വിഷ്ണു വിജയൻ
വാഹന ലോകത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത് ഒരു സ്ത്രീയുടെ ഐതിഹാസിക യാത്രയുടെ ചരിത്രത്തിൽ നിന്ന് കൂടിയാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും, ഏതാണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുമാണ് വാഹന ലോകത്ത് ഇന്ന് ഈ കാണുന്ന പല വമ്പൻ കാർ നിർമ്മാതാക്കളും തുടക്കം കുറിക്കുന്നത്,
ബെൻസിൽ ആകൃഷ്ടനായ ഹിറ്റ്ലൻ ‘ജനകീയ വാഹനം’ എന്ന തൻ്റെ സ്വപ്ന സാക്ഷാത്കാരം സാധ്യമാക്കാൻ ‘ഫോക്സ് വാഗൺ’ തുടങ്ങിയത്
ഉൾപ്പെടെ രണ്ടാം ലോക മഹായുദ്ധ കാലത്ത് വാഹന നിർമ്മാണത്തിൽ യൂറോപ്പിൽ ഒരു കുതിച്ചു ചാട്ടം തന്നെ സംഭവിക്കുന്നുണ്ട്.
പക്ഷെ ആ ചരിത്രം തുടങ്ങിയത് അന്നും ഇന്നും എന്നും കാർ എന്നാൽ നമ്മുടെ ഒക്കെ ഉള്ളിൽ ഒരു പ്രീമിയം സ്റ്റാറ്റസ് നൽകുന്ന സാക്ഷാൽ മെഴ്‌സിഡസ് ബെൻസിൽ നിന്നാണ്.
1886 ൽ ജർമ്മൻ എഞ്ചിനീയർ കാൾ ബെൻസ് എന്നയാൾ തൻ്റെ സ്വപ്ന വാഹനം നിർമ്മിച്ച് പേറ്റന്റ് എടുക്കുന്നു, വാഹന നിർമ്മാണത്തെ സംബന്ധിച്ച് അതൊരു ബെഞ്ച് മാർക്ക് കൂടി ആയിരുന്നു മനുഷ്യ വംശത്തിൻ്റെ പുതിയൊരു യാത്രയ്ക്കുള്ള തയ്യാറെടുപ്പ് കൂടി ആയിരുന്നു.
കാർ നിർമ്മിച്ച ശേഷം തുടർന്ന് അങ്ങോട്ട് ഒരൽപം റെസ്റ്റ് ആകാം, കൂടുതൽ ഗവേഷണം ആകാം എന്ന തീരുമാനത്തിലേക്ക് ബെൻസ് മാറി, പക്ഷെ അതങ്ങ് സമ്മതിച്ചു കൊടുക്കാൻ ഒരാൾ തയ്യാറായില്ല.
ആ വാഹനത്തിന്റെ പിറവിയിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ ബെൻസിൻ്റെ പാട്ണർ ബെർത്താ ബെൻസ് ആയിരുന്നു അത്.
തനിക്ക് തൻ്റെ മാതാപിതാക്കളിൽ നിന്ന് ലഭിച്ച സമ്പത്ത് മുഴുവൻ അവൾ ബെൻസിന് നൽകി അയാളുടെ സ്വപ്നത്തിനൊപ്പം നിലകൊണ്ടു,
എല്ലാവിധ പിൻതുണയും നൽകി വാഹനത്തിന്റെ നിർമ്മാണ വേളയിൽ മുഴുവൻ അവൾ ഒപ്പം നിന്നു. അതുകൊണ്ട് ആ സ്വപ്നം പൂവണിഞ്ഞ് ഷെഡിൽ കിടക്കുന്നത് കാണാൻ അവരുടെ മനസ്സ് അനുവദിച്ചില്ല.
1888 ആഗസ്റ്റിൽ ഒരു പ്രഭാതത്തിൽ ഭർത്താവ് ഉണരുന്നതിന് മുൻപ് ഒരു ലെറ്റർ എഴുതി വെച്ച് തൻ്റെ രണ്ടു മക്കളെയും കൂട്ടി, മാൻഹെയ്മിൽ നിന്ന് പോർഹെയ്മിലേക്ക് ജന്മ നാട്ടിലേക്ക് ആ സ്ത്രീ ഒരു യാത്ര നടത്തി.
ആ യാത്രയിൽ അവർക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ട് രോഗശയ്യയിൽ കിടക്കുന്ന അമ്മയെ കാണുകയും വേണം, അങ്ങനെ ഏകദേശം 106 കിലോമീറ്റർ നീണ്ട യാത്ര (Daimler-Benz Official കണക്ക് പ്രകാരം ഇരുവശത്തേക്കും ഏകദേശം 180 കിലോമീറ്റർ).
ലോക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആദ്യ കാർ യാത്ര, മാനവരാശി കുതിരപ്പുറത്ത് അല്ലാതെ കുതിച്ചോടിയ കാഴ്ച.
ജർമ്മനിയുടെ ആ ഗ്രാമങ്ങളിൽ അങ്ങനെ ഒരു കാഴ്ച അന്നേവരെ ആരും തന്നെ കണ്ടിരുന്നില്ല, അതുകൊണ്ട് തന്നെ അന്നാട്ടിലെ ജനങ്ങൾ അത് തികഞ്ഞ അത്ഭുതത്തോടെ നോക്കി നിന്നു, ഒരൽപ്പം ഭയത്തോടെ അവർ ബെർത്താ ബെൻസിനെ നോക്കി, പള്ളി മണികൾ മുഴങ്ങി, കുതിരയെ കെട്ടാതെ കുതിച്ചു പായുന്ന വണ്ടി, നാടോടി കഥയിലെ മന്ത്രവാദിനിയെ പോലെ അവർ ബെർത്തയെ നോക്കി.
വഴിയിൽ നേരിട്ട പ്രതിസന്ധികളെല്ലാം മറികടന്ന് ബെർത്ത നടത്തിയ യാത്ര തുടർന്ന് അങ്ങോട്ട് മാനവരാശിയുടെ ഗതിയെ മാറ്റി മറിച്ചു.
താൻ നടത്തിയ യാത്ര വഴി ബെർത്താ ബെൻസ് കാൾ ബെൻസിന് മുൻപിൽ മറ്റൊരു കാര്യം കൂടി കാണിച്ചു കൊടുത്തു വാഹന ലോകത്തെ വാണിജ്യ സാധ്യത തുറന്നിടൽ ആയിരുന്നു,
1880 – 1894 കാലയളവിൽ അങ്ങനെ 25 കാർ അവർ വിറ്റഴിച്ചു, ഇരുപതാം നൂറ്റാണ്ട് നാല് ടയറുകളിൽ കുതിച്ചു പായാൻ തയ്യാറെടുപ്പ് തുടങ്ങി.
ഇന്ന് ഈ കാണുന്ന വാഹന ലോകത്തിൻ്റെ ചരിത്രം എന്നത് മെഴ്‌സിഡസ് ബെൻസ് തുടങ്ങി വെച്ച ചരിത്രം കൂടിയാണ്, ബെർത്താ ബെൻസ് കാണിച്ചു കൊടുത്ത പാതയിലൂടെയാണ് അത് യാത്ര ആരംഭിച്ചത്,
അവരുടെ ആ ആർജ്ജവത്തിൻ്റെ പാതയിലൂടെ ലോകം ജൈത്രയാത്ര തുടരുന്നു…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.