അമ്മമ്മയുടെ വീട്

0
484
athmaonline-ammammayude-veed-priya-peelikkode-thumbnail

പ്രിയ പിലിക്കോട്

അമ്മമ്മയെ ‘അമ്മാമന്റെ അമ്മ’ യെന്നാണ് ഞങ്ങൾ കുട്ടികളെല്ലാം വിളിച്ചിരുന്നത്. മുതിർന്നപ്പോൾ ഓരോരുത്തരായി അമ്മമ്മയെന്നാക്കി. എന്നാൽ എന്റെ നാക്കിനു മാത്രം അതൊരിക്കലും വഴങ്ങിയില്ല. നാലു പെൺമക്കളുടെ ഇടയിൽ ഉണ്ടായ ഒരേയൊരു മകൻ – അതായിരുന്നു അമ്മാമൻ. ‘എന്റെ കുഞ്ഞമ്പു’ എന്നാണ് അമ്മമ്മ സ്നേഹത്തോടെ പറയാറുള്ളത്. അതുകൊണ്ടായിരിക്കാം ‘അമ്മാമന്റെ വീടും’ അമ്മാമന്റെ അമ്മയും’ ആയത്. ആ വീടിനേയും അമ്മമ്മയെയും ചുറ്റിപ്പറ്റിയായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. സീജയും (അമ്മയുടെ അനുജത്തിയുടെ മകൾ) ഞാനുമായിരുന്നു കൂട്ട്. (അതിപ്പോഴും തുടരുന്നു) പിന്നെ വെക്കേഷൻ കാലമായാൽ സുനി, ലീല പിന്നെ ഇടയ്ക്കൊക്കെ കൃഷ്ണനും രവിയും ശ്യാമളയും സുശിയും. എല്ലാവരും ഇളയമ്മമാരുടെയും എളേപ്പന്മാരുടെയൊക്കെ മക്കളാണ്.

കഞ്ഞിയും കറിയും, മരഞ്ചാടി കളി അങ്ങനെ പലപല കളികളാണ്. അതിനിടയിൽ കുട്ടികളെ തൊട്ടിലാട്ടാൻ വേണ്ടി അമ്മമ്മയുടെ വിളി വരും. എപ്പോഴും ചെറിയ കുട്ടികളുണ്ടാവും വീട്ടിൽ. എളേമ്മമാരുടെയും അമ്മായിമാരുടെയും തുടർച്ചയായ പ്രസവങ്ങൾ- കുട്ടികൾ. പ്രസവിക്കാനായി മാത്രം ഞങ്ങൾ ചാപ്പ എന്ന് വിളിച്ചിരുന്ന വീടുണ്ടായിരുന്നു. പുല്ലു മേഞ്ഞ നല്ല തണുപ്പുണ്ടായിരുന്ന വീട്. വലിയ മുറികളായിരുന്നു അതിന് . വെളുത്തുള്ളിയുടെ മണമായിരുന്നു ആ വീടിന്‌. അമ്മമ്മയുടെ വീട്ടിൽ പ്രസവിക്കാൻ പാടില്ലായിരുന്നുവത്രെ. അതുകൊണ്ടാണ് അമ്മമ്മയുടെ അച്ഛൻ ചാപ്പ ഉണ്ടാക്കിയത്.



വലിയ മരം കൊണ്ടുള്ള തൊട്ടിലാണ്. അത് ഉത്തരത്തിൽ ഒരു വലിയ കയറു കൊണ്ടാണ് കെട്ടിയിരിക്കുന്നത്. ആട്ടുമ്പോൾ ഇച്ചാൽ (തൊട്ടിൽ) വന്ന് കാലിനിടിക്കും. അത് കൊണ്ട് തൊട്ടിലാട്ടാൻ വിളിച്ചാൽ മടിയാണ്. കൂടാതെ കളിയുടെ ഹരവും. അവസാനം അമ്മാമനെ പേടിച്ചാണ് പോകുന്നത്.

