പോൾ സെബാസ്റ്റ്യൻ
അധിനിവേശത്തിന്റെ ലോകത്തു നിന്ന് പ്രതീക്ഷയുടെ നാളെകളിലേക്ക് നോക്കുമ്പോൾ ബാക്കി നിൽക്കുന്നത് ഒരു ആടു ജീവിതം മാത്രമാണോ? “ഭൂമിയോട് സങ്കടം പറയുന്ന ജന്മമാണ് ആടുകളുടേത്. അവ സ്വപ്‌നങ്ങൾ കാണാറില്ല. തലയുയർത്തി ആകാശത്തിലേക്കു നോക്കാറുമില്ല. ഭൂമിയോടു സങ്കടം പറഞ്ഞ് കിട്ടിയത് തിന്ന് ആർത്തിയില്ലാത്ത ജീവിയായി ജീവിക്കുന്ന” ആടുകൾ. എന്തായാലും, അധിനിവേശത്തിന്റെ സ്വർഗ്ഗസ്ഥലിയേക്കാൾ നല്ലത് ഒരു ആടുകളുടെ റിപ്പബ്ലിക്ക് ആവുക തന്നെയാണ്. ആഗോളവൽക്കരണം എങ്ങനെ അധിനിവേശത്തിലേക്ക് നയിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങൾ ഇന്നിന്റെ യാഥാർഥ്യങ്ങളിലൂടെ വായനക്കാരെ ബോധ്യപ്പെടുത്തുകയും വരാനിരിക്കുന്ന വിപത്തുകളെപ്പറ്റി മുന്നറിയിപ്പ് തരികയും ചെയ്യുന്ന നോവലാണ് ഇയ്യ വളപട്ടണം എഴുതി സൈകതം ബുക്സ് പ്രസിദ്ധീകരിച്ച ആടുകളുടെ റിപ്പബ്ലിക്ക്.
വിശാലമായ ലോകയാഥാർഥ്യങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും കാലത്തിന്റെ ആരംഭത്തിലേക്കും അവസാനത്തിലേക്കും വായനക്കാരെ കൊണ്ടു പോകുന്ന നൂറ്റിനാല് പേജ് മാത്രമുള്ള ഒരു ചെറിയ വലിയ നോവലാണ് ആടുകളുടെ റിപ്പബ്ലിക്ക്. ശക്തമായ വിമർശനങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്ന ഫാന്റസിയുടെ തലത്തിലാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്. മരിച്ചവനു കബറൊരുക്കാൻ കുഴിയെടുക്കുന്ന പിക്കാസും മൺവെട്ടിയും, കഥ പറയുന്ന ആകാശം, സാക്ഷ്യം പറയുന്ന ഭൂമി, വിധി പറയുന്ന കാറ്റ് എന്നിങ്ങനെ ഫാന്റസിയുടെ പട്ടം നോവലിലുടനീളം പാറിക്കളിക്കുന്നുണ്ട്. സ്വർഗ്ഗസ്ഥലിയും ദേശവും ഔട്ടിയാക്കയും ചിറകു മുളക്കുന്ന രാജാവും മുട്ടയിടുന്ന പെൺകുട്ടികളും എന്നിങ്ങനെ ഫാന്റസിയുടെ ലോകം കൗതുകകരവും വിശാലവുമാണ്. അതേ സമയം വായനക്കാർക്ക് എളുപ്പം മനസ്സിലാവുന്ന വിധം നേരിട്ടുമാണ് കഥ പറച്ചിൽ.
