പ്രതാപ് ജോസഫ്
The painter constructs, the photographer discloses.”
– Susan Sontag
നമുക്കറിയാം ചിത്രകലയുടെ തുടർച്ചയെന്ന നിലയിലാണ് ഒരു സാങ്കേതിക കലയായ ഫോട്ടോഗ്രഫി ഉദയം ചെയ്യുന്നത്. രണ്ടും ഏതാണ്ട് ഒരേ രീതിയിൽ ഉള്ള പ്രക്രിയയായി പൊതുവെ വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഒരു മികച്ച ഫോട്ടോഗ്രാഫിനെ പെയിന്റിങ്ങിനോടും ഒരു മികച്ച പെയിന്റിങിനെ ഫോട്ടോഗ്രാഫിനോടും ഉപമിക്കാറുണ്ട്. വളരെ ലളിതമെന്ന് തോന്നുമെങ്കിലും ഈ പ്രസ്താവന രണ്ടു കലകളും തമ്മിലുള്ള മൗലികമായ വ്യത്യാസത്തെ ചൂണ്ടിക്കാണിക്കുന്നു. ഒരു ചിത്രകാ(രി)രൻ ഒഴിഞ്ഞ കാൻവാസിൽ ആണ് തന്റെ പണി തുടങ്ങുന്നത്. മനസ്സിലുള്ള ചിത്രത്തെ നിറങ്ങളും രേഖകളും വെച്ച് നിർമ്മിച്ചെടുക്കുകയാണ്. മറിച്ച് ഒരു ഫോട്ടോഗ്രാഫർ തന്റെ ചുറ്റുമുള്ള കാഴ്ചയിൽനിന്ന് ചിലതിനെ തെളിച്ചെടുക്കുകയാണ്. അവിടെ അയാൾ/അവൾ കൂടുതലും ആവശ്യമില്ലാത്തതിനെ മായിച്ചുകളയുകയാണ് ചെയ്യുന്നതെന്ന് പറയാം. ഇവിടെ ഫോട്ടോഗ്രഫി കൂടുതലും ശില്പകലയുമായാണ് അടുപ്പം പുലർത്തുന്നത് എന്ന് കാണാം. ഒരു ശില്പി തന്റെ മരത്തിൽ നിന്ന് അല്ലെങ്കിൽ കല്ലിൽനിന്ന്, മീഡിയം എതുമാകട്ടെ അതിൽനിന്ന് ആവശ്യമില്ലാത്തതിനെ കൊത്തിക്കളയുകയാണ് ചെയ്യുന്നത്. മൈക്കൽ ആഞ്ചലോ ദാവീദ് ശില്പത്തിന്റെ പണിയിൽ ഏർപ്പെട്ടുകൊണ്ടിരുന്നപ്പോൾ ഒരാൾ ചോദിച്ചു ‘എങ്ങനെയാണ് നിങ്ങൾ ഇതിൽനിന്നും ദാവീദിനെ കണ്ടെടുക്കുന്നത്?’. മൈക്കൽ ആഞ്ചലോ പറഞ്ഞ മറുപടി ഇതാണ് ‘ ഞാൻ ദാവീദിനെ പോലെ തോന്നാത്തതെല്ലാം ഇതിൽനിന്നും ഒഴിവാക്കുന്നു’. മൈക്കൽ ആഞ്ചലോ പറഞ്ഞത് വേണമെങ്കിൽ ഫോട്ടോഗ്രാഫിയെക്കുറിച്ച് ആണെന്നും പറയാം. ഒരു ഫോട്ടോഗ്രാഫർ തന്റെ മനസ്സിലുള്ള ഫോട്ടോഗ്രാഫിന് ഉതകാത്തതെല്ലാം ഫ്രയിമിൽനിന്ന് നീക്കം ചെയ്യുന്നു. അവിടെയാണ് ഫ്രയിമിങ്ങിനും അതിന്റെ കോമ്പോസിഷനും ഫോട്ടോഗ്രഫിയിൽ പ്രാധാന്യം വരുന്നത്. ചിലപ്പോൾ ആംഗിൾ ആകാം, ചിലപ്പോൾ കാമറയും വിഷയവും തമ്മിലുള്ള ദൂരമാകാം, ചിലപ്പോൾ ലെൻസിന്റെ ഫോക്കൽ ലെങ്ത് ആവാം, ചിലപ്പോൾ ഫോക്കസിങിന്റെ ഡെപ്ത് ആവാം, വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകൾ ആകാം, നിറങ്ങളാവാം ഇങ്ങനെ സാങ്കേതികവും സൗന്ദര്യപരവുമായ പല തീരുമാനങ്ങളിലൂടെയാണ് ഒരു ഫോട്ടോഗ്രാഫർ തന്റെ ചിത്രത്തിലേക്ക് എത്തിച്ചേരുന്നത്. വേറൊരു രീതിയിൽ അതും ഒരു നിർമ്മാണ പ്രവർത്തനം തന്നെയാണ്. ഒരു ചിത്രം വരയ്ക്കുന്ന ആൾ ചെയ്യുന്നതുപോലെ സങ്കല്പത്തിൽ നിന്നല്ല എന്നുമാത്രം. ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ചുള്ള വ്യക്തതയാണ് രണ്ടുപേരെയും മുന്നോട്ട് നയിക്കുന്നത്. ഒരാൾ നിർമ്മിച്ചെടുക്കുന്നുവെങ്കിൽ മറ്റൊരാൾ അനാവരണം ചെയ്യുന്നു എന്ന് പറയാം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.