കവിത
ഷീജ പള്ളത്ത്
പതിവുള്ളൊരു
ഉണർത്തുപാട്ടിനെ
വിരൽതൊട്ടു നിശബ്ദമാക്കി
പുതയ്ക്കാത്ത പുതപ്പിനെ
സ്വപ്നങ്ങളോടൊപ്പം
കുടഞ്ഞു മടക്കി വച്ച്
കോപിച്ചുണരുന്ന
വെളിച്ചത്തെക്കെടുത്തി
തപ്പിതടഞ്ഞവൾ,
പുറത്തു കടക്കും
വിട്ടുപോവാത്ത
ഉറക്കത്തെ കഴുകിക്കളഞ്ഞ്
അവളൊരു പടനയിക്കാൻ ഒരുങ്ങും
സൂഷ്മതയോടെ
അടുക്കളപ്പാത്രങ്ങളോട്
ശബ്ദം ഉണ്ടാക്കരുതെന്ന്
അടക്കം പറയും
അടവുകൾ അറിയാത്ത
സേനാധിപതി
തന്റെ സാമ്രാജ്യത്തെത്തന്നെ
പൊരുതി ജയിക്കും,,
പോരാട്ട വീര്യങ്ങളെ വിളമ്പിവച്ച്,
ആസ്വദിക്കാനാവാത്ത
സമയത്തെ കടമെടുത്ത്,
കണ്ണാടിയിൽ നോക്കും.
വേഗം കൂടിയ
സമയത്തെ ശപിച്ച്
കാത്തുനിൽപ്പുകളിൽ
അസ്വസ്ഥയാവും
ക്ഷീണങ്ങൾക്ക് മേലെ
വെയിൽ പൊള്ളൽ
ചുവന്നൊഴുകുന്ന പകലുകൾ.
കിട്ടാത്ത കനിവിന്റെ ഉറവയെ
ചികഞ്ഞു കൊണ്ട്
ഒഴിവു സമയങ്ങളെ
ഒഴുക്കിക്കളയും,
തിരക്കിലോടുന്നവളുടെ
മുന്നിലോടുന്നവരാണേറെയും
യാത്രകളെയവൾ
സ്വപ്നങ്ങളാക്കും
കറുത്തമഷിയാൽ
ചുവപ്പിനെ എഴുതും
ജീവനുണ്ടെന്നിടയ്ക്കിടെ
നുള്ളി വേദനിക്കും
അറ്റമില്ലാത്ത
യാത്രയെ ആഗ്രഹിക്കും
ഇടയിൽ അവളൊരു
കവിതയെഴുതി
എഴുതിതീർന്ന
വരികളിലൊക്കെയും
അവൾക്കുപോലും
തിരിച്ചറിയാനാകാത്ത
വാക്കുകളുടെ
തുറിച്ചു നോട്ടത്തിൽ
അവളുരുകി.
…
ഷീജ പള്ളത്ത്
കേരള വാട്ടർ അതോറിറ്റിയിൽ ഓവർസീയർ
എറണാകുളം ചെറായി സ്വദേശി.
ഭർത്താവ് സുധീഷ്കുമാർ
മകൻ അഭിരാം സുധീഷ്
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.