കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ രോഷ്നി സ്വപ്ന
“Always be a poet
even in prose”
-Charles Baudelire
മനുഷ്യൻറെ പരിണാമദിശയിലെ ഏടുകളിൽ
ജീവിതത്തെ ആവിഷ്കരിച്ചുo പുനരാവിഷ്കരിച്ചുo പുനർവ്യാഖ്യാനിച്ചുo തുടർന്നുപോന്ന നിരവധി സന്ദർഭങ്ങളുണ്ട്. കൂട്ടംചേർന്നും ഒറ്റയ്ക്കും ചിതറി മാറിയ അവൻറെ ചരിത്രം വിശാലമാണ്.
ഭാഷയും സംസ്കൃതിയും ഓർമ്മയും മറവിയും പാരമ്പര്യവും പ്രകൃതിയും അവനോടൊപ്പം ഈ യാത്രയിൽ ഉണ്ട്.
യുക്തിയും യുക്തിരാഹിത്യവും ഉന്മാദവും ഭ്രാന്തും പ്രണയവുമെല്ലാം ജീവിതത്തിൻറെ സൗകര്യത്തിനായി അവൻ കണ്ടെത്തുകയായിരുന്നു. തീർച്ചയായും യുക്തി ഒഴിഞ്ഞ അവനവനെത്തന്നെ കാട്ടിക്കൊടുത്തത് കവിത തന്നെയായിരിക്കാം.
അമോസ് ഓസിൻറെ “ദി സെയിം “യിൽ
ഇങ്ങനെ പറയുന്നു.
“ഒറ്റയ്ക്ക്
നിന്റെ യാത്രകളോടൊപ്പം.. ആത്യന്തികമായ ഉൻമത്തതകളോടൊപ്പം
ലോകത്തെ വലം വെച്ച് കൂടുതലറിയാൻ…
സ്വന്തം ഭാണ്ഡക്കെട്ടും
പേറിക്കൊണ്ട്.
ഓരോരുത്തരും
സ്വന്തം തടവറകളിൽ ആണ് കട്ടിയുള്ള ഭിത്തികൾ മറ്റുള്ളവരിൽ നിന്ന്
മറച്ച് വയ്ക്കുന്നു.
ആ മഞ്ഞുമനുഷ്യൻ യാഥാർത്ഥ്യമെങ്കിൽ..
ഈ പർവ്വതങ്ങളിലൂടെ ആയിരം വർഷമായി അയാൾ ഒറ്റയ്ക്ക് അലയുകയാണെങ്കിൽ ആയിരം കൊല്ലങ്ങൾ പ്രണയമോ രതിയോ ഇല്ലാതെ ജനനം ഇല്ലാതെ…
മരണമില്ലാതെ….
വസന്തം ഇല്ലാതെ
നഗ്നനായി അയാൾ അലയുകയാണെങ്കിൽ
ഈ കൂട്ടിൽ നമ്മൾ കണ്ടെത്തുന്ന നിമിഷം
അയാൾ എങ്ങനെയാണ് ചിരിക്കുക””
യഥാർത്ഥത്തിൽ അയാൾ ആരാണ്?
ഏകാന്തതയെ ഇത്രത്തോളമറിഞ്ഞ ഒരാൾ ഉണ്ടാവുമോ?
പ്രണയത്തെയും രതിയെയും ഇത്ര ആഴത്തിൽ അനുഭവിച്ച ഒരാൾ ഉണ്ടാവുമോ
സൗഹൃദത്തെക്കുറിച്ച് അയാൾക്കല്ലാതെ മറ്റാർക്കു പറയാനാവും? ജനനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും വിവരിക്കാൻ അയാൾക്കുള്ള ഭാഷ ആരുടെ കൈവശം ഉണ്ട്?
