ഓർമ്മക്കുറിപ്പുകൾ
നുസ്രത്ത് വഴിക്കടവ്
നാളെ പെരുന്നാളാണോ എന്നൊന്നും അറിയില്ല . എന്നാലും പെരുന്നാളിനെ കുറിച്ച് ഓർത്തപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ജനാലയുടെ അടുത്തിരുന്ന് മുറ്റത്തേക്ക് നോക്കിയപ്പോൾ ഓർമ്മവന്നത്. വർഷങ്ങൾക്കു മുന്നേ വല്ലിപ്പ ഉണ്ടായിരുന്ന കാലത്ത് തറവാട്ടിൽ ഒരുമിച്ചുകൂടിയിരുന്ന് ആഘോഷിച്ച പെരുന്നാളാണ്. 29-മത്തെ നോമ്പുനോറ്റ് കൂട്ടുകാരികളെ കൂട്ടി അനിയത്തിമാരും താത്തമാരും ചേർന്ന് ആരുടെയെങ്കിലും വീട്ടിൽ മൈലാഞ്ചിച്ചെടിയുണ്ടോന്ന് അന്വേഷിച്ചു നടക്കും. മൈലാഞ്ചി ചെടി വളർന്ന് പന്തലിച്ച് നിൽക്കുന്ന വീട്ടിൽ ചെന്ന് ചോദിച്ച് ഒരു പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുവരും. അത് അമ്മിയിലിട്ടരക്കും എന്നിട്ട് ഓരോരുത്തർക്കുമുള്ള വീതം പ്ലാവിന്റെ ഇലയിൽ ഒരു ഈർക്കിൾ പൊട്ടും കൊടുക്കും.
എല്ലാവരും പുരയുടെ ഏതെങ്കിലും ഒരു കോണിൽ ചെന്നിരുന്ന് നഖത്തിലിടും. ഒരു പ്രാവശ്യമൊന്നും ഇട്ടാൽ ചുമക്കൂല. പിന്നെയും പിന്നെയും ഇടും. അങ്ങനെ വൈകുന്നേരമാകുമ്പോഴേക്കും ഒരുവിധത്തിൽ ചുവന്നിട്ടുണ്ടാവും എല്ലാവരെക്കാളും കൂടുതൽ ചുവന്നിട്ടുണ്ടാവുക എന്റെയായിരിക്കും. കാരണം, അവർക്കൊക്കെ പല ജോലികളുമുണ്ടാവും. ഞാൻ ചുമ്മാ ഇരിക്കുന്നത് കൊണ്ട് മൈലാഞ്ചി ഇടുക മാത്രമായിരുന്നു ഹോബി. വൈകുന്നേരം മാസം കണ്ടാൽ വല്ലുപ്പയും ഇളാപ്പമാരും വാങ്ങിത്തന്ന ട്യൂബ് മൈലാഞ്ചി ഇടുന്ന മത്സരമായിരിക്കും കോലായിൽ. ഇശാ നമസ്കാരം കഴിഞ്ഞാൽ പള്ളിയിൽ നിന്ന് തക്ബീർ ധ്വനി കേൾക്കുമ്പോൾ അടുക്കളയിൽ ഉമ്മമാരുടെ ബഹളം കേൾക്കാം.
ഉള്ളി അരിയുന്നതിന്റെയും ഇറച്ചി മുറിക്കുന്നതിന്റെയുമൊക്കെ. ഞങ്ങൾ രണ്ട് കൈയ്യിലും മൈലാഞ്ചിയിട്ട് കഴിയുമ്പോൾക്കും പന്ത്രണ്ട് മണിയൊക്കെ ആയിട്ടുണ്ടാവും. ഉറക്കം വന്ന് ഓരോരുത്തർ തൂങ്ങി ഇരിക്കുന്നത് കാണാം. എല്ലാവരുടെയും കഴിഞ്ഞിട്ട് ഒരുമിച്ച് അതേ മൈലാഞ്ചി കൈയും കൊണ്ട് കിടക്കും.
രാവിലെ എണീക്കുമ്പോൾ കുറേ മൈലാഞ്ചി തലയിലും പുതപ്പിലുമൊക്കെയായിട്ടുണ്ടാവും. എന്നാലും ആരുടെ കയ്യാണ് കൂടുതൽ ചുവന്നിരിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയിലായിരിക്കും ഓരോരുത്തരും. ന്റെയാണ്, ന്റെയാണ്, എന്ന് പറഞ്ഞ് മത്സരിക്കും ഒടുവിൽ തീരുമാനമാകാതെ വല്യുമാന്റെയോ അമ്മായിന്റെയോ അടുത്ത് ചെന്ന് ചോദിക്കും. അവർ വിധിനിർണയിച്ചാലെ സമാധാനം ആവുകയുള്ളൂ.
അതിനു ശേഷം ചായ കുടിക്കാൻ ഇരിക്കും അത് കഴിഞ്ഞ് അടുക്കളയുടെ പിന്നാപ്പുറത്ത് അമ്മായിയോ അല്ലെങ്കിൽ കുഞ്ഞാമ്മയോ ആരെങ്കിലുമൊരാൾ പെൺകുട്ടികളെ തേങ്ങാപ്പാലും കസ്തൂരിമഞ്ഞളും തേച്ചിരുത്തും. ആ സമയത്ത് പോത്ത് ബിരിയാണിയുടെ മണമിങ്ങനെ മുക്കിലേക്ക് തുളഞ്ഞു കേറിട്ട് വായിൽ വെള്ളം നിറഞ്ഞിട്ട് ബിരിയാണി കഴിക്കാൻ കൊതിയാവും.
തേങ്ങാപ്പാലും, മഞ്ഞളുമൊന്നും ആൺകുട്ടികൾക്ക് ഇഷ്ടല്ല അവർ എല്ലാവരും പുഴയിൽ ചാടാൻ പോകും. ആ നേരം ആദ്യം തേച്ചു നിർത്തിയ ഓരോരുത്തരെ കിണറ്റിൽ നിന്ന് വെള്ളം കോരി കുളിപ്പിക്കും. പെരുന്നാൾ കുപ്പായമിട്ട് കൺമഷിയും പൗഡറുമിട്ട് ഒരുങ്ങിയതിനