ബഹിയ
ഉപ്പയില്ലാതായതിൽ പിന്നെയാണ്
ഞാൻ സ്വതന്ത്രയായത്.
അടിക്കടി ഫോണിൽ വിളിച്ച്
എവിടെയാണെന്നും എന്താണെന്നും
ഇനിയെപ്പോളിങ്ങ് എത്തുമെന്നും
ഇനിയാരും തിരക്കില്ലല്ലോ.
വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ച്
നിത്യേനയെന്നോണം ഓർമ്മിപ്പിച്ച്
സ്വന്തം കാലിൽ നിൽക്കാൻ
ഇനിയാരും പ്രേരിപ്പിക്കില്ലല്ലോ.
ചുവന്ന ജിലേബിയും പലഹാരങ്ങളും വാങ്ങിവെച്ച്,
കാണുമ്പോഴെല്ലാം വഴക്കു പറഞ്ഞു കഴിപ്പിച്ച്
ഇനിയാരുമൊരിക്കലും
ഡയറ്റിങ്ങ് തെറ്റിക്കയുമുണ്ടാവില്ല.
കാണണോരുടെ മുഴുവൻ പറച്ചിലിനുമപ്പുറം
സ്വന്തം കാലുകൾക്കു പോലും താങ്ങാനാവാതെ
അമിതഭാരവും പേറി
ഉരുണ്ടു പോയൊരു നേരത്തും
‘ഇതെന്തൊരു കോലാണ് മോളേ,
തെകയാണ്ടെ പെറ്റ കുട്ട്യേളെ കയ്യി പോലെ മെലിഞ്ഞ്…
എന്നാ ഇയ്യൊന്ന് നന്നാവ…’ യെന്ന്
ഇനിയാരും പതം പറയില്ല.
കണ്ണിമാങ്ങ പൊട്ടിച്ചെന്നും
ഉപ്പിൽ പൂഴ്ത്തി വെച്ച് അച്ചാറിട്ടിട്ടുണ്ടെന്നും
മാമ്പഴം പൊട്ടിക്കണമെന്നും
ഉപ്പുമാങ്ങ പാകമായെന്നും
സപ്പോട്ട പഴുത്തിട്ടുണ്ടെന്നും
കൊള്ളി പറിക്കണമെന്നും
ഏകാശി പണ്ടങ്ങൾ വാങ്ങണമെന്നും
കുട്ട്യേൾക്ക് പെരുന്നാകോടികളെടുക്കണമെന്നും…
ഓരോരോ കാരണങ്ങൾ നിരത്തിവെച്ചിനി
തിരക്കിനിടയിൽ നിന്നാരും
വിളിച്ചു വരുത്തില്ല.
എന്നിട്ടും,
ഇത്രയൊക്കെ സ്വാതന്ത്ര്യം കിട്ടിയിട്ടും
നോക്കുന്നെടത്തെല്ലാമിപ്പോ
ഉപ്പയങ്ങനെ ചിരിച്ചു ചിരിച്ചു നിൽപ്പാണ്.
സമ്മതം ചോദിക്കാതെയും
ഫോണെടുക്കാൻ കാത്തുനിൽക്കാതെയും
ഉള്ളിൽ കയറി
മിണ്ടീംപറഞ്ഞുമിരിപ്പാണ്.
ഉപ്പ പോയതിൽ
പിന്നെയാണ്,
ഞാൻ തന്നെ ഉപ്പയായത്.
എന്റെ ഉള്ളു മുഴുവനും
ഉപ്പയൊരു
സംസം ഉറവയായ് നിറഞ്ഞത്…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
ബഹിയയുടെ ഉപ്പ ഉള്ളം നിറഞ്ഞുനിൽക്കുന്നു.
നന്ദി, ബഹിയ.