ഉടലിനെ കുറിച്ചും നഗ്നതയെ കുറിച്ചും അയാൾ ഏറ്റ വെളിച്ചങ്ങളെ ഉൾക്കൊള്ളാൻ നഗ്നത എന്തെന്നറിയാത്ത, ഉടൽ ഇല്ലാത്ത നമുക്കാവുമോ?
ബന്ധനസ്ഥരായ നമ്മളെ കണ്ടു ചിരിക്കാത്ത,പരിഹസിക്കാത്ത അയാളല്ലേ
യഥാർത്ഥ കവി?
ബോദ്ലയർ പറയുമ്പോലെ ഗദ്യത്തിൽ രചിച്ച കവിത അല്ലേ
ദി സെയിം സീ?
എം. പി പ്രതീഷിന്റെ കവിതകളിൽ ഇയാളുടെ ആത്മാവുണ്ട്. ഉറങ്ങുമ്പോൾ തലക്കരികിൽ ഒരു പാത്രം വിത്തുകളാണ് അയാൾ സൂക്ഷിക്കുന്നത്. ജലത്തെ തുടങ്ങുമ്പോൾ ഉണ്ടാകുന്ന ഒച്ചകൾ വളരുന്നതിലെ നിശബ്ദതകളാണ് പിന്നീടയാൾ കവിതകൾ ആക്കുന്നത്.
” അവൻറെ ഉള്ളിൽ സ്വപ്നത്തിൽ
പറന്നുപോകുന്ന
പറവക്കൂട്ടം
വയലുകൾ”
കാടും വയലും പക്ഷിയും ചേർന്ന കവിതയിലെ പരിസ്ഥിതി വേർതിരിച്ചെടുക്കുക പ്രയാസമാണ്.അവനവനിൽ നിന്ന് നിഴലിനെ പറിച്ചുമാറ്റുo പോലെ അത് കവിതയുടെ ആന്തരികതയുമായി ഇഴുകിച്ചേർന്നിരിക്കുകയാണ്.
സ്വന്തം നിഴലിനെ തിണ്ടിനുപിന്നിൽ
ചുരുട്ടിവെച്ച് അയാൾ കലത്തിലെ വെള്ളം കുടിക്കാനെത്തുന്ന പക്ഷിയെ കാത്തിരിക്കുകയാണ്.
ആ പക്ഷി തിരിച്ചുവന്നിടത്ത് കിടന്ന സ്വരങ്ങൾ ആണ് ഇയാൾക്ക് കവിതകളാകുന്നത്.
പ്രതീഷിന്റെ കവിതയിൽനിന്ന് ഭാഷയേയും കവിയെയും കവിതയെയും വേർപിരിഞ്ഞു കിട്ടില്ല.
” രാവിലത്തെ വയലിലൂടെ ആരോ നടന്നതിൻറെ പാടുകൾ” പോലെ അത് ഭൂമിയുമായി ചേർന്ന് കിടക്കുകയാണ്.
തുരുമ്പിച്ചു തകർന്ന കപ്പലാണ് താനെന്നും,തൻറെ കയ്യിൽ ചുരുട്ടിപ്പിടിച്ച ഒരു കവിതയുടെ ദേഹമുണ്ടെന്നും എഴുതുമ്പോൾ ഭാഷയുടെ വലിപ്പത്തെ സംബന്ധിക്കുന്ന
എല്ലാം മാനങ്ങളും കീഴ്മേൽ മറിയുന്നു. ചിത്രകാരൻ കൂടിയായ കവിയുടെ കയ്യിലാണ് കവിതയുടെ ദേഹം.
ഉടൽ,ശരീരം തുടങ്ങിയ പദങ്ങളിലൊന്നും ഒതുങ്ങാത്തതാണീ കവിതകൾ. രൂപസങ്കൽപ്പങ്ങളുടെ കണക്ക് തെറ്റിക്കുന്നു പലപ്പോഴും പ്രതീഷിന്റെ ചിത്രങ്ങൾ.