അമ്മമ്മയുടെ വീട് നിറയെ ആളുകളാണ്. അയല്പക്കക്കാരൊക്കെ വരും. അമ്മമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരികൾ ജാനകിയേട്ടി, വട്ടിച്ചിയേട്ടി, പാറുവേട്ടി- അങ്ങനെയെല്ലാവരും. അമ്മമ്മ വീട്ടിൽ അവിൽ ഉണ്ടാക്കി വിൽക്കുന്നുണ്ട് . അതിനു മരത്തിലുണ്ടാക്കിയ ഇടി യന്ത്രമുണ്ട്. നീളത്തിലുള്ള ഒരു പലകയാണ്. അതിൽ ചവിട്ടുകയാണ് വേണ്ടത്. ആധുനിക സാങ്കേതിക വിദ്യയെ വെല്ലുന്നതാണ് ഇത്. ചവിട്ടാനായി മാത്രം പ്രത്യേകിച്ച് ഒരാളില്ല. വരുന്നവരൊക്കെ സഹായിക്കും . ഓരോരുത്തരായാണ് ചവിട്ടുന്നത്. ഇടക്ക് ഞങ്ങളും കളിക്കിടയിൽ നിന്ന് പോയി ചവിട്ടും. അതിനിടയിൽ എല്ലാവർക്കും വെല്ലം (ശർക്കര) കടിച്ചുകൊണ്ട് ഉള്ള കട്ടൻ ചായയും അവിലും. ഭക്ഷണം എല്ലാവർക്കും കൊടുക്കണമെന്നതായിരുന്നു അമ്മമ്മയുടെ മതം. അമ്മമ്മയുടെ വളപ്പിലെ ( പറമ്പ് ) കിണറിൽ നിന്നാണ് അടുത്ത വീടുകളിലേക്ക് വെള്ളം കോരി കൊണ്ട് പോകുന്നത്. വെള്ളം കോരാനായി ഊഴം കാത്തു നിൽക്കുന്ന രാധേട്ടി , തങ്കമണിയേട്ടി ( തങ്കമണിയേട്ടി ഇന്ന് നമ്മോടൊപ്പമില്ല), അങ്ങനെ നിരവധി പേർ . വേനലിലും വറ്റാത്ത കിണറായിരുന്നു. അമ്മമ്മയുടെ വീട്ടിൽ അരി ആട്ടുന്ന വലിയ ആട്ടു കല്ലുണ്ട്. ഉച്ച മുതൽ അതിൽ അരി ആട്ടാൻ വരുന്നവരുടെ തിരക്കാണ്. എല്ലാറ്റിനും ഇടയിൽ വിശേഷങ്ങൾ ചോദിച്ചുകൊണ്ട് അമ്മമ്മയുണ്ടാകും.



അമ്മമ്മയുടെ വീടായിരുന്നു എല്ലാ വിശേഷങ്ങളുടെയും കേന്ദ്രം. വാവ്, ചത്തവരെ ഊട്ടൽ (പിതൃക്കളെ ഊട്ടുന്ന ചടങ്ങാണിത് . രാത്രിയിലാണ് നടത്തുക)- ഇതൊക്കെ ആകുമ്പോൾ ഞങ്ങൾക്ക് വലിയ ഉത്സാഹമാണ്. അമ്മമ്മയുടെ അനിയത്തിമാരും മക്കളുമൊക്കെ വരും. അമ്മമ്മയ്ക്കു രണ്ടു അനിയത്തിമാരാണ്. വയലിലമ്മ എന്നു വിളിക്കുന്ന മാണിക്കമ്മയും പാറുവമ്മയും. പിലിക്കോട് ദേശത്തിന്റെ മദ്ധ്യഭാഗത്തായാണ് അമ്മമ്മയുടെ വീട്. ചെങ്കൽ കല്ലുകൾ നിറഞ്ഞ പ്രദേശമാണ്. അതിന്റെ തെക്കു ഭാഗത്തുള്ള വയൽ പ്രദേശത്താണ് വയലിലമ്മയുടെ വീട്. ഒരു കാലത്തു ആ പ്രദേശം മുഴുവൻ വയലായിരുന്നു. പാറുവമ്മയുടെ വീട് വടക്കു ഭാഗത്താണ്. വയലിൽ നിന്ന് മാണിക്കമ്മയും മക്കളും വടക്കു നിന്ന് പാറുവമ്മയും മക്കളും- എല്ലാവരും കൂടിയാൽ വലിയ ഘോഷമാണ്. വയലിലമ്മയുടെ മക്കളായ ചന്ദ്രമ്മാമനും തമ്പാനമ്മാമനും വായിൽ തീക്കൊള്ളി ഇട്ടു പുറത്തെടുത്തു ഞങ്ങളെ അഭുതപ്പെടുത്തും. അന്ന് രാത്രി മുറ്റത്തു പായ വിരിച്ച് എല്ലാവരും കൂടിയാണ് കിടപ്പ്‌. അന്ന് ആകാശത്തു കണ്ട നക്ഷത്രങ്ങളെ ഞാൻ പിന്നീടൊരിക്കലും കണ്ടിട്ടില്ല.

