റിയാദ്: “മാണിക്യ മലരായ പൂവി, മഹതിയാം ഖദീജ ബീവി…” എന്ന് തുടങ്ങുന്ന മാപ്പിള പാട്ട് ഗാനം പണ്ട് മുതലേ മലബാറില്‍ ഹിറ്റാണ്. ഏറ്റവും ഹിറ്റായ പത്ത് മാപ്പിള പാട്ടുകളെടുത്താല്‍, അതില്‍ ഒന്ന്. പക്ഷെ, ഇപ്പോള്‍ ഈ പാട്ട് മറ്റൊരു രീതിയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാര്‍ ലവ്’ എന്ന വരാന്‍ പോകുന്ന സിനിമയിലെ പത്ത് പാട്ടുകളില്‍ ഒന്നായി ഈ പഴയ മാപ്പിള പാട്ട് ദൃശ്യാവിഷ്കരിച്ചിരിക്കുകയാണ്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം പാടിയിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്.
നാല് ദിവസം കൊണ്ട് യൂട്യൂബില്‍ ഒരു കോടിയിലധികം പേരാണ് ഗാനം കേട്ടത്. കൂടെ വിവാദങ്ങളും വന്ന് തുടങ്ങി. പ്രവാചകന്‍റെ പത്നി ഖദീജ ബീവിയെ കുറിച്ചുള്ള ഗാനം സിനിമയിലെ പ്രണയരംഗത്തിനു ഉപയോഗിച്ചു എന്നും പറഞ്ഞു ചിലര്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബില്‍ ആ ഗാനത്തിന്‍റെ അടിയിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗാന രചയിതാവ് പി. എം.എ ജബ്ബാര്‍ തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇന്നത്തെ (ചൊവ്വ) മാധ്യമം പത്രത്തിലാണ് പി.എം.എ ജബ്ബാര്‍ സംസാരിക്കുന്നത്. അദ്ദേഹം റിയാദില്‍ പ്രവാസിയായി ജോലി ചെയ്യുകയാണ്. അദ്ദേഹം പറയുന്നു:
“….പാട്ട് റിലീസ് ചെയ്തതും ഹിറ്റാവുന്നതും എല്ലാം അറിയുന്നുണ്ട്. അന്ന് തന്നെ യൂട്യൂബിൽ കയറി പാട്ടും കേട്ടു. ഷാൻ റഹ്മാന്റെ പുനരാവിഷ്കാരവും ഉമർ ലുലുവിന്‍റെ ദൃശ്യാവിഷ്കാരവും ഇഷ്ടമായി. പാട്ട് രംഗങ്ങളെ കുറിച്ച് ചില്ലറ വിവാദങ്ങളുണ്ടെന്ന് കേൾക്കുന്നു. അതിലൊരു കാര്യവുമില്ല. ഒരു പാട്ട് കേൾക്കുേമ്പാൾ, സിനിമ കാണുേമ്പാൾ ആളുകളുടെ മനസ്സിൽ പല വികാരങ്ങളും വിചാരങ്ങളും വരും. പ്രവാചകനും ഖദീജയും തമ്മിലുള്ള വിവാഹവും അവർ തമ്മിലുള്ള സ്നേഹത്തിന്റെ ഇഴയടുപ്പവുമാണ് പാട്ടിന്‍റെ വിഷയം. പാട്ടിനെ പാട്ടായും പ്രണയത്തെ പ്രണയമായും സിനിമയെ സിനിമയുമായി കണ്ടാൽ ഒരു വിവാദത്തിനുമിടയില്ല. പാട്ടിന്‍റെ സിനിമാവിഷ്കാരം ഇത്ര ഹിറ്റാവുമെന്ന് കരുതിയതേയില്ല. 1978ലാണ് താനീ പാട്ട് എഴുതുന്നത്. ആകാശവാണിയിലൂടെയും മറ്റും അറിയപ്പെട്ട മാപ്പിളപ്പാട്ടുകാരനായ റഫീഖ് തലശ്ശേരി തന്‍റെ ഒരു ബന്ധുവിനെയാണ്. വിവാഹം കഴിച്ചത്. അങ്ങനെയാണ് അദ്ദേഹവുമായുള്ള അടുപ്പം. മാണിക്യമലരടക്കം താനെഴുതിയ നിരവധി പാട്ടുകൾ റഫീഖ് ഇൗണം നൽകി പാടിയിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് ഷാൻ റഹ്മാൻ സിനിമക്ക് വേണ്ടി ഇൗ പാട്ട് ആവശ്യപ്പെട്ട വിവരം റഫീഖ് അറിയിച്ചത്. സന്തോഷം തോന്നി. പാട്ട് റിലീസ് ചെയ്യുന്ന വിവരവും ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു….” (മാധ്യമം ദിനപത്രം)
പി. എം. എ ജബ്ബാര്‍ മാണിക്യമലര്‍ പാട്ട് പാടുന്നു
ഫെബ്രവരി ഒമ്പതാം തീയ്യതി യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനരംഗം
മാധ്യമത്തില്‍ വന്ന ലേഖനം വായിക്കാം: http://www.madhyamam.com/music/music-feature/mappila-song-writer-pma-jabbar-karupadanna-manikya-malar-song-music-news/2018