അവലോകനം
വിജേഷ് എടക്കുന്നി
ഭാരതപുഴ
രചന,സംവിധാനം
മണിലാൽ
കൊതിപ്പിക്കുന്ന ജീവിതമുള്ള ഒരാളാണ് മണിലാലേട്ടൻ. ആകാശത്തിലെ പറവകളെ പോലെ ദിശയും ദേശവും അതിരുകളുമില്ലാതെ ഇഷ്ടാനുസരണം സഞ്ചരിക്കുന്നൊരാൾ. സൗഹൃദങ്ങൾക്കു വേണ്ടി മലർക്കെ തുറന്നിട്ടൊരു വീടാണ് മണിലാലേട്ടന്റെത്. ഒറ്റ മുറിയുള്ള വീട്ടിൽ എനിക്കും നിനക്കും നമ്മെ സ്നേഹിക്കുന്ന ഓരോരുത്തർക്കും ഓരോ മുറിയെന്ന പോലെ ഹൃദയവിശാലതയുള്ളൊരിടം. വേർതിരുവുകൾ ഇല്ലാതെ മനുഷ്യനെ ചേർത്തു പിടിക്കാൻ പ്രാവീണ്യമുള്ളൊരാളാണ് ചങ്ങാതി. വീട് നിറയെ പുസ്തകങ്ങളും പൂച്ചകളും കൂടു തേടി കിളികളും പറന്നെത്തുന്നൊരിടം. ഒപ്പം മദ്യത്തിന്റെ രുചി വൈവിധ്യങ്ങളാലും കുപ്പികളുടെ രൂപഭംഗിയാലും മോഹിപ്പിക്കുന്ന ഒരു മിനി ബാറും ചങ്ങാതിയുടെ കസ്റ്റഡിയിൽ ഉണ്ട്. പല കുപ്പികളിലും അതിനവകാശപ്പെട്ടവരുടെ പേരും, അവർ വരുമ്പോൾ മാത്രം പൊട്ടിച്ചടിക്കാൻ നിശ്ചയിച്ചുറപ്പിച്ച തിയ്യതിയും അതിൽ എഴുതി വച്ചിട്ടുണ്ട്. സൗഹൃദങ്ങളാണയാളുടെ ആത്മബലം. ചിരിച്ച മുഖത്തോടെയല്ലാതെ ഇന്നോളം ഞാനീ മനുഷ്യനെ കണ്ടിട്ടില്ല. യാത്രകളാണയാളുടെ സ്വാതന്ത്ര്യം. എഴുത്തും കഥ പറച്ചിലും സിനിമയുമാണ് ജീവിതം. ചിലപ്പോഴോക്കെ ഈയുള്ളവനും പുള്ളിക്കാരന് കൂട്ടിരുന്നിട്ടുണ്ട്. ചെറിയ യാത്രകൾ ഞങ്ങളൊന്നിച്ച് നടത്തിയിട്ടുമുണ്ട്. ആരോടും പരാതിയോ പരിഭവമോയില്ല എന്നതാണ് മണിലാലേട്ടന്റെ ഗുണം. ലിംഗഭേദമില്ലാതെ സൗഹൃദങ്ങളുള്ളൊരാളാണ്. അവിവാഹിതനായൊരാളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് ചിലപ്പോൾ ക്ലാസേടുത്തുകളയും. വിവാഹിതനായി പോയതിൽ ഇങ്ങേരേ കാണുമ്പോൾ മാത്രം എനിക്കൊരു കുറ്റബോധം തഴച്ചു വളരും, പിന്നെ തെല്ലുനേരം അതിരറ്റ് വ്യാകുലപ്പെട്ട് വാനം നോക്കിയിരിക്കും. അനിശ്ചിതത്വങ്ങളുടെ ഈ കാലത്ത് ഒറ്റയാൻ ജീവിതത്തിന്റെ സൗന്ദര്യം കൊട്ടിഘോഷിക്കുന്നുണ്ട് ചങ്ങാതി.
വളരെ സ്വകാര്യമായൊരിടത്തു വച്ച് മണിലാലേട്ടന്റെ പുതിയ സിനിമ ‘ഭാരത-പുഴ’ റിലീസിനു മുൻപേ കാണാൻ സാധിച്ചു. നേരത്തെ എറണാകുളത്ത് നടന്ന ആദ്യ പ്രദർശനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഭാരത-പുഴയുടെ പേരിടൽ തൃശൂർ അശോകയിൽ നടന്നതു മുതൽ സിനിമയുടെ ഓരോ ഘട്ടത്തിലും ഉണ്ടായ പുരോഗതി അറിയാൻ പ്രത്യേക താൽപ്പര്യം കാണിച്ചിരുന്നതിനാൽ കൂടിയാവണം സിനിമ കാണാൻ എനിക്കീ അവസരമൊരുക്കിയതെന്നു കരുതുന്നു.
സിനിമയിൽ പി.ടി. കുഞ്ഞുമുഹമ്മദ്, കെ.ആർ.മോഹനൻ, എം.ആർ.രാജൻ, കെ.പി.കുമാരൻ എന്നിവർക്കൊപ്പമെല്ലാം പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഡോക്യൂമെന്ററികളും,കുട്ടികളുടെ സിനിമയും ഹൃസ്വ സിനിമകളും സംവിധാനം ചെയ്‌തിട്ടുണ്ട്. മാർജാരൻ, ബാർ/ബേറിയൻസ് എന്നീ രണ്ടു പുസ്തകങ്ങളും മണിലാലേട്ടന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
പുഴ പോലൊരൊഴുക്കുണ്ട് ഭാരതപുഴയെന്ന സിനിമക്ക്. തൃശൂരിന്റെ നാട്ടിടവഴികളിലൂടെ പുരുഷനൊപ്പം തന്റേടിയായി നടന്നു പോകുന്ന സുഗന്ധിയുടെ ജീവിത കഥ പറയുന്ന സിനിമ, സ്ത്രീയെ ശമനം വരാത്ത ആർത്തിയോടെ സമീപിക്കുന്ന ഒരു കൂട്ടം പുരുഷൻമാരിലൂടെ വികസിക്കുന്നു. സംവിധായകൻ തന്റെ ചുറ്റുപാടുകളിലെ സാഹചര്യങ്ങളെ സർഗാത്മകമായി സിനിമയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. പലയിടങ്ങളിലും അത്തരം സന്ദർഭങ്ങൾ കഥാഗതിക്കൊപ്പം ചേർന്നു നിൽക്കുന്നു. സിനിമയുടെ സാമ്പത്തിക ധാരാളിത്തങ്ങളെ ഇത് ഒരേ സമയം ചോദ്യം ചെയ്യുകയും സാംസ്കാരികമായ ഒരു മാനവികത സംവിധായകൻ ഇതിലൂടെ മുന്നോട്ട് വയ്ക്കുക കൂടി ചെയ്യുന്നു. ഒരർത്ഥത്തിൽ ഭാരതപുഴ സഞ്ചാരത്തിന്റെ കഥയാണ്. സുഗന്ധിയുടെ ഏകാന്ത യാത്രകളുടെ കഥ. അസാമാന്യമായ കരുത്തുള്ള സ്ത്രീയാണ് ഭാരതപുഴയിലെ സുഗന്ധി. അവളിലേക്കൊഴുകി പരക്കാൻ മോഹിക്കാത്ത പുരുഷൻമാരില്ല. ശരീരം വിറ്റ് ജീവിക്കുന്നവൾക്കും മാനാഭിമാനമുണ്ടെന്ന് സുഗന്ധി ഉറച്ചു വിശ്വസിക്കുന്നു. ഏതു പുരുഷനുമുന്നിലും തലയുയർത്തിപിടിച്ച് നിർഭയയായി അവൾനിൽക്കുന്നു. അവൾക്കൊപ്പം ഒരു കുമ്പസാര കൂടു പോലെ ഓട്ടോക്കാരൻ ഷാബുവും കാഴ്ചക്കാരുടെ മനസ്സിൽ ഇടം പിടിക്കുന്നു. നിസഹായനായ ഒരു തനി ഗ്രാമീണനാണ് ഷാബു. ഒന്നിനും ധൈര്യമില്ലാത്ത ഒരൊളിച്ചോട്ടക്കാരൻ. സുഗന്ധി മറ്റാരെക്കാളും പ്രണയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഷാബുവിന്റെ നിശബ്ദതയും നിസഹായതയും പലപ്പോഴും സമൂഹാധികാരിയായ പുരുഷന്റെ ലോകത്തിൽ ഇങ്ങനെയും ചില മനുഷ്യരുണ്ടെന്നതിന്റെ അടയാളപ്പെടുത്തലാണ്. അയാൾക്ക് സ്വന്തമായി ഒരഭിപ്രായമില്ല,മടിയനായൊരാളിലെ ഉറക്കച്ചടവിൽ നിന്നുണരാൻ അവസാനം പുലിവേഷം വരെ കെട്ടിയാടിയിട്ടും ഷാബുവിന് കഴിയുന്നില്ല. ദുർബലനായ ഷാബുവിന്റെ വാരിയെല്ലിൽ നിന്നാണ് സംവിധായകൻ കരുത്തുള്ള തന്റെ നായിക സുഗന്ധിയെ സൃഷ്ടിച്ചിരിക്കുന്നത്. സിനിമയിലുടനീളം സുഗന്ധി നിറഞ്ഞാടുന്നു. വെളിച്ചത്തിനപ്പുറമുള്ള ഇരുട്ടിൽ, കിടപ്പുമുറിയിൽ പെണ്ണനുഭവിക്കുന്ന ക്രൂരതകളേയും പ്രണയത്തെയും രതിമൂർച്ചകളേയും കെട്ട പുരുഷഗന്ധങ്ങളേയും സുഗന്ധിയിലൂടെ സംവിധായകൻ പകർന്നു തരുന്നു. എനിക്ക് മണമുണ്ടോ എന്ന സുഗന്ധിയുടെ ചോദ്യത്തിന് നിനക്ക് പലേ മണമാണെന്ന് ഷാബു പറയുന്നിടത്ത് അവളുടെ കണ്ണിൽ കാടുപൂക്കുന്നതു കാണാം. മുഴുവൻ സമയവും മദ്യലഹരിയിൽ ആയതിനാലാവാം അവളുടെ പ്രണയവും സൗന്ദര്യവും ആഗ്രഹങ്ങളും അയാൾ അറിയാതെ പോയത്. പലപ്പോഴും അയാൾക്കൊപ്പമിരുന്ന് വെള്ളമില്ലാത്തൊരൊറ്റ പെഗ്ഗിൽ അവളവളുടെ മോഹങ്ങൾ കുടിച്ചിറക്കിയതുമാവാം.
സുഗന്ധിയായി സിജി പ്രദീപ് ജീവിക്കുകയാണ്. സിനിമയിൽ പുതുമുഖ അഭിനേത്രിയാണെന്ന് അവരുടെ പ്രകടനം കണ്ടാൽ തോന്നില്ല. അത്രമേൽ അനായാസമായാണ് സുഗന്ധിയിലേക്കുള്ള സിജിയുടെ വേഷപകർച്ച. വരുംകാല മലയാള സിനിമയിൽ കരുത്തുള്ള സ്ത്രീ കഥാപത്രങ്ങളിലൂടെ സിജി കൂടിയുണ്ടാവുമെന്ന് ഭാരത-പുഴയിലെ സുഗന്ധി സാക്ഷ്യം വയ്ക്കുന്നു. ഓട്ടോക്കാരനായി വേഷമിട്ട നാടക പ്രവർത്തകൻ കൂടിയായ ദിനേശ് ഏങ്ങൂരും കാഴ്ചകരുടെ ഹൃദയത്തിൽ ഇടം പിടിക്കുമെന്ന് തീർച്ച. സംവിധായകന്റെ ഈ രണ്ടു കണ്ടെത്തലുകളും തെറ്റിയില്ലെന്ന് സിനിമ കണ്ടിറങ്ങിയ ഒരാൾ എന്ന നിലയിൽ ഉറപ്പിച്ചു പറയാൻ കഴിയും.
