ഗാന്ധിയോട് ചേർന്നു നിന്നു; അവരും ഗാന്ധിയായി

0
369
ck mushthaq

ലേഖനം

സി കെ മുഷ്താഖ് ഒറ്റപ്പാലം

ഒക്ടോബർ 2, ഒരു ഗാന്ധി ജയന്തി കൂടി കഴിഞ്ഞു പോവുന്നു.  രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം യു എൻ അഹിംസ ദിനമായാണ് ആചരിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തിയ ശേഷം ഇന്ത്യാ ചരിത്രം മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന അച്ചുതണ്ടിലാണ് കറങ്ങിക്കൊണ്ടിരുന്നത്. നേതൃപാടവം, ആദർശശുദ്ധി, ലളിത ജീവിതം, അഹിംസ, സത്യാഗ്രഹം തുടങ്ങിയ സത്യാന്വേഷണപരീക്ഷണങ്ങളിലൂടെ ഗാന്ധിയെ ലോകമറിഞ്ഞു. ഗാന്ധിയിലൂടെ ഇന്ത്യയെയും. ആ മഹദ് ജീവിതത്തോടൊപ്പം ചേർന്നു നിന്ന പലരും പിന്നീട് ഗാന്ധിയായി തന്നെ അറിയപ്പെട്ടു. അവരിൽ ചിലരെ നമുക്കിവിടെ പരിചയപ്പെടാം.

 c.k mushtaq

ഖാൻ അബ്ദുൽ ഗഫ്ഫാർ ഖാൻ-അതിർത്തി ഗാന്ധി

ഇന്ത്യൻ അതിർത്തി ഗ്രാമമായ ഉസ്മാൻ സായിയിൽ (ഇപ്പോൾ പാക്കിസ്താന്റെ ഭാഗം) 1890 ൽ ജനിച്ച് പിന്നീട് ഗാന്ധിയൻ മൂല്യങ്ങളിൽ ആകൃഷ്ടനായി ജീവിതം നയിക്കുകയും ചെയ്ത ഖാൻ അബ്ദുൽ ഗഫ്ഫാർ ഖാൻ അതിർത്തി ഗാന്ധി എന്ന പേരിൽ പ്രസിദ്ധനായി. ബാദുഷ ഖാൻ എന്ന വിളിപ്പേരുള്ള അദ്ദേഹം റൗലത് ആക്റ്റിനെ എതിർത്തു കൊണ്ട് രാഷ്ട്രീയത്തിൽ സജീവമായി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും മുൻനിരയിലുണ്ടായിരുന്നു. ഖുദായി ഖിദ്മത്ഗാർ (1929) എന്ന സംഘടന സ്ഥാപിച്ചു.1988 ജനുവരി 20 ന് അന്തരിച്ചു.

 ck mushtaq

നെൽസൺ മണ്ടേല- ദക്ഷിണാഫ്രിക്കൻ ഗാന്ധി

വർണ്ണ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയ ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൺ മണ്ടേലയാണ് ദക്ഷിണാഫ്രിക്കൻ ഗാന്ധിയായി അറിയപ്പെടുന്നത്. 1918ൽ ജനിച്ച അദ്ദേഹം തന്റെ ചെറുപ്രായത്തിൽ തന്നെ കറുത്ത വർഗ്ഗക്കാർ അനുഭവിക്കുന്ന പീഡനങ്ങൾ നേരിൽ കണ്ട അദ്ദേഹം ഏറെ ദുഖിച്ചു. 1944ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്‌ യൂത്ത് വിംഗ് സ്ഥാപിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ വർണ്ണ വെറി ചെറുക്കാൻ യത്നിച്ചു. 1952ൽ അറസ്റ്റ് ചെയ്യപ്പെടുകയും 1961 വരെ ജയിൽവാസം അനുഭവിക്കേണ്ടി വന്നു. ജയിൽ മോചിതനായ ശേഷവും പ്രവർത്തനങ്ങൾക്ക് ഒട്ടും കുറവു വരുത്തിയില്ല. വിധ്വoസക പ്രവർത്തനത്തിന്റെ പേരിൽ 1964 മുതൽ നീണ്ട 26 വർഷം അദ്ദേഹം ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1994ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുകയും ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗ്ഗക്കാരനായ ആദ്യ പ്രസിഡന്റാവുകയും ചെയ്തു. ജൂലൈ 18 മണ്ടേല ദിനമായി ആചരിക്കുന്നു. 2013 ലാണ് ആ മഹാവെളിച്ചം അണഞ്ഞത്. ആത്മ കഥ- ലോങ്ങ്‌ വാക്ക് ടു ഫ്രീഡം.