എല്ലാ വിശേഷദിവസങ്ങളിലും അമ്മമ്മയുടെ വീട് ആളുകളെകൊണ്ട് നിറഞ്ഞിരുന്നു. അഷ്ടമിരോഹിണി, ശിവരാത്രി- അയൽപക്കത്തുള്ള എല്ലാരുമുണ്ടാകും . ‘ഒരിക്കലെടുത്താൽ’ ഒരു നേരം മാത്രമേ മാത്രമേ അരി ഭക്ഷണം കഴിക്കാവൂ . വൈകുന്നേരം ഗോതമ്പു കൊണ്ടുള്ള പലഹാരം കഴിക്കും . രാത്രി ഒന്നും കഴിക്കാൻ പാടില്ല. രാത്രി ഉറക്കമൊഴിക്കണം. രാത്രി മുഴുവൻ തുമ്പി തുള്ളലും പാട്ടുമാണ്. അർദ്ധരാത്രി 12 മണിക്ക് പാൽപായസം വെക്കും. ശ്രീകൃഷ്ണൻ ജനിച്ച സമയമാണല്ലോ. എല്ലാറ്റിനും കൂടെ അമ്മമ്മയുണ്ടാകും.



രണ്ടു കാലഘട്ടങ്ങളിലൂടെയാണ് അമ്മമ്മയുടെ ജീവിതം കടന്നു പോയത്. ഒരു കർഷക സ്ത്രീ നിലയിൽ ജന്മിത്തത്തിന്റെ എല്ലാ ദുരിതങ്ങളും അവർ അനുഭവിച്ചിരുന്നു. അതോടൊപ്പം തന്നെ മരുമക്കത്തായ വ്യവസ്ഥയിലെ കാരണവരുടെ ആധിപത്യത്തെയും ചൂഷണത്തെയും അതിജീവിച്ചാണ് അവർ ജീവിതം ഒരുക്കൂട്ടിയെടുത്തത് . അതൊക്കെയായിരിക്കണം
അവരിലുണ്ടായിരുന്ന സ്വയം പര്യാപ്തതയെയും സ്വാശ്രയത്വത്തെയും നിർണ്ണയിച്ചത്.

1950 കളിൽ കേരളത്തിലുണ്ടായ രാഷ്ട്രീയ വ്യതിയാനങ്ങൾ അമ്മമ്മയെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടായിരിക്കാം ഞാൻ ‘കത്തിക്കേ കുത്തുമെന്നു’ (അരിവാൾ ചുറ്റിക) ഉറക്കെ പറയാൻ അവരെ പ്രേരിപ്പിച്ചത്. 1975-77 ലെ അടിയന്തിരാവസ്ഥക്കാലത്തു പൊലീസുകാർ ഉപദ്രവിച്ചതിനെ കുറിച്ചൊക്കെ അമ്മമ്മ പറയുമായിരുന്നു. എല്ലാവരോടും സ്നേഹം ദയ സാന്ത്വനം – ഇതായിരുന്നു അമ്മമ്മ. ആരോടെങ്കിലും കലഹിക്കുന്നത് കണ്ടിട്ടില്ല. ഭൂപരിഷ്കരണത്തോടെ ഉദയം ചെയ്ത ഒരു ഗ്രാമീണ കൂട്ടായ്മയുടെ പ്രതീകമായിരുന്നു അമ്മമ്മയും അമ്മമ്മയുടെ വീടും. സ്ത്രീകൾ എങ്ങനെ സ്വയം പര്യാപ്‌തരാകാം എന്നതിന്റെ മാതൃകയായിരുന്നു അവർ. 2009 മേയ് മാസം 19 ആം തീയതി 105 ആം വയസിൽ അന്തരിച്ചപ്പോൾ ഒരു യുഗം അവസാനിച്ചതായിട്ടാണ് തോന്നിയത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുകയും അതോടൊപ്പം സ്വന്തം അദ്ധ്വാനത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കുകയും കൂട്ടായ്മയിലൂടെയും പരസ്പര സ്നേഹ സൗഹൃദത്തിലൂടെയും ജീവിതം മുന്നോട്ടു കൊണ്ട് പോകുകയും ചെയ്ത നിരവധി സ്ത്രീകളുടെ പ്രതിനിധിയായിരുന്നു അവർ.

ഓർമ്മകൾ അവസാനിക്കുന്നില്ല.

athmaonline-priya-peelikkode
പ്രിയ പീലിക്കോട്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here