ഏറേ പ്രിയപ്പെട്ടൊരാളാണെനിക്ക് ഇർഷാദിക്ക(ഇർഷാദ്). ഭാരത-പുഴയിലെ ഗൾഫുകാരൻ ഇർഷാദിക്കയിലൂടെ കൂടുതൽ തെളിച്ചപ്പെടുന്നുണ്ട്. മുഖ്യധാര മലയാള സിനിമയിലെ കനമുള്ളൊരാളുടെ സാന്നിധ്യവും പ്രകടനവും സിനിമയ്ക്ക് ഗുണമാവും. ശ്രീജിത്ത് രവിയുടെ ഡോക്ടർ കഥാപാത്രം നമ്മളിൽ പലരുമാണെന്ന് തോന്നിപ്പോയാൽ തെറ്റില്ല. ചെറുതല്ലാത്ത ചിരിയും ചിന്തയും ഡോക്ടർ നമുക്ക് സമ്മാനിക്കുന്നുണ്ട്. മടിയനായൊരാളിലെ മുഷിപ്പിനെ പൊടി തട്ടിയെടുത്ത് കാഴ്ചക്കാരിൽ പ്രതിഷ്ഠിക്കുന്നുണ്ട് ചെറുതാണെങ്കിലും എം.ജി.ശശിയുടെ വേഷം. വെറുതെയുള്ള ഒരിരിപ്പിലൂടെയും ചിരിയിലൂടെയും എം.ജി ശശി തന്റെ കഥാപാത്രത്തെ കവിത പോലെ സുന്ദരമാക്കിയിട്ടുണ്ട്. സുനിൽ സുഖദയുടെ ആന്റപ്പനും മണികണ്ഠൻ പട്ടാമ്പിയുടെ ഇടവക വികാരിയും ആഴത്തിൽ വേരോട്ടമുള്ള രണ്ടു കഥാപാത്രങ്ങളാണ്. സുനിൽ സുഖദയുടെ ഇരിപ്പും നടപ്പും തൃശൂരിന്റെ പഴയ തീറ്ററപ്പായിയെ ഓർമ്മിപ്പിക്കുന്നുണ്ട്. നാടക അഭിനേതാക്കളായി ജോസ് പായമ്മലും കലാലയം രാധയും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നു. ജയരാജ് വാര്യരും ശില്പി രാജനും കൂടി സിനിമയുടെ ഭാഗമാവുന്നുണ്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സുനിൽകുമാർ സംഗീതം നൽകിയിട്ടുള്ള മനോഹരമായ ഒരു ഗാനവുമുണ്ട്. ജോമോൻ തോമാസാണ് ക്യാമറ ചെയ്തിരിക്കുന്നത്.
സിനിമയിൽ നിറയെ സുഹൃത്തുക്കൾ ഉള്ള ഒരാളല്ല ഞാൻ. ഉള്ളവരെ തന്നെ പിൻതുടർന്നുള്ള ശീലവുമില്ല. സാധാരണത്വങ്ങളിലൂടെ കടന്നു പോവലാണ് പതിവ്. ഇതിപ്പോൾ ദീർഘമായ കാലത്തെ ഇഴയടുപ്പമുള്ളൊരാളുടെ ആദ്യ സിനിമ, എത്രയോ കാലത്തെ അലച്ചിലും അന്വേഷണവുമാണിതെന്ന തിരിച്ചറിവ് എന്നെയും കുളിരണിയിക്കുന്നു. ക്യൂ നിന്ന് ടിക്കറ്റെടുത്ത് സിനിമ കാണാൻ കഴിയാത്ത മഹാമാരിയുടെ കാലത്ത് പുതിയ റീലിസ് തന്ത്രങ്ങൾക്ക് ഒരുങ്ങുകയാണ് മണിലാലേട്ടനും. സുഹൃത്തുകൾക്കൊപ്പം ഫീലിം സൊസൈറ്റികൾ രൂപികരിച്ച് സിനിമയെ അനുഭവിക്കാൻ തുടങ്ങിയ ഒരാൾ എന്ന നിലയിൽ, ജീവതത്തിൽ എല്ലാറ്റിനും മുകളിലാണ് നിങ്ങൾക്ക് സിനിമ എന്നറിയാം. നിങ്ങളിലൊരു മികച്ച ചലച്ചിത്രകാരനുണ്ടെന്ന് ഭാരത-പുഴ പറഞ്ഞു വയ്ക്കുന്നു.
ഇരുട്ട് കൂടു കൂട്ടുന്ന രാത്രിസത്രങ്ങളിലൊന്നിൽ നിങ്ങളുടെ സുഗന്ധിക്കൊപ്പം ഞാനീ രാത്രി വെളുപ്പിക്കുന്നു. കാറ്റിലും മഴയിലും നിലാവ് വിരിച്ചിട്ട കാട്ടരുവിയിലും ഞങ്ങളൊരേ തുഴ താളമാവുന്നു. അവളെ അവളാക്കുമിടങ്ങളിൽ ഉമ്മ വെച്ചുണരുന്നു. അവൾ നനച്ചിട്ട പകലിലെ അഴയിൽ നിന്ന് ഞാനീ മാന്യതയുടെ കുപ്പായം എടുത്തണിയുന്നു. സുഗന്ധി എനിക്കിപ്പോൾ നാടറിയാത്തൊരു പുഴയുടെ പേരു കൂടിയാണ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.