ശ്രീജിത്ത് അരിയല്ലൂരിന്‍റെ പുതിയ കവിതാ സമാഹാരം ‘എർളാടൻ’ പ്രകാശനം ചെയ്യുന്നു. കവിതയുടെ കാർണിവൽ മൂന്നാം പതിപ്പില്‍ വെച്ച് രണ്ടാം ദിവസം(മാർച്ച് 10 ശനി) രാവിലെ പത്ത് മണിക്ക് പട്ടാമ്പി ഗവ: കോളേജില്‍ വെച്ചാണ് പരിപാടി. 40 കവിതകളാണ് പുസ്തകത്തിൽ ഉള്ളത്. പ്രസാധകർ: ഫ്രീഡം ബുക്സ്,വില:120 രൂപ,
പുസ്തകം വേണ്ടവർ വിളിക്കുക: 9846 697 314.
കവിത വായിക്കാം
എർളാടൻ
ശ്രീജിത്ത് അരിയല്ലൂർ
———————————-
സവർണ്ണനെന്നോ
അവർണ്ണനെന്നോ
മുദ്ര കുത്താനാവില്ല …!
കറുപ്പും വെളുപ്പും
സാറ്റ് കളിക്കുകയാണ്
ഉടലിൽ…!
സുഖവും ദു:ഖവുമെന്നോ
ഇരുളും വെളിച്ചവുമെന്നോ
കണ്ണീരും ചിരിയുമെന്നോ
ആവശ്യക്കാർക്ക് നിരൂപിക്കാം…!
സന്യാസിയുടെ ധ്യാനാത്മകതയെന്നോ
തീവ്രവാദിയുടെ വെടിച്ചീളെന്നോ
ആർക്കും ഇഴപിരിക്കാനാവില്ല…!
കാഴ്ച്ചക്കാർക്ക് എന്തും പറയാം…!
വെറുതേ ചിറകിട്ടടിക്കില്ല…
ഒച്ചയും വിളിയും കൂവലുമനക്കവുമുണ്ടാകില്ല…!
ഉറക്കത്തിലെ ഞെട്ടൽ പോലെയോ
കാറ്റിലടർന്നുവീഴുമില പോലെയോ
പെരുമഴയുടെയാദ്യ തുള്ളി പോലെയോ
മിന്നൽപ്പിണരിൻ വരയൊളി പോലെയോ
ഭൂകമ്പത്തിന്നാദ്യ വിള്ളൽ പോലെയോ
ഒറ്റയ്ക്ക്…നിശ്ശബ്ദം ഒരൊന്നൊന്നര വരവാണ് …!
തിരിച്ച് പൊന്തുമ്പോൾ
നഖങ്ങളിൽ
കോഴിക്കുഞ്ഞോ,അരണയോ,
ഒന്തോ,തവളയോ,കരിമൂർഖൻ കിടാവോവരെ
കിടു കിടെ പിടയുന്നുണ്ടാകും…!
കവിത പോലെ…!