“പൊടുന്നനെ
ഒരു മാൻ
പിന്നിൽ നിന്നും പാഞ്ഞു വന്നെന്നെ
കൊമ്പുകളിൽ
കോർത്ത്
കാട്ടിനകത്തേക്ക്
അദൃശ്യമായി ”
****
“കിടക്കവിരിയിലെ
ഇളം നീലപ്പൂക്കൾ
ഇലകൾ
വൃക്ഷത്തലപ്പുകൾ
അവക്കിടയിലെ
മാൻകൂട്ടങ്ങൾ ”
** **
കവികൾ ഒരിക്കൽ മായാജാലക്കാരും പടയാളികളെക്കാൾ ശക്തരും വീരരും ആയിരുന്ന കാലത്തെ കുറിച്ച് എവിടെയോ വായിച്ചിട്ടുണ്ട്. ഒരിക്കൽ വീണ്ടും അവർ ശക്തരാകും എന്നും,
കവികൾ നിലനിന്നിരുന്നു നമുക്കും ആകാം
അതിന്മേൽ
അതിനേക്കാൾ നന്നായി എന്തിനുവേണ്ടിയാണ്
അവർ നിലനിന്നത് അതിനു വേണ്ടി തന്നെ
എന്ന്
മായ ഏഞ്ചലോ എഴുതുന്നു.
“മുളങ്കൂട്ടത്തിനകത്ത് ഉണ്ടാവുന്ന വിധം ഒരു മൗനം അവിടെ ഉണ്ടായി
എന്ന് പ്രതീഷ് എഴുതുന്നു.
ചില പക്ഷികളോടൊപ്പം വന്നുപോയ കാറ്റിൽ ഒരു മനുഷ്യൻറെ ബോധത്തെ വലിച്ചു കീറുന്നത് കേൾക്കുകയാണ്.
കവി പിന്നീട് ഒരു മുളയായിത്തീരുകയാണ്.
“ഒന്നൊന്നായി പടർന്ന
കനത്ത നിശബ്ദതയിൽ ഞാൻ പൊഴിഞ്ഞു പാറിയെങ്ങോ പോവുന്നു ”
എന്ന്,അത്രയ്ക്കും കനം കുറഞ്ഞതാണ് കവിയുടെ മനസ്സ്.ഏകാന്തതയുടെ ആഴങ്ങളിൽനിന്ന് കുഴിച്ചെടുത്താൽ മാത്രം കിട്ടുന്ന ഈർപ്പമാണ് ഈ കവിതകളുടെ കാതൽ. ആത്മത്തെ തിരഞ്ഞു ചെല്ലുമ്പോൾ ചുമലിലൂടെ കടന്നുപോയ ഒരു വാക്കിനെക്കുറിച്ചും വെള്ളത്തിൽ വീണ
ഒരു ശലഭച്ചിറകിനെക്കുറിച്ചും, കടലിനകത്തെ നിൻറെ വീടിനെക്കുറിച്ചും,നദിയുടെ
അടിത്തട്ടിൽ കിടക്കുന്ന നിഴലുകൾ ഇല്ലാത്ത ദേഹത്തെക്കുറിച്ചുo,മീനുകളുടെ വേനൽക്കാലത്തെക്കുറിച്ചും അയാളോർക്കുന്നു.
അതിലെല്ലാം തന്നെ കാണുകയും ചെയ്യുന്നു.
” ഇത്തിരി കരിനിറം
തേച്ചിട്ട്
എന്നെയൊന്ന് വരക്ക്
മണ്ണിനടിയിലെ
പുഴുവിനൊപ്പംനിർത്ത്”
എന്നാണ് കവി പിന്നീട് പറയുന്നത്.
