രക്തം കൊടുത്ത് പിറന്ന നാടിന്റെ സ്വാതന്ത്ര്യം നേടിയെടുക്കേണ്ട ഒരു ജനതക്ക് മുമ്പിൽ ആത്മവീര്യം ചോരാത്ത വിപ്ലവ കവി മഹ്മൂദ് ദാർവീശിന്റെ വരികൾ
വിവർത്തനം: മുഹമ്മദ് റബീഹ് എം.ടി
ഇന്ന് നീ മരണപ്പെടുകിൽ
ഞാൻ എന്തുചെയ്യുമെന്ന്
വീണ്ടുമെന്നോട് ചോദിക്കുകിൽ താമസംവിനാ ഞാൻ
മറുപടി പറയും;
എനിക്കുറക്കം വന്നാൽ നന്നായുറങ്ങും,
ദാഹാർത്ഥനെങ്കിൽ വെള്ളം കുടിക്കും.
എഴുതിക്കൊണ്ടിരിക്കുകിൽ
അതെന്നെ വല്ലാതെ ഇഷ്ടപ്പെടുത്തിക്കൊണ്ടിരിക്കും,
ചോദ്യങ്ങളൊക്കെ അവഗണിച്ചു കളയും.
പ്രാതൽ കഴിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ
അതിലേക്ക് കടുകും കുരുമുളകും ചേർത്ത് വേവിച്ച
ഒരു മാംസക്കഷ്ണം കൂടെ ചേർക്കും,
മുടി കളഞ്ഞുകൊണ്ടിരിക്കുകയാമെങ്കിൽ
ചെവിക്കുന്നിയിൽ ഒരു മുറിവ് പറ്റിക്കും.
കാമിനിയെ ചുംബിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ
അത്തിപ്പഴം കണക്കെ ഞാനവളുടെ ചുണ്ടുകൾ ഇറിഞ്ചും.
വായിച്ചുകൊണ്ടിരിക്കുകിൽ
വീണ്ടും ചില പേജുകൾ കൂടി മറിച്ചെന്നിരിക്കും,
ചുവന്നുള്ളി തൊലിക്കുകയാണെങ്കിൽ
ഇത്തിരി കണ്ണുനീർ പൊഴിക്കും,
നടന്നുകൊണ്ടിരിക്കുകയാണെങ്കിൽ
വീണ്ടും ഒന്നൂടെ പതിയെ നടപ്പ് തുടരും,
ഇന്നത്തെപ്പോലെ ഞാൻ അന്നുമുണ്ടെങ്കിൽ
ഉന്മൂല നാശത്തെക്കുറിച്ച് ആലോചിക്കുകയേ ഇല്ല.
ഇനി ഞാനില്ലെങ്കിൽ
അതെന്നെ ബാധിക്കുന്ന കാര്യമേയല്ലല്ലോ.
മൊസാർട്ടിന്റെ സംഗീതം കേട്ടുകൊണ്ടിരിക്കുകയാണെങ്കിൽ
ഞാൻ മാലാഖമാരുടെ സംരക്ഷണ കവചത്തിലേക്ക്
അടുത്തുകൊണ്ടേയിരിക്കും,
ഇനി ഉറങ്ങുകയാണെങ്കിൽ
സ്വപ്നവും കണ്ട് ഉദ്യാനങ്ങൾക്കിടയിലൂടെ
അലഞ്ഞുതിരിഞ്ഞ് ഉറങ്ങിക്കൊണ്ടേയിരിക്കും.
ചിരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണെങ്കിൽ
ഈ വാർത്തയോടുള്ള ആദരവുകൊണ്ട്
ചിരിയൊന്ന് പകുതിയാക്കി ചുരുക്കും.
ഞാൻ അഹ്മഖിനേക്കാൾ ധീരനും
ഹിറാക്ലിയസിനെക്കാൾ ശക്തനുമാണെങ്കിലും
അതല്ലാതെ ഞാനെന്ത് ചെയ്യും?
അതല്ലാതെ എനിക്ക് മറ്റെന്താണ് ചെയ്യാനാവുക ?
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.