ഗസൽ ഡയറി -10
മുർഷിദ് മോളൂർ
തുടർന്നുപോവാനാവുന്നില്ലയെങ്കിൽ, എത്ര ഗാഢമാണെങ്കിലും ബന്ധങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലത്.. പിരിഞ്ഞിരിക്കുന്നത് വേദനയാണെങ്കിലും ഒരു ജീവിതം മുഴുവൻ ഇല്ലാതെയാക്കുന്നതെന്തിനാണ് ?
ചലോ ഇക് ബാർ, ഫിർ സെ
അജ്നബി ബൻ ജായെ ഹം ദോനോ..
തമ്മിലറിയാതിരുന്ന കാലത്തെ പോലെ, വീണ്ടും നമ്മുക്കപരിചിതരായി ജീവിക്കാം..
മധുര സ്നേഹത്തിന്റെ പ്രതീക്ഷകളെല്ലാം അവസാനിക്കട്ടെ, ഞാനിനി നിന്നെ കാത്തിരിക്കുകയില്ല..
ന മേ തും സെ, ഉമീദ് രഖൂ ദിൽ നവാസെ കി..
നീയും ഇനിയെനിക്ക് വേണ്ടി ജീവിക്കേണ്ടതില്ല.
നാ തും മേരീ ത്വറഫ് ദേഖോ ഗലത്ത് അന്താസ് നസ്റോ സെ..
വഴിമറന്ന നിന്റെ കണ്ണുകൾ കൊണ്ട് ഇനിയൊരിക്കൽ പോലും എന്നെ നോക്കുകയുമരുത്..
ഈ യാത്ര നമുക്കിങ്ങനെ അവസാനിപ്പിക്കാം..
ന മേരീ ദിൽ കി ദഡ്കൻ
ലഡ്കഡായെ മേരീ ബാത്തോ മേ..
നീ എന്റെയാരുമല്ലായെന്നതിനാൽ, നിന്നോട് സംസാരിക്കുമ്പോൾ എന്റെ വാക്കുകൾക്കിനി ഇടർച്ചയുണ്ടാവുകയില്ല,
ഞാനനുഭവിച്ച ദു:ഖത്തിന്റെ നോവുകളൊന്നുമറിയാത്തതുപോലെയാണല്ലോ, നിന്റെ വഞ്ചനയുടെ കണ്ണുകൾ ഇപ്പോഴും എന്നെ നോക്കിയിരിക്കുന്നത്.
എനിക്കിനിയും വയ്യ. എനിക്ക് വേണ്ടി നിന്റെ പ്രണയപ്പൂക്കൾ വിരിയുമെന്ന കാത്തിരിപ്പാണ് വാടിവീഴുന്നത്..
മുന്നോട്ട് നടക്കാനുള്ള വഴികൾ കൂടുതൽ പ്രയാസങ്ങൾ നിറഞ്ഞതാണ്
തുമേംഭി കോയി ഉൽജൻ റോഖ്തി ഹേ പേഷ് ഖദമോ സെ..
അതുമാത്രമല്ല, എന്റെ ആത്മാർത്ഥതയും വെറും അഭിനയമാണെന്നും പറഞ്ഞു കേട്ടു ഞാൻ..
തുടരാതിരിക്കലാണ് നല്ലത്,
പരസ്പരം അറിഞ്ഞലിഞ്ഞ് ഒന്നാവുന്നത് രോഗമാണെങ്കിൽ, അതില്ലാതെയാവുന്നതാണ് നല്ലത്..
തഅറുഫ് രോഗ് ഹോ ജായെ, തൊ
ഉസ്‌കോ ഭുലാനാ ബഹ്‌തർ..
ഭാരവും, ബന്ധനവുമായിത്തീരുന്ന ബന്ധങ്ങൾ ഇല്ലാതെയാവുന്നതല്ലേ നമുക്കുമുത്തമം ?
തഅല്ലുഖ് ബോജ് ബൻ ജായെ തോ
ഉസ് കോ തോഡ്നാ അച്ചാ..
അവസാനത്തിലെങ്കിലും, സുന്ദരമാവാത്ത കഥകളെന്തിനാണ് വെറുതെ ?
അഫ്സാനെ, ജിസേ അൻജാം തക് ലാനാ ന ഹോ മുംകിന്..
അതുകൊണ്ട്,
ഇക് ഖൂബ്സൂറത്ത് മൂഡ് ദേ കർ,
ചോഡ്നാ അച്ചാ..
അടുത്തൊരു നിമിഷത്തിൽ, എല്ലാം തകർക്കുന്നതിന് മുമ്പ്
സ്വസ്ഥസുന്ദരനാളേക്ക് വേണ്ടി ഇങ്ങനെ അവസാനിക്കുന്നതാണ് നല്ലത്..
വരി: സാഹിർ ലുധിയാൻവി
ശബ്ദം: മഹേന്ദ്ര കപൂർ
ചിത്രം: ഗംരാഹ് (1963)
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.