തൻറെ വേദനകളെ കുടിയിറക്കാൻ ആണെങ്കിൽകൂടി എഴുതിയ വരികളെക്കുറിച്ച് നിപുണൻ ആയിരിക്കണമെന്ന് കൃസ് ജാമി പറഞ്ഞിട്ടുള്ളതുപോലെ,
പറയുന്ന വാക്കിനെക്കുറിച്ച്, കറുത്ത മഷിയിൽ വരച്ചിടും പോലെ ഉറപ്പുണ്ട് ഈ കവിക്കു.
പ്രകൃതിയിലെ ഏറ്റവും ചെറിയവയോട് പോലും പ്രതീഷിന്റെ കവിതകൾക്ക് പ്രണയമാണ്. മീനും മുളക് ചെടിയുടെ പൂവും, പഴവിത്തും, ഉള്ളം കയ്യിൽ വരച്ച കാടിനും, ധാന്യ മണിക്കും, ജനാല പടിയിൽ തെറ്റി മുളച്ചു വളരുന്ന ചെടിക്കും, മുളവട്ടിക്കും ചണച്ചാക്കിനും
മേപ്പടിക്കും നാഴിക്കും ചിരട്ടക്കും ഉണക്കിലകൾക്കും പൊത്തുകൾക്കും മുളങ്കുറ്റിക്കും കൽചട്ടിക്കും
തട്ടിൻപുറത്തിനും കളമുറ്റത്തിനും മുറികൾക്കും പ്രതീഷിന്റെ കവിതയിൽ ഓരോ ലോകങ്ങൾ ഉണ്ട്, കർത്തൃത്വങ്ങൾ ഉണ്ട്. സ്വപ്നത്തിൽ കണ്ട മൂന്ന് മീനുകളോടാണ് ഈ കവിതകളുടെ പ്രകൃതിപാഠം സംവദിക്കുന്നത്.
“എഴുതുമെന്ന്
തീർച്ച
ഇല്ലാത്ത കവിതകളെ
ഞാൻ മണ്ണിൽ ആഴ്ത്തി ഒളിപ്പിക്കുന്നു “”
എന്ന കുമ്പസാരവും ഈ കവിതകൾക്കുണ്ട്
സ്വപ്നത്തിൽ കണ്ട മൂന്ന് മീനുകളോടാണ് പ്രതീഷിന്റെ കവിതകളുടെ പ്രകൃതിപാഠം സംവദിക്കുന്നത്.
“എഴുതുമെന്ന് തീർച്ചയില്ലാത്ത കവിതകളെ
ഞാൻ മണ്ണിൽ ആഴ്ത്തി ഒളിപ്പിക്കുന്നു”
എന്ന കുമ്പസാരവും ഈ കവിക്കുണ്ട്.
ഇല്ല നിഴലുകളുടെ കരുണയിൽ ആണ് തൻറെ കവിതകളുടെ വേഗം നിർണ്ണയിക്കപ്പെടുന്നത് എന്ന് അയാൾക്കറിയാം
മനുഷ്യൻ പൊന്മയും പൊന്മ മനുഷ്യനുമായി തീരുന്ന നന്മയിൽ ആണ് ഈ കവിതകൾ നിലനിൽക്കുന്നത്. അത് നിക്കോളസ് ഗീയനെപ്പോലെ ഉരുക്കു മതിലുകൾ പൊട്ടിച്ചല്ല കുതിക്കുന്നത്. നെരൂദയെ പോലെ ആവേശഭരിതമായ വരികളിൽ അല്ല കുടികൊള്ളുന്നത്.
” പുരാതനമായ ഒരു മീൻ അതിൻറെ വായിൽ
ഒരു വാക്ക് ”
എന്ന ലാളിത്യത്തിൽ ആണ്. ഈ ലാളിത്യം ഒരു വിശാലദർശനം ആയി മാറുകയും ചെയ്യുന്നുണ്ട്.
“””ചിലപ്പോൾ എൻറെ മരണത്തിനരികെ ഒരു ജനാലയും ഇല്ല “”എന്ന് നിസ്സഹായത!
