്ടിണിക്കോലങ്ങളുടെ ചോരയൂറ്റിക്കുടക്കാനായി .
ഇന്ത്യയിലെ കർഷകരെ ആത്മഹത്യയിലെക്കും ദുരിതങ്ങളിലേക്കും നയിക്കുന്ന കാരണങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങൾ ഇതിനകം നടന്നിട്ടുണ്ട്.അത്തരത്തിലൊരു പഠനപര്യടനത്തിനിടയിലാണ്
ബീഹാറിലെ കൊടും വരൾച്ചയുടെ ശാപമേറ്റ ദുരന്തഭൂവിൽ വെച്ച് ആ സാധു കർഷകനെ പത്രപ്രവത്തകനായ സായി നാഥ് കാണുന്നത്. അയാൾ നിർത്താതെ ചിരിക്കുന്നുണ്ടായിരുന്നു അപ്പോൾ …വരൾച്ചക്ക് സഹായമെത്തിക്കേണ്ട സർക്കാർ ഉദ്യോഗസ്ഥന്മാരെയൊന്നും അവിടെയങ്ങും കാണുന്നില്ലല്ലോയെന്ന് ചോദിച്ചപ്പോഴാണ് ആ കർഷകൻ ചിരിച്ചുകൊണ്ടു തങ്ങളെ ചൂഷണം ചെയ്തു കൊഴുത്തുതടിച്ചുവളരുന്ന ഉദ്യോഗസ്ഥന്റെ വിളവെടുപ്പിനെക്കുറിച്ച് വാചാലനായത്.എല്ലാമറിയാവുന്ന ഒരു ഇന്ത്യൻ കർഷകന്റെ കറുത്ത ചിരിയായിരുന്നു അപ്പോൾ അയാളുടെ മുഖത്ത്. വരൾച്ചയും കഷ്ട പ്പാടും ചൂഷണവും പട്ടിണിയും അനുഭവിക്കുന്ന ഇന്ത്യയിലെ കർഷകന്റെ യഥാർത്ഥചിരി.
ഇത് ഒരു ബീഹറിന്റെ മാത്രം കഥയല്ല.രാജ്യത്തുടനീളം കർഷക പ്രക്ഷോഭം വ്യാപിക്കുകയാണ്.കർഷക ദുരിതങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതെല്ലെങ്കിലും ഇപ്പോൾ അത് കർഷകരുടെ ജീവന്മരണപോരാട്ടമായി മാറിയിരിക്കുന്നു. മധ്യപ്രദേശിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ആറോളം പേരാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് . രാജ്യത്തുടനീളം ആ തീയാളികത്തുകയാണ്. പ്രകൃതിക്ഷോഭവും ഇടത്തട്ടുകാരുടെ ചൂഷണവും എപ്പോഴും ജീവിത പ്രസിസന്ധി സൃഷ്ടിക്കാറുണ്ടെങ്കിലൂം മോഡി ഗവർമെന്റ് നടപ്പിലാക്കിയ നോട്ടു നിരോധനവും പണനിയന്ത്രണവും കർഷകരുടെ ദുരിതങ്ങൾ കൂടുതൽ പരിതാപകരമാക്കി എന്നാണ് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാനാകുന്നത്.അതിന്റെ മൂർത്തമായ ഒരു പര്യവസാനാമാണ് മഹാരാഷ്ട്രയിൽ നിന്നും നാം വായിച്ചും കണ്ടുമിരുന്നത്.
ബാങ്ക് ഇടപാടുകളുമായി വേണ്ട പരിചയമില്ലാത്ത കർഷകർക്ക് ചെക്ക് നൽകിയിട്ട് കാര്യമില്ല എന്നും ചെറുകിട കര്ഷനകര്ക്ക് വിളകള്ക്കുൽള്ള തുക പണമായി തന്നെയാണ് വേണ്ടിയിരുന്നതെന്നും വ്യാപാരികളും വ്യക്തമാക്കുന്നു.ജൂണ്‍ ഒന്നിനായിരുന്നു വിളകൾക്ക് ന്യായമായ വില ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർഷകര്‍ സമരം ആരംഭിച്ചത്.മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ മന്ദ്സോര്‍-നീമച്ച് മേഖലയായിരുന്നു പ്രക്ഷോഭത്തിന്റെ കേന്ദ്രം. ജൂണ്‍ ആറിന് പ്രക്ഷോഭകര്ക്ക് നേരെയുണ്ടായ വെടിവെയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതോടെ മേഖലയില്‍ കര്ഫ്യൂ് പ്രഖ്യാപിക്കുകയായിരുന്നു.തുടർന്ന് സമരം കൂടുതൽ കരുത്താർജ്ജിക്കുയും കൂടുതൽ സ്ഥലങ്ങളിക്കും സംസ്ഥാങ്ങളിലെക്കും വ്യാപിക്കുകയും ചെയ്തു.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ സമരത്തെ നിസ്സാരവൽക്കരിക്കാനും അപഹസിക്കാനുമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാന ഗവർമെന്റുകൾക്കു പരിഹരിക്കാനാകുന്നത് ചെയ്യാനുള്ള ബാധ്യത അവർക്കുണ്ട്. വിളനാശം സംഭവിച്ച കർഷർകാർക്കു ഗവർമെന്റ് എഴുതിത്തള്ളാമെന്നു പറഞ്ഞ തുക എഴുതി തള്ളിയില്ലെന്നു മാത്രമല്ല അതിന്റെ ഉത്തരവാദിത്വം അതാതു സംസ്ഥാന സർക്കാരുകളുടെ തലയിൽ
കെട്ടിവെച്ചു കേന്ദ്ര ഗവൺമെന്റ് കയ്യൊഴിന്ന സമീപനവും സ്ഥിതിഗതികൾ വഷളാക്കി.പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പാവപ്പെട്ട കര്ഷകരിലേക്കു ഡിജിറ്റൽ ഇന്ത്യ എന്ന അത്യന്താധുനിക കാഴ്ചപ്പാട് അടിച്ചേൽപ്പിച്ചതിന്റെ ഫലമാണ് വാസ്തവത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന കർഷക പ്രതിഷേധത്തിന്റെ മുഖ്യ കാരണം.ഇന്ത്യയെ അറിയാത്ത/ ഗ്രാമങ്ങളോ കാർഷിക ജനവിഭാഗത്തിന്റെ ദൈനംദിന ജീവിതമോ മനസ്സിലാക്കാത്ത യാഥാർഥ്യബോധം കൈവിട്ടുപോയൊരു ഭരണാധികാരിയുടെ വിവേകമില്ലായ്മ്മയാണ് വാസ്തവത്തിൽ ഇന്ന് രാജ്യത്തുടനീളം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാർഷിക പ്രക്ഷോഭത്തിന്റെ മുഖ്യ കാരണം. ഒരു ഹൈടെക്ക് സിറ്റിയുടെ വിചാരവിശേഷങ്ങളല്ലാ ഒരു ഗ്രാമീണ കാർഷിക മേഖലയിലുള്ളത്. സാധാരണ കർഷകരുടെ വായിലേക്ക് അപ്പത്തിന് പകരം മണ്ണ് കോരിയിട്ടായിരുന്നു വാസ്തവത്തിൽ അപക്വമായ പല പരിഷ്കാരങ്ങങ്ങളും മോഡി സർക്കാർ നടപ്പിലാക്കികൊണ്ടിരുന്നത് . പള്ളിക്കൂടത്തിന്റെ ചുമരുപോലും കാണാത്ത ഒരു ജനസമൂഹത്തോടു പണ നിയന്ത്രണവും പാൻകാർഡിന്റെ നൂലാമാലകളും പറഞ്ഞാൽ മനസ്സിലാകില്ല.പരിഷ്‌കാരങ്ങൾ മുകളിൽനിന്നും താഴെക്കല്ല അടിസ്ഥാന വർഗ്ഗങ്ങളിൽ നിന്നും മുകളിലേക്ക് ആരംഭിക്കണം.അതിനു സമയമെടുക്കും.കടമ്പകളും കുറെ കടക്കേണ്ടതായി വരും.പഞ്ചവത്സര പദ്ധതികൾ കാറ്റിൽപറത്തിയ നാം വികസനവും ‘നവീനത്വവും’ ഒരു സുപ്രഭാത്തിൽ സമ്മർദ്ദഫലമായി തട്ടിക്കൂട്ടിയെടുക്കേണ്ടുന്ന ഒരു അധരവ്യായാമമാണെന്ന് തെറ്റിദ്ധരിച്ചു.