c.k mushtaq

കെന്നത്ത് കൗണ്ട- ആഫ്രിക്കൻ ഗാന്ധി

സാംമ്പിയയുടെ സ്വാതന്ത്ര്യസമര സേനാനിയും പിന്നീട് ദീർഘകാലം സാംമ്പിയൻ പ്രസിഡന്റ്‌ പദവിയിലിരുന്ന കെന്നത്ത് ഡേവിഡ് കൗണ്ട ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നു. 1924 ൽ ജനിച്ച അദ്ദേഹം നോർതേൺ റൊഡേഷ്യൻ ആഫ്രിക്കൻ നാഷണൽ ഇൻഡിപെൻഡന്റ് പാർട്ടി സ്ഥാപിച്ചു. മന്ത്രി, പ്രധാനമന്ത്രി എന്നീ പദവികൾ അലങ്കരിച്ച കൗണ്ട 1964ൽ സാമ്പിയയുടെ ആദ്യ പ്രസിഡന്റായി.1991ൽ അധികാരത്തിൽ നിന്നു പുറത്തായ ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയും മറ്റു സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

ck mustaq

ജോ മോ കെനിയാത്ത- കെനിയൻ ഗാന്ധി

കമാവു വാ എൻഗെൻഗി എന്ന ജോ മോ കെനിയാത്ത- കെനിയൻ രാഷ്ട്ര സ്ഥാപകരിൽ പ്രമുഖനാണ്. 1893ൽ ജനിച്ച അദ്ദേഹം ഗാന്ധിയുടെ ജീവിതവും ആശയങ്ങളും സ്വജീവിതത്തിൽ പകർത്തി കെനിയയിലെ അടിമത്തത്തിനെതിരെ പ്രവർത്തിക്കുകയും 1947 ൽ കെനിയൻ ആഫ്രിക്കൻ യൂണിയൻ പ്രസിഡന്റായി. മൗമൗ പ്രസ്ഥാനവുമായുള്ള ബന്ധത്തിന്റെ പേരിൽ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ തടവിലിട്ടു.1961ൽ സ്വതന്ത്ര്യനായ അദ്ദേഹം 1964 ഡിസംബറിൽ രാഷ്ട്രം റിപ്പബ്ലിക് ആയപ്പോൾ കെനിയയുടെ ആദ്യ പ്രസിഡന്റായി.1978 ൽ നിര്യാതനായ ജോ മോ കെനിയാത്തയെ ലോകം ആദരവോടെ കെനിയൻ എന്ന് വിളിച്ചു. (ആത്മകഥ- സഫറിങ് വിതൗട്ട് ബിറ്റർനസ്)

 ck mushtaq

ഓങ് സാൻ സൂചി-ബർമീസ് ഗാന്ധി

ഇന്ത്യ-നേപ്പാൾ-ബർമ എന്നീ രാജ്യങ്ങളിൽ അമ്പാസഡറായി പ്രവർത്തിച്ച ഖിൻചിയുടെയും ഓങ് സാനിന്റെയും മകളായി 1945 ൽ ജനിച്ച ഓങ് സാൻ സൂചി മികച്ച വിദ്യാഭ്യാസം നേടുകയും പിന്നീട് ബർമയുടെ മോചനത്തിനു വേണ്ടി അഹിംസയിലധിഷ്ഠിതമായ ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. അവരുടെ പ്രവർത്തനങ്ങളിൽ വിറളിപൂണ്ട ഭരണകൂടം 1989ൽ സൂചിയെ വീട്ടുതടങ്കലിലാക്കി.1995ൽ മോചിതയായതു മുതൽ രാഷ്ട്രീയ പോരാട്ടങ്ങളിൽ വ്യാപൃതയായി. ഇതിനിടയിൽ ഒട്ടേറെ പുരസ്‌ക്കാരങ്ങളും അവരെ തേടിയെത്തി. നിരവധി കൃതികളുടെ കർത്താവായ സൂചിയുടെ മാസ്റ്റർപീസ് ഗ്രന്ഥം വോയിസ്‌ ഓഫ് ഹോപ്‌ ആണ്.