പെട്ടന്നുണ്ടായ മിന്നലിൽ സ്വന്തം ഭാഷയുടെ പീലികൾ വെളിപ്പെടുന്ന അത്ഭുതം!
മറ്റു ചിലപ്പോൾ ഉറ പൊഴിച്ച് കൊടുങ്കാറ്റിൻ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഭീതി!
മുളങ്കാടിനകത്തെ ബുദ്ധത!
‘വിഷാദമയമല്ലാത്ത എല്ലാ സൗന്ദര്യങ്ങളെയും ഞാൻ കവിതയിൽ ആവാഹിക്കുന്നു’
എന്ന് പറഞ്ഞ ബോദ്ലയറിനെപ്പോലെയല്ല പ്രതീഷ്,കവിതകളിൽ സൗന്ദര്യം ആവിഷ്കരിക്കുന്നത്. തൊട്ടടുത്ത കൊടുക്കുന്നുണ്ട് മരണമുണ്ട് എന്നറിയുന്ന ലാളിത്യത്തെ തിരിച്ചറിയൽ ആണീ കവിതകൾ.
അയ്യപ്പപ്പണിക്കരുടെ മൃത്യുപൂജയിൽ ജീവിതം മുഴുവനുണ്ടല്ലോ കവിതയിലൂടെ പറയുന്ന ജീവനും നിലനിൽപ്പും അതിജീവനവും നന്മയും തിന്മയും എല്ലാം തന്നെ ജീവിതത്തിൻറെ അലങ്കാരമല്ലാത്ത കവിത തന്നെ ആവുകയാണ്.
മനുഷ്യനും മുന്നിലെ അനന്തമായ ഇരുട്ടിലാണ് ഈ കവിതകൾ എഴുതപ്പെട്ടത്.ഈ അനന്തത അയാളുടെ യാഥാർത്ഥ്യത്തിന്റെ നിർവ്വചനങ്ങൾ ആകാം.
ജനനത്തിന്റെ ആകസ്മികതകളാവാം.
മരണത്തിൻറെ അപ്രമാദിത്വങ്ങളാവാം.
“ജനനം ജനനം
മൃതിയുടെ ജനനം ”
എന്ന് കുടുംബ പുരാണത്തിൽ അയ്യപ്പപണിക്കർ പറയുന്നത് ഒരുപക്ഷേ ഈ അർഥത്തിലാവാം.
പ്രതീഷിന്റെ കവിതകളിൽ മരണം കടന്നുവരുന്നത് അപ്രതീക്ഷിതമായല്ല. ”
“തിരക്കിലൂടെ അലസമായി കാറോടിച്ചു പോകുമ്പോൾ എനിക്ക് ശരീരം ഇല്ലാതാവുന്നു” (വാട്ടർ കളറിംഗ്)
“ഒരു രാത്രി കടൽ ഉയർന്നുവന്ന് അവളെ മാത്രം അവിടെ അവശേഷിപ്പിച്ചു.”(ഏകാന്തതയുടെ നൂറു വർഷങ്ങൾ )
“ഇണചേരലിനിടയിൽ അവനങ്ങു മരിച്ചുപോയി”
( രണ്ടാൾ )
“മരിച്ചു കിടക്കുന്നു ഒരു പുഴുവിനൊപ്പം
മണ്ണിൽ ബുദ്ധൻ ”
“മണ്ണും വെള്ളവും” എന്ന തലക്കെട്ടിനുകീഴിൽ ബുദ്ധനെക്കുറിക്കുന്ന കവിതകളാണ്. ജീവിതവും കവിതയും തമ്മിലുള്ള അന്തരം എന്ത് എന്ന ചോദ്യത്തിലേക്ക് ആസ്ട്രിയൻ ദാർശനികനായ വിറ്റ്ഗൺസ്റ്റീനിൻറെ ഒരു കാഴ്ചപ്പാട് നമ്മെ നയിക്കുന്നുണ്ട്.