അന്തം വിട്ടു നിന്ന സായിനാഥിനോട് കർഷകൻ ആ കഥ പറയുകയാണ്.വിളവെടുപ്പെന്നാൽ ദുരിതാശ്വാസവിതരണമാണ് .കർഷനു കിട്ടേണ്ട കോടിക്കണക്കിന് രൂപ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കന്മാരുടെയും ഇടനിലകാരുടെയും തന്ത്രപരമായ വിളവെടുപ്പിന്റെ ആ കഥ.”എല്ലാവരും ഒരു വരൾച്ച ഇഷ്ട പ്പെടുകയാണ്.”എന്ന സായിനാഥ്ന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
9% വരൾച്ച നിരക്കും ഐ ടി കമ്പനികളുടെ കുതിച്ചു ചാട്ടവും മഹത്തായ മദ്ധ്വര്ഗ്ഗവും ഇന്ത്യയെ നാളത്തെ ലോക ശക്തിയാക്കുമെന്നു വീമ്പളക്കുന്നവർ അറിയുക ..ഇന്ത്യ പാവങ്ങളുടെ നാടാണ്.ഒരു നേരത്തെ കഞ്ഞി കുടിക്കാൻ വകയില്ലത്തവരുടെ നാട്. പോഷക മൂല്യമുള്ള ആഹാരം ലഭിക്കത്തവരുടെ നാട്.. കപട രാഷ്ട്രിയക്കാരും ബ്യുറോക്രാറ്റുകളും നിരന്തരം ഊറ്റി കുടിച്ചു വൃണിത മാക്കപ്പെട്ടവരുടെ നാട്.കോടിശ്വരന്മാരുടെ കാര്യത്തിൽ ലോകത്ത് 4 സ്ഥാനമുള്ള ഇന്ത്യ മാനുഷ്യക വികസന സൂചികയുടെ കാര്യത്തിൽ 134 സ്ഥാനമാണലങ്കരിക്കുന്നത്.വിഭവ സമ്പത്ത് ഇല്ലങ്കിലും ദാരിദ്ര്യ നിർമ്മാർജനം നടപ്പിലാക്കുന്ന കാര്യത്തിൽ ശുഷ്കാന്തി പുലര്ത്തുന്ന ശ്രീലങ്കക്ക് ഇന്ത്യയേക്കാൾ 20 പോയിന്റ് കൂടുതലാണ് എന്നോര്ക്കുക.അതുപോലെ ബൊളിവിയ, നിക്ക്വരാഗോ തുടങ്ങി നിരന്തരം അഭ്യന്തര സംഘർഷങ്ങൾ നേരിടുന്ന പല ആഫ്രിക്കാൻ രാജ്യങ്ങളും ഇക്കാര്യത്തിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ്.പോഷക മൂല്യമില്ലാത്ത കുട്ടികളുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 5 വയസ്സിനു താഴെയുള്ള 46% കുട്ടികൾക്കും പോഷകാഹാരം ലഭിക്കുന്നില്ലന്നാണ് നഷേണൽ ഫാമിലി ഹെൽത്ത് സർവേ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ജീവിത ചെലവ് മൂന്നോ നാലോ ഇരട്ടിയായി വർദ്ധിച്ചെങ്കിലും വരുമാനം അതിനനുസൃതമായി വർദ്ധിക്കാത്താതിനാൽ സാധാരണക്കാരെ സമ്പന്ധിച്ചടുത്തോളം ദാരിദ്ര്യം പതിൻമടങ്ങ് വര്ദ്ധിച്ചു. ഇന്ത്യയിലെ 16% മദ്ധ്യവർഗം 15 വർഷങ്ങൾക്കു മുൻപു ഭാവനയിൽ പോലും കാണാത്തവിധം സമൃദ്ധമായി ജീവിക്കുമ്പോൾ 40% ജനങ്ങൾ അവർ പ്രതീക്ഷിച്ചതിലും പതിന്മടുങ്ങു ദുരിതത്തിലായി തീർന്നു. പാളിപ്പോയ വികസന നയത്തിന്റെ ദൃഷ്ടാന്തമാണിത്.ഗൾഫ് പണവും രാഷ്ട്രിയ വിവേചനബോധവും ഇല്ലായിരുന്നെങ്കിൽ നമ്മുടെ കേരളം എന്തായി തീരുമായിരുന്നു എന്ന് വായനക്കാർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ബ്രിട്ടിഷ്കർ ഇന്ത്യയെ ചൂഷണം ചെയ്ത് അസന്തുലിതാവസ്ഥ സൃഷ്ടിച്ചിരുന്നു എന്നത് നേരാണ്. എന്നാൽ 1996 ലെ കൊണ്ഗ്രെസ്സിന്റെ ആവഡി സമ്മേളനത്തിൽ എടുത്ത സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളുടെ ഫലമായി 1950 മുതൽ 1980 വരെയുള്ള കാലത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഒരു പരിതിവരെയെങ്കിലും കുറഞ്ഞു വന്നിരുന്നുവെങ്കിൽ അതിനു ശേഷമുള്ള കാലയളവിൽ ഈ അസന്തുലിതാവസ്ഥ ക്രമേണെ വളുരുകയും 1990 കളിലെ ആഗോളവൽക്കരണ നടപടിയിലൂടെ വൻകിട കോർപ്പറേറ്റുകളുടെ കടന്നു വരവോടെ സ്ഥിതിഗതികൾ തകിടം മറിഞ്ഞു. വൻകിട കോർപ്പറേറ്റ്ഭീമൻമാർ ഇന്ത്യയുടെ വികസന നയം നിശ്ചയിക്കാൻ ആരംഭിച്ചത് അക്കാലത്താണ്. അംബാനിമാർക്ക് വേണ്ടി പർലിമെന്റിൽ 2 ദിവസം പ്രത്യേക ചർച്ച നടത്തിയപ്പോൾ അതിൽ ഒരു ദിനം കൂടി കർഷകർക്കായി മാറ്റി വെച്ചില്ലന്നതാണ് വിരോധാഭാസം.ഇന്ന് അംബാനിക്ക് പകരം അദാനിയടങ്ങുന്ന മറ്റാര്ക്കൊക്കയോ വേണ്ടി അത് തുടരുന്നു എന്നതാണ് പുതിയ ഭരണ മാറ്റത്തിന്റെ സവിശേഷത. ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണന്നും കർഷകരാണ് ഇന്ത്യയുടെ യഥാർത്ഥ പ്രജകളെന്നും ഉത്ഘോഷിച്ച ഗാന്ധിജിക്ക് പകരം ഗോട്സയെ പകരം വെക്കുന്നത് കേവലമൊരു പകരം വെപ്പെല്ലന്നു നാം തിരിച്ചറിയേണ്ടതുണ്ട്.
യഥാർത്ഥ്യം ഇതൊക്കെയാണന്നിരിക്കെ കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടന്നെ തെറ്റായ വാർത്ത സൃഷ്ടിച്ചു മാധ്യമങ്ങൾക്ക് മുമ്പിൽ പൊറാട്ട് നാടകം കളിക്കുന്ന കൂട്ടി നേതാക്കളും യോഗകൊണ്ട് ആത്മാവും ശരീരം സംരക്ഷിച്ചു കളയാം എന്നാഹ്വാനം ചെയ്യുന്ന മോഡി സര്ക്കാരും ഭാരതത്തിന്റെ യഥാർത്ഥ ചിത്രം എന്തെന്ന് മനസ്സിലാക്കുകയും അതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുകയുമാണു വേണ്ടത്.
ഭരണാധികാരികൾ സ്വന്തം കീശ വീർപ്പിക്കുന്നതിടയിൽ മറന്നു പോയത് പട്ടിണിപ്പവങ്ങളായ കോടിക്കണക്കിനു ജനങ്ങളെയാണ്.അവരുടെ നികുതിപ്പണം കൊണ്ട് കോട്ട കൊത്തളങ്ങൾ കെട്ടി സുഖിച്ചപ്പോൾ ഇല്ലാതായി പോയത് പാവപ്പെട്ടവരുടെ ജീവിക്കാനുള്ള അവകാശങ്ങളാണ്.ഒരു അർത്ഥത്തിൽ വിദേശികളായ കൊള്ളക്കാരെക്കൾ സ്വദേശികളായ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമാണി കളുമാണ് സാധാരണക്കാരുടെ സ്വപ്നങ്ങൾ തകർത്തു തരിപ്പണ മാക്കിയത്. ഇന്ത്യയുടെ ചരിത്രത്തെ ദുഷ്ട ലാക്കോടെ തിരിത്തി എഴുതാൻ ശ്രമികുന്നതും ചരിത്രത്തിലെ പ്രതിനായക ബിംബങ്ങളെ നായക കേന്ദ്രികതമാക്കി ജന സമക്ഷം കൊണ്ടാട പ്പെടുന്നതും ആശങ്കയോടെ തന്നെ കാണേണ്ടതുണ്ട്.അത് ഗാന്ധിജിയുടെ നിലപാടുകൾക്കും ഇന്ത്യയുടെ യഥാര്ത്യത്തിനും എല്ക്കുന്ന തിരിച്ചടായാണ്.ഇന്ത്യയുടെ യഥാര്ത്യത്തെ ഗ്രാമങ്ങളിൽ നിന്നും പറിച്ചെടുത്തു നഗരങ്ങളിൽ സ്ഥാപിക്കാനുള്ള ആഗോളികരണ സ്വപ്ന പദ്ധതികളുടെ കോർപ്പറേറ്റുകളുടെ അജണ്ടയുടെ ഭാഗമാണ്.അത് കോടിക്കണക്കായ ഇന്ത്യക്കാരുടെ ദീനരോദനങ്ങളുടെ കണ്ണീരിന്റെ കഥകളാകും പില്ക്കാലത്ത് എഴുതിച്ചേർക്കപ്പെടുക എന്ന് നാം ഭയപ്പെടെണ്ടതുണ്ട്.