ck mushtaq

ബാബാ ആംതെ- ആധുനിക ഗാന്ധി

സാമൂഹ്യ പ്രവർത്തകനും കുഷ്ഠ രോഗികൾക്കു വേണ്ടി ജീവിച്ച ബാബാ ആംതെയാണ് ആധുനിക ഗാന്ധി. മഹാരാഷ്ട്രയിലെ വറോറയിൽ 1914-ൽ ജനിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ പേര് മുരളീധർ ദേവീദാസ് ആംതെ എന്നാണ്‌. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംതെ പിൽക്കാലത്ത് രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. ഗാന്ധിജി,ആചാര്യ വിനോബ ഭാവെ എന്നിവരോട് ചേർന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുത്തു. ദേശീയ അന്തർ ദേശീയ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന ആനന്ദവനം ആശ്രമത്തിൽ വെച്ച് 2008 ലാണ് അന്ത്യം സംഭവിച്ചത്.

ck mushtaq

കെ. കേളപ്പൻ- കേരള ഗാന്ധി

കേരള ഗാന്ധി എന്നറിയപെടുന്ന കെ. കേളപ്പൻ കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു. 1889 കൊയിലാണ്ടിയിൽ ജനിച്ച അദ്ദേഹം നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റാണ്. ബ്രിട്ടീഷ് ഭരണം ബഹിഷ്കരിക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ കേളപ്പൻ ജോലി ഉപേക്ഷിച്ച് തന്റെ ജീവിതം മാതൃ രാജ്യത്തിനായി ഉഴിഞ്ഞിട്ടു. ഊർജ്ജസ്വലനായ വിപ്ലവകാരിയും സാമൂഹിക പരിഷ്കർത്താവും അധഃസ്ഥിതരുടെ നീതിക്കുവേണ്ടി പോരാടിയ പോരാളിയുമായിരുന്നു കേളപ്പൻ. ഒരു മാതൃകാ സത്യാഗ്രഹി കൂടിയായ അദ്ദേഹം മരണപ്പെടുന്നത് 1971 ലാണ്.

 ck mushtaq

ഐ.കെ. കുമാരൻ- മയ്യഴി ഗാന്ധി

വിമോചനസമര നേതാവ്. (1903 സെപ്റ്റംബർ 17 – ജൂലൈ 26 1999) കേരളത്തിലെ സ്വാതന്ത്ര സമര ചരിത്രത്തിൽ ഒരു സുവർണ്ണ അദ്ധ്യായം രചിച്ച മയ്യഴിയുടെ വിമോചന സമര നേതാവ് ഐ.കെ. കുമാരനാണ് മയ്യഴി ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നത്. മയ്യഴിയുടെ വിമോചനത്തിന്‌ നേതൃത്വം നൽകിയ മഹാജനസഭയുടെ നേതാവ് കൂടിയായിരുന്നു ഐ.കെ. കുമാരൻ.