ഏത് സൈദ്ധാന്തിക പ്രശ്നങ്ങൾക്കും പ്രത്യയശാസ്ത്ര പ്രശ്നങ്ങൾക്കും ഉത്തരം കണ്ടെത്തിക്കഴിഞ്ഞാലും ബാക്കിയാവുന്ന “ജീവിതം” എന്ന ചോദ്യം അതുപോലെ തന്നെ നിൽക്കുന്നു എന്നതാണ് വിറ്റ്ഗെൻസ്റ്റൈൻന്റെ ദർശനം.
ദാർശനികതയ്ക്കോ സൈദ്ധാന്തികയ്‌ക്കോ ഉൾക്കൊള്ളാനാവാത്ത ഒരു സങ്കീർണത ജീവിതത്തിനുണ്ട്.
ബുദ്ധനെ കണ്ടുമുട്ടുന്ന കവിക്ക് തന്നെത്തന്നെ കാണലാണത്.
തന്നിൽ തടയുന്ന ഈ ബുദ്ധനെ കൽപ്പറ്റ നാരായണനിൽ കണ്ടിട്ടുണ്ട്.
” വീണപ്പോൾ താങ്ങിയ അപരിചിതൻ -എന്നിലുള്ള. ശങ്ക തീർത്തു തന്നില്ലെ? ”
എന്ന് കൽപ്പറ്റയുടെ കവിതയിൽ ബുദ്ധൻ ചോദിക്കുന്നുണ്ട്.
പ്രതീഷിന്റെ സമീപത്തുള്ളത് മുള ചീന്തുകയും നെല്ല് ചിക്കുകയും ചെയ്യുകയും പരമ്പ് നീർത്തുകയും ചെയ്യുന്ന പച്ച ബുദ്ധനാണ്.
സ്പർശവും മണവും ഒക്കെ ആ ബുദ്ധനു ബാധകമാണ്. വിശപ്പിൽ നിന്ന്, കാമനകളിൽ നിന്ന് മുക്തനല്ല പ്രതീഷിന്റെ ബുദ്ധൻ.
അയാൾ കിഴങ്ങു തിരയുകയും ചുട്ടെടുക്കുകയും തൊലി പൊളിക്കുകയും ചെയ്യുന്നു. തോട്ടുകരയിൽ മീൻ തേടി വള്ളിയിൽ കോർത്ത് വീട്ടിലെത്തുന്ന ബുദ്ധനെ നമുക്ക് പരിചയമില്ല. ഈ ബുദ്ധൻറെ ഉള്ളിൽ കവിതയുണ്ട്.
അതുകൊണ്ടാണ് കുളം കയറിവരുമ്പോൾ ബുദ്ധൻറെ മുടിയിൽ ആഴങ്ങൾ കുരുങ്ങുന്നത്. മറവിയും മടുപ്പും മരണംവരെ
അയാൾ
കാക്കുന്നത്
മഞ്ഞും ചിലന്തിവലകളും നൂഴ്ന്ന്, വയൽ മുറിച്ചു കടക്കാൻ അയാൾക്കാകുന്നത്.
വെളിച്ചത്തിൽ ഉച്ചക്ക് കൈകാലിട്ടടിച്ച് നീന്താൻ ആകുന്നത്.
മനുഷ്യനും ബുദ്ധനും കവിയും ഇവിടെ ഒന്നാണ്. ശില്പത്തിൽ അല്ല കവിയിൽ തന്നെയാണ് ബുദ്ധൻ നിലനിൽക്കുന്നത്. മറ്റൊരു കവിയിലും ഇല്ലാത്ത ഈ ബുദ്ധനാണ് പ്രതീഷിന്റെ കവിതകളെ ധ്യാനാത്മകമാക്കുന്നത്.