ഇന്ത്യ 90കളിലെ ആഗോളികരണത്തിന് മുമ്പും പിമ്പും എന്നിങ്ങനെ രണ്ടായി പകുത്തു പഠിക്കേണ്ടി വരുന്നൊരു കാലം വരാതിരിക്കില്ല . അത്രമാത്രം ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിച്ചിരുന്ന നടപടി ക്രമങ്ങളയിരുന്നു ഗാട്ട് കരാറും അതിനോടാനുബന്ധമായി ഒപ്പ് വെച്ച മറ്റനേകം ആഗോളകരാരുകളും.അത് നാമം മാത്രമായങ്കിലും നിലവിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയെ തകർക്കുകയും പൂർണ്ണമായൊരു മുതലാളിത്വ പാതയിലേക്ക് ഇന്ത്യയെ കൊണ്ടാത്തിക്കുയും ചെയ്തു.അതിന്റെ ഗുണങ്ങലനുഭാവിച്ചത് ഒരു ചെറു ന്യൂനപക്ഷവും ദുരിതങ്ങളാകട്ടെ ഒരു വലിയ ജന സഞ്ചയത്തിന്റെ സ്വപ്നങ്ങളിൽ പോലും തീ മഴ പെയ്യിക്കുന്നതുമായിരുന്നു.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണന്നും കർഷകരാണ് ഇന്ത്യയുടെ യഥാര്ത്വ അവകാശികളെന്നും ഗാന്ധിജി മനസ്സിലാക്കിയത് ഇന്ത്യയെകണ്ടറിഞാതിനു ശേഷമായിരുന്നു അല്ലാതെ പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതികരിച്ച മുറിയിലിരുന്നു മണ്ടൻ മാരായ ഉപദേശികളുടെ വിവരണങ്ങളുടെ അടിസ്ഥനത്തിലയിരുന്നില്ല. നമുക്ക് അന്നം തന്നു കൊണ്ടിരിക്കുന്ന കർഷകർ നിരാലബരും ഒരു ചാൺ വയറു നിറക്കാൻ കെൽപ്പില്ലാതെ ഒരു മുഴം കയറിൻ തുമ്പിൽ തൂങ്ങിയാടാൻ വിധിക്കപ്പെട്ടവരായി തീർന്നത് ഭരണാധികാരികളുടെ പിടിപ്പു കേടു കൊണ്ട് തന്നയാണ്. അല്ലാതെ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നും ചുട്ടുപൊള്ളിയ കാലുമായി 180 കിലോമീറ്റെർ കാൽനടയായി യാത്രചെയ്തു ബോംബെ നഗരത്തെ ഞട്ടിക്കാൻ മാത്രം അവർ വരില്ലായിരുന്നു. ദേശിയ തലത്തിൽ തന്നെ ഏറെ ശദ്ധ ആകർഷിച്ച ഈ മഹത്തായ പദയാത്ര ഇന്ത്യ ചരിത്രത്തിൽ തന്നെ വേറിട്ടൊരനുഭവമായി മാറുകയായിരുന്നു.ഒടുവിൽ ഭരണകൂടത്തിന് ആ ചുവപ്പൻ സമുദ്രത്തോട് അടിയറവു പറയേണ്ടിവന്നു.
ഇത് മാർക്സിസ്റ്റ് പാർട്ടിയുടേത് മാത്രമല്ല രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ വിജയം കൂടിയാണ്.കയറിൽ തുമ്പിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരാൻ കർഷരെ പ്രേരിപ്പിച്ച ആ ചുവന്ന കോടി പ്രതീക്ഷയുടെ അടയാളമായി ഇന്ത്യയുടെ വിഹാസ്സിൽ പാറിപറക്കണം.ഓരോ കർഷകന്റെയും ജീവിത പ്രതീക്ഷയും സ്വപ്നവുമായി.മധ്യവർഗ്ഗ ജാഡയിൽ മുങ്ങിക്കുളിച്ച നഗരങ്ങളിൽ നിന്നും അടിസ്ഥാന വർഗ്ഗങ്ങൾ അധിവസിക്കുന്ന പാദുകരഹിതവും മുഷിഞ്ഞ വസ്ത്രങ്ങളണിയുകയും ചെയ്യുന്ന യഥാർത്ഥ ഇന്ത്യയിലേക്ക് തിരിച്ചുപോകാനായി ആ കൊടി അവിടെ പാറേണ്ടതുണ്ട്.