കണ്ണൂര്‍: ഫിലിം ഫെഡറേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ലൈബ്രറി കൗണ്‍സിലും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ് ഞായറാഴ്ച കണ്ണൂരില്‍ ആരംഭിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, നീലാഞ്ജന, 2017 ലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
28 വരെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ശിക്ഷക് സദന്‍, ടൗണ്‍ സ്‌ക്വയര്‍ എന്നിവിടങ്ങളിലും 27, 28 തീയ്യതികളില്‍ എന്‍എസ് ടാക്കീസിലും പ്രദര്‍ശനം നടക്കും. ദിവസവും വൈകിട്ട് അഞ്ച് മുതല്‍ ടൗണ്‍ സ്‌ക്വയറില്‍ ഓപ്പണ്‍ ഫോറവും തുടര്‍ന്ന് പ്രദര്‍ശനവും ഉണ്ടാകും.
28 ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും. 26ന് ആവിഷ്‌കാര സ്വാതന്ത്ര്യം സിനിമയില്‍ എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. 27ന് സിനിമയും സ്ത്രീയും എന്ന വിഷയത്തിലെ ഓപ്പണ്‍ ഫോം നടക്കും. 200 രൂപയാണ് ഡെലിഗേഷന്‍ ഫീസ്.