“നക്ഷത്രങ്ങൾ കെട്ടു പോവുകയും ആകാശം പിളർക്കപ്പെടുകയും പർവ്വതങ്ങൾ ഉടയ്ക്കപ്പെടുകയും ഭൂമി തീഗോളമാവുകയും ചെയ്യുന്ന നാൾ നിനക്ക് പിറകെ വരുന്നുണ്ട്” എന്ന് ഔട്ടിയാക്കക്ക് ഉണ്ടാകുന്ന വെളിപാടോടെയാണ് നോവൽ തുടങ്ങുന്നത്. ദൈവത്തിന്റെ മുന്നറിയിപ്പുമായി വന്ന ഔട്ടിയാക്കയുടെ ആകാശത്തെ രാജാവിന്റെ പട്ടാളക്കാർ വളഞ്ഞു. മുറിഞ്ഞു വീണ വട വൃക്ഷത്തിന്റെ ഉടലിലൂടെ ചോര ഒഴുകുന്നത് കണ്ട് മൂത്ത പട്ടാളക്കാരൻ വിജയ ലഹരിയിൽ അലറി. നിലത്തു കൂടെ ഒഴുകി വന്ന ചോര ആകാശത്തിലേക്ക് പടർന്നു കയറി ആകാശം ചോരക്കടലായി. വടവൃക്ഷത്തെയും ഔട്ടിയാക്കയെയും കടൽ വിഴുങ്ങി. സന്തുഷ്ടനായ രാജാവിന് പക്ഷെ ദീർഘായുസ്സുണ്ടായില്ല. പറയാനുള്ളത് മുഴുവൻ പറയാനാവാതെ രാജാവ് നാടു നീങ്ങിയപ്പോൾ രാജകുമാരൻ രാജാവായി. മദ്യത്തിലും മദിരാക്ഷിയിലും മദം പൂണ്ട യുവരാജാവ് സ്വർഗ്ഗസ്ഥലിയിലെ രാജകുമാരിയുമായി രതിലീലകളിലേർപ്പെടുകയും അവളുടെ സൗന്ദര്യത്തിൽ അഭിരമിച്ചു ദേശത്തെയും ദേശക്കാരെയും സ്വർഗ്ഗസ്ഥലിക്ക് അടിമകളാക്കുകയും ചെയ്തു. ഒടുവിൽ ദേശം സ്വർഗ്ഗസ്ഥലിയുടെ ഉടമസ്ഥതയിലാവുകയാണ്. ഇതാണ് പ്രധാന കഥ. ഈ അവസ്ഥയിൽ നിന്ന് പിന്നെ എങ്ങോട്ടാണ് യാത്ര? എങ്ങനെയാണ് സ്വർഗ്ഗസ്ഥലിയുടെ കരാള ഹസ്തങ്ങളിൽ നിന്ന് രക്ഷപ്പെടാനാവുക? അത് നോവൽ വായിച്ചു മാത്രം അറിയേണ്ടതാണ്.
ചില നോവലുകൾ ദേശത്തെയും കാലത്തെയും വല്ലാതെ അടയാളപ്പെടുത്തും. പ്രവാചകന്മാരുടെ വാക്കുകളുടെ മൂർച്ചയുണ്ടാവും അതിലെ ഓരോ അക്ഷരങ്ങൾക്കും. അത്തരം ഒരു നോവലാണ് ആടുകളുടെ റിപ്പബ്ലിക്ക്. ആഗോളവൽക്കരണത്തിലൂടെ നമ്മുടെ ജനത ഒരു ചതിയിൽ പെടുകയായിരുന്നോ? ഇന്ത്യൻ ജനാധിപത്യത്തിൽ അധിനിവേശ ശക്തികൾ നടത്തുന്ന കടന്നു കയറ്റത്തിന്റെ വഴികളിലേക്കും അതുണ്ടാക്കിക്കൊണ്ടിരിക്കുന
ദരിദ്രനായ ഒരു ചെറുക്കനെ കുളിപ്പിച്ച് കുട്ടപ്പനാക്കി അവന് തപാലാപ്പീസിൽ ജോലി കൊടുക്കുന്നു. പക്ഷെ, നൂൽക്കമ്പി കൊണ്ട് നാവ് വരിഞ്ഞു കെട്ടി ആഞ്ഞു വലിച്ച് മുറിച്ചു നീക്കിയിട്ടാണ് അവനെ ജോലിക്ക് നിർത്തുന്നത്. മാധ്യമ അധിനിവേശത്തിന്റെ ഒന്നാന്തരം ഉദാഹരണമായി ഇതിനെ നമുക്ക് കാണാം. സാംസ്‌കാരിക അധിനിവേശത്തിലൂടെ ജനതയുടെ ശീലങ്ങളെ മാറ്റിയെടുക്കുന്ന തൈക്കാട്ടു പുര പകലുകളിൽ ചുരുണ്ടുറങ്ങുന്ന ഉടലിനും കൈകൾക്കും രാത്രിയായാൽ ജീവൻ വെക്കുന്നുണ്ട്. ദേശത്തെ പ്രജകളിൽ നിന്നും തിരഞ്ഞെടുത്ത നല്ല തലകൾ സ്വർഗ്ഗസ്ഥലിയിലേക്ക് കയറ്റിയയക്കുകയാണ്.