“പാതകൾ ജലത്തിൽ നഷ്ടപ്പെടുന്നു”( തെളിവ്)
“നൃത്തം ചെയ്യുന്ന
നേരത്ത്
മരിക്കുന്നതിനെയും ജീവിക്കുന്നതിനെയും
ദൈവത്തെത്തന്നെയും അയാൾ
മറന്നു പോവുകയാണ്
(സാമൂറായി )
” കാറ്റും നിറങ്ങളും തമ്മിൽ അലിഞ്ഞു കൊണ്ടിരിക്കുന്നു
(നൃത്തം )
“ചെരിപ്പോടെ നടക്കുന്ന ശബ്ദത്തിലെ ഭാരം ”
എന്നീ വരികൾ കവിതയുടെ മറ്റൊരു തുറസാണ്, സാധ്യതയാണ്.
ഒരു കൊളാഷിലേക്ക് എന്നപോലെ പ്രതീഷ് വാക്കുകളെ ചേർക്കുകയാണ്.
ജലം ചേർത്തും ലയിപ്പിച്ചും,തണ്ടും ഇലകളും വരച്ചു ചേർക്കുന്നു.
നിറങ്ങളുടെ സഞ്ചയങ്ങൾ ആകുന്നു ചിലപ്പോൾ ഈ കവിതകൾ.
ചിലപ്പോൾ കുപ്പായത്തിന്റെ നിറമഴിഞ്ഞു നിലം ആകെ പടർന്നു വീട് കഴിഞ്ഞു പോകുന്നു കവിഞ്ഞു പോകുന്നു.
മകളുടെ നെറ്റിയിൽ ഉറവുകൾ ഉണ്ടാകുന്ന ഇലകൾ ആവുകയാണ്..
ഇരുൾ നീലജലമുള്ള കുളമായും, കാറ്റുമായി ചേർന്നലിയുന്ന നിറമായും,കിടക്കവിരിയിലെ ഇളംനീല പൂക്കളായും മാറുന്നു.
ചോരയിഴയുന്ന
ഒച്ചയിൽ ഉറക്കമുണർന്നു. നാട്ടുച്ചയിലൂടെ ചുറ്റി നടന്നു
ഇരുട്ടാവും വരെ തണുപ്പുള്ളിടത്ത്
ചുരുണ്ടു കിടന്നു(ഉച്ച )
എന്ന് സമാശ്വസിക്കുന്നുണ്ട് ഈ കവിതകൾ.നിരാലംബമായ ജീവിതത്തേക്കുറിച്ച് കവി പറയുമ്പോൾപ്പോലും വാക്കിന്റെ ആഴങ്ങൾ സ്പഷ്ടമാണ്.
ദ്രവമായൊരു വാക്ക്
കട്ട പിടിച്ചു കല്ലായ് തീരുന്നതും
അകത്ത് മരിച്ചു കിടക്കുന്നയാളിന്റെ
ശരീരത്തിലെ വെള്ളം
വളർത്തു പൂച്ചകൾ
നക്കിത്തോർത്തുന്നതും
ആരെയും അറിയിക്കുന്നില്ല
(പിൽക്കാലം )
വിമർശനവിധേയമായ ദൈനoദിന ജീവിതത്തിന്റെ അനുബന്ധങ്ങളാണ് ചില സമയങ്ങളിൽ പ്രതീക്ഷിന്റെ കവിത. കേവലo സൗന്ദര്യാനുഭൂതികളല്ല. ജീവിതവും കവിതയും ചിത്രവും കലർന്ന ആപേക്ഷികങ്ങളാണ് പലപ്പോഴും ഈ കവിതകളുടെ ഭാവം.
ഒരു മീനിനെ കടലാസിൽ
വരച്ചു
മീനിന് ചുറ്റും
കുട്ടി
ഒരു വട്ടം വരച്ചു.
ഇത് കുളമാണ്
മീൻ നീന്തുന്നത് നോക്കമ്മെ
എന്ന് ജീവിതത്തിലേക്ക് ഭാവനയെ കലർത്തുന്ന സൂക്ഷ്തയാണത്. ഒരനക്കം കേട്ട് ജനൽപ്പാളി പകുതി തുറന്ന് അടർത്തി നോക്കുമ്പോൾ
പറക്കാതെ…മെല്ലെ. നടന്ന് ഒരു പൊത്തിലേക്ക് കയറുന്ന പക്ഷി ഒരു പ്രതീകമാണ്. പക്ഷി ഉണ്ടെന്ന തോന്നലിനെയാണ് നാം പക്ഷിയെന്ന് വിളിക്കുന്നത്.
ചിന്തയുടെയും യാഥാർഥ്യത്തിന്റെയും അടരുകളിൽ ചിലപ്പോൾ വിള്ളലുകൾ ഉണ്ടായേക്കാം എന്ന ലി പൊ കവിത പോലെ ഇത് നിലനിൽക്കുന്നു..
അർത്ഥത്തേക്കുറിച്ചും ഇത്തരം ഒരു ചിന്ത കടന്നു വരുന്നു.
ദിവസങ്ങളോളം
ഒരു കടന്നൽ
ജനൽച്ചില്ലിൽ
ഉടലുകൊണ്ട്
തള്ളിക്കൊണ്ടിരുന്നു
എന്ന് കരുതാം.
അതിന്റെ കൂട് മറുവശത്തായിരിക്കും
എന്നാണോ അതിന്റെയർത്ഥം?
എന്ന രീതിയിൽ പ്രതീഷ് കവിതയിൽ അർത്ഥത്തെ പ്രതിഷ്ടിക്കുന്നു.
“”വെള്ളത്തിനടിയിൽ
ഇല്ലാത്ത
മീനിൻ
നിഴൽ
അടിഞ്ഞു
കിടപ്പുണ്ടെന്ന “”തോന്നൽ പോലെയാകാമത്.
കവിതയെന്ത് എന്ന ചോദ്യത്തിന് പ്രതീക്ഷിന്റെ ഉത്തരം ഇങ്ങനെയാകാം
“കാട്ട് തെച്ചിപ്പഴത്തിന്റെ
ചുവപ്പ്
കാട്ട് മുള്ളിൻ മുനയിലെൻ
കൂർപ്പ്
ചുഴിക്കാറ്റിന്റെ ഉള്ളിൽ നിന്നും
പുറത്തേക്കുള്ള വഴി
ഈ കവിതകളെ നമുക്ക് വിശ്വസിക്കാം. ഇവയുടെ രൂപവും ഭാവവും വേർപ്പെടുത്തുക വയ്യ. കവിതയിൽ ഉപയോഗിക്കുന്ന ഭാവം തീവ്രവും അഴിച്ചെടുക്കാൻ ആവാത്തതും ആവുമ്പോൾ അത് പുതിയതായ ഒരു ഇടത്തിലേക്ക് കടന്നിരിക്കുന്നു.
ആൾക്കൂട്ടത്തിൽ ഇരിക്കുന്ന ഒരാൾ ആണ് ഈ കവിതകളിൽ. ആത്മ പരത ഉണ്ടെങ്കിലും ആത്മരതി ഇല്ല.
“താഴെയുള്ള ഒരു ലോകത്തെയും
താഴെയുള്ള ഒരു ജീവിതത്തെയും
മുകളിലിരുന്ന് താഴേക്ക് കുനിഞ്ഞു നോക്കുന്നതിനെക്കുറിച്ച് കുനിഞ്ഞു നോക്കി കാണുന്നതിനെക്കുറിച്ച് കവിതയെഴുതാനാണ്””
താൻ ശ്രമിക്കുന്നത് എന്ന് ഈ കവിക്ക് ഉറക്കെ പറയാൻ ആവുന്നത്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.