ck mushtaq

കൃഷ്ണൻ നായർ-ഡൽഹി ഗാന്ധി

പ്രമുഖ ഗാന്ധിയൻ പുറവങ്കര കൃഷ്ണൻ നായർ അറിയപ്പെടുന്നത് ഡൽഹി ഗാന്ധി എന്നും ഗാന്ധി കൃഷ്ണൻ എന്നുമാണ്. ദേശീയ പ്രസ്ഥാനത്തിന് ഏറെ സംഭാവനകൾ നൽകിയ കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമത്തിൽ വെള്ളിക്കോത്ത് പടിഞ്ഞാറെക്കരയിലെ പനയന്തട്ട ചാത്തു നായരുടെയും പുറവങ്കര ഇച്ചിരയമ്മയുടെയും മകനായി 1899 ഒക്ടോബറിലാണ് കൃഷ്ണൻ നായർ ജനിച്ചത്. കർഷകനായി ജീവിച്ചാണ്‌ ഗാന്ധിജിയുടെ വാക്കുകളിൽ ആകൃഷ്ടനായി പല ഐതിഹാസിക സമരങ്ങൾക്കും നേതൃത്വമേകിയത്. മദ്യ വർജനത്തിനായി പട്ടിണിസമരം, ഹരിജൻ കുട്ടികളെ സ്കൂളിലെത്തിക്കുക, കള്ളുഷാപ്പ് പിക്കറ്റിങ്‌, പന്തിഭോജനം തുടങ്ങി ഒട്ടേറെ ഇടപെടലുകൾ നടത്തിയ അദ്ദേഹം 1930 ഏപ്രിൽ 13-ന് ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി കോഴിക്കോട്ടുനിന്ന്‌ പയ്യന്നൂരിലേക്ക് കേളപ്പജി നയിച്ച ജാഥയിൽ കാഞ്ഞങ്ങാട്ടു നിന്ന്‌ പങ്കെടുത്ത ആറുപേരിൽ ഒരാളായിരുന്നു. 1979 ഏപ്രിൽ 20-ന് ഹരിപുരത്ത് ഒരു റോഡപകടത്തിൽപ്പെട്ടാണ് കൃഷ്ണൻ നായർ മരിച്ചത്.

ck mushtaq

ഡോ.അരിയരത്‌നെ: ശ്രീലങ്കൻ ഗാന്ധി

ശ്രീലങ്കയിലെ സർവോദയ ശ്രമദാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ഡോ. അരിയരത്‌നെ ശ്രീലങ്കയുടെ ഗാന്ധി എന്നു വിളിക്കാറുണ്ട്. അഹിംസ, ഗ്രാമവികസനം, ആത്മത്യാഗം എന്നീ ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിച്ച അരിയരത്‌ന, മതേതര വികസന തത്വങ്ങളും നിസ്വാർത്ഥതയുടെയും അനുകമ്പയുടെയും പ്രസ്ഥാനമായി സർവോദയ ആശയത്തെ രൂപപ്പെടുത്തി. മാനവികത, സമാധാന നേതാവ്, വികസനം, മനുഷ്യ ക്ഷേമം എന്നിവയ്ക്കായുള്ള ആജീവനാന്ത സംഭാവനയ്ക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും നിരവധി ബഹുമതികളും നേടിയ അദ്ദേഹത്തെ ശ്രീലങ്കൻ ജനത ദലൈലാമ, മാർട്ടിൻ ലൂഥർ കിംഗ്, ജിമ്മി കാർട്ടർ എന്നിവരുമായി ഉപമിച്ചു.

ck mushtaq

ഇബ്രാഹിം റുഗോവ -ബാൽക്കൻ ഗാന്ധി

കൊസൊവോ അൽബേനിയൻ രാഷ്ട്രീയ നേതാവും പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഇബ്രാഹിം റുഗോവ ബാൽക്കന്മാരുടെ ഗാന്ധിയായി കണക്കാക്കപ്പെടുന്നു. കൊസോവോയുടെ രാഷ്ട്രപിതാവ് എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം സെർബിയൻ ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള ജനകീയ പോരാട്ടത്തിന് നേതൃത്വം നൽകി. 1992 മുതൽ 2000 വരെയും 2002 മുതൽ 2006 ൽ മരിക്കുന്നതുവരെയും കൊസോവോയുടെ പ്രസിഡന്റായിരുന്നു.

സ്വാതന്ത്ര്യത്തിനായുള്ള ഒരു ജനകീയ പോരാട്ടത്തിന് അദ്ദേഹം മേൽനോട്ടം വഹിച്ചു. 1944 ൽ ജനിച്ച അദ്ദേഹം ക്യാൻസറിനെതിരായ പോരാട്ടത്തിൽ പരാജയപ്പെട്ടു 2006 ൽ മരണത്തിനു കീഴടങ്ങി.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

athma

LEAVE A REPLY

Please enter your comment!
Please enter your name here