ജാരനും ചാരനും ഇരുതല മൂർച്ചയുള്ള കത്തിയാണ്. ജാരൻ ഉടലിനെ വ്യഭിചാരിക്കുമ്പോൾ ചാരൻ രാജ്യത്തെ വ്യഭിചാരിക്കുന്നു. ഇരു രാജ്യക്കാർ തമ്മിലുള്ള (ദേശവും സ്വർഗ്ഗസ്ഥലിയുമായുള്ള) സ്നേഹം ഇത്തരമൊരു ചതിയുടെ നേർപ്പകർപ്പാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ സ്ഥാപിതമാകുന്ന തീവണ്ടി സർവ്വീസ്, എല്ലാ മനുഷ്യർക്കുമുള്ള ആധാരക്കെട്ട് (ആധാർ എന്ന് ആരെങ്കിലും വായിച്ചാൽ അത് സാന്ദർഭികം മാത്രമാണ്), മുട്ട വിരിയിക്കുന്ന പെൺകുട്ടികൾ, കക്കൂസിൽ പോകുന്നതിന് പോലും നികുതി വെക്കുന്ന ഗവണ്മെന്റ് എന്നിങ്ങനെ അധിനിവേശത്തിന്റെ ക്രൂരതയെ രൂക്ഷമായി വിമർശിക്കുന്നുണ്ട് ഈ നോവലിൽ. രാപ്പട്ടിണിക്കാരെ നികുതി പിഴിയുന്ന, നികുതി കൊടുക്കാത്തവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന സർക്കാർ, ഭരണത്തിൽ നിന്ന് ലാഭം പ്രതീക്ഷിക്കുന്ന ബിസിനസ്സാക്കുന്ന വൈരുദ്ധ്യത്തെ നോവലിസ്റ്റ് പരിഹസിക്കുന്നു.
എളുപ്പം വായിച്ചു പോകാവുന്ന നല്ല ഭാഷാ ശൈലിയാണ് നോവലിനുള്ളത്. അടുത്തതെന്ത് എന്ന് ചിന്തിപ്പിക്കുന്ന നാടകീയതയും, വേഗവും എഴുത്തിലുണ്ട്. കഠിന പദങ്ങളെ ഒഴിവാക്കി ലളിത പദങ്ങളെ ഉപയോഗിച്ച്, കഴിയാവുന്നതും മലയാളം വാക്കുകൾ മാത്രം ഉപയോഗിച്ചാണ് നോവൽ എഴുതിയിരിക്കുന്നത്. ഇത് വായനാസുഖം നൽകുക മാത്രമല്ല, ചിന്തയുടെ ലോകത്തേക്ക് വായനക്കാർക്ക് പോകാവുന്ന എളുപ്പ വഴി സൃഷ്ടിക്കുകയും ചെയ്യുന്നു. ഒഴിവാക്കാമായിരുന്ന കുറച്ചു അച്ചടിത്തെറ്റുകൾ വന്നു കൂടിയിട്ടുണ്ടെങ്കിലും അടുത്ത പതിപ്പിൽ ഇതിനെ തിരുത്താവുന്നതേയുള്ളൂ.
ഭാവനയുടെ സമ്പന്നതയാണ് ഇയ്യയുടെ നോവലിന്റെ ശക്തി. ഒരു വ്യത്യസ്ത ലോകത്തെ തന്നെ ചുരുങ്ങിയ വാക്കുകളിൽ സൃഷ്ടിച്ചെടുത്തിരിക്കുന്നു
ചിന്തയുടെ ആഴത്തിൽ മുങ്ങി മുത്തുകൾ പെറുക്കിയെടുത്ത്, ആവശ്യമുള്ള ഇടങ്ങളെ നല്ലവണ്ണം അലങ്കരിക്കുന്നുണ്ട് നോവലിസ്റ്റ്. “വ്യാകരണം നഷ്ടപ്പെട്ട ജീവിതത്തിന് മരണമാണ് നിശ്ചയം.” “ചോദ്യം ചെയ്യാത്ത ഉത്തരമാണല്ലോ രാജാവ്?” “നിശ്ചയം, വഴികളാണ് സത്യം.” “പൂരിപ്പിക്കാൻ കഴിയാത്ത വാക്കുകളാണ് ഓരോ മരണവും”. എന്നിങ്ങനെ അവയെ ഇടയ്ക്കിടെ കാണാം.
നോവൽ പ്രമേയത്തോടനുബന്ധിച്ചു ഒഴിവാക്കാനാവാതെ അവതരിപ്പിക്കേണ്ടി വന്ന രതിയുടെ വിവരണങ്ങൾ മികവാർന്ന ഭാഷയുടെ കൈയ്യടക്കത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. സന്ദർഭത്തിന്റെ ആവേഗം നിലനിർത്തി വായനക്കാരുടെ നെഞ്ചിടിപ്പ് അല്പം കൂട്ടിക്കൊണ്ട് തന്നെ മുന്നോട്ടു പോകാൻ എഴുത്തുകാരന് സാധിക്കുന്നുമുണ്ട് എന്നത് പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. ഭാവനയെ കൂടു തുറന്നു വിടുമ്പോഴും അതിന്റെ നിയന്ത്രണം ഒരു ചരടിലൂടെ നോവലിസ്റ്റിന്റെ കൈയ്യിലുണ്ട്. ഒരുദാഹരണം മാത്രം നോക്കാം. “പെൺകുട്ടിയുടെ ഉടലിൽ കൂർത്ത നഖങ്ങൾ കൊണ്ട് രാജാവ് ചിത്രം വരക്കുവാൻ തുടങ്ങി. ആദ്യം സിംഹത്തിന്റെ ചിത്രമായിരുന്നു വരച്ചത്. ആർത്തിയുടെ സിംഹം അലറിയപ്പോൾ പെൺകുട്ടിയുടെ നിലം ചിരിച്ചു. ചുകന്ന നാവിൽ രസമൂറി. ശരീരങ്ങൾ പതച്ചു. മത്തുപിടിപ്പിക്കുന്ന ആർത്തിയോടെ അന്യോന്യം ആർത്തിരമ്പി. സിംഹം കടിച്ചു പറിച്ചു കഴിഞ്ഞപ്പോളാണ് പാതാളത്തിൽ നിന്നും പോരുകാള ഇറങ്ങി വന്നത്. വയലിലൂടെ മുക്രയിട്ട് പാഞ്ഞു നടന്നു. വയലിടങ്ങളിൽ ചോര പൊടിഞ്ഞു.”
എഴുത്തിൽ എഴുത്തുകാരന്റെ വികാരപരമായ സാന്നിദ്ധ്യം പലയിടത്തും വ്യക്തമായി കാണാം. പലപ്പോഴും ഇത് വായനക്കാരുടെ വികാരങ്ങളോട് നേരിട്ട് സംവദിക്കുന്നുമുണ്ട്. എങ്കിലും ചുരുക്കം ചിലയിടങ്ങളിൽ ഈ വികാരപ്രകടനം അതിരു കടന്നു പോയോ എന്നും ഞാൻ സംശയിക്കുന്നു. പ്രത്യേകിച്ച്, അധിനിവേശത്തിന്റെ കക്കൂസുകൾ എന്ന അധ്യായം. എന്നിരിക്കിലും യാഥാർഥ്യത്തിന്റെ മുഖം ഇതിലും എത്രയോ ഭീകരമാണ് എന്ന തിരിച്ചറിവിൽ വായനക്കാർ ഇത്തരം വികാരപ്രകടനങ്ങളിൽ പങ്കു ചേരാനും മതി.
എഴുത്തിൽ അല്പം ധൃതി കൂടിപ്പോയോ എന്ന് ഞാൻ സംശയിക്കുന്നു. സമയമെടുത്ത് നല്ല പദ്ധതിയോടെ എഴുതിയെങ്കിൽ ഈ നോവൽ മുൻ നിര മലയാള നോവലുകളുടെ നിരയിലേക്ക് തന്നെ ഉയരുമായിരുന്നു. അത് ഒരു നഷ്ട സാധ്യത തന്നെയായിരിക്കുമ്പോഴും ഇതെഴുതിയ എഴുത്തുകാരനിൽ നിന്ന് വരും നാളുകളിൽ അതിൽ കൂടുതലും പ്രതീക്ഷിക്കാനുള്ള അവകാശം ഈ നോവൽ വായനക്കാർക്ക് നൽകുന്നുണ്ട്.
ചുരുക്കത്തിൽ നല്ല ഒരു വായനാനുഭവം നൽകുന്ന നോവലാണ് ആടുകളുടെ റിപ്പബ്ലിക്ക്. മലയാള നോവലുകളിൽ ഒരു നവവസന്തം പിറന്നിട്ടുണ്ടെങ്കിൽ ആ വസന്തത്തിലെ ആദ്യ പൂമൊട്ടുകളിലൊന്നായി ഈ നോവലിനെയും പരിഗണിക്കാതെ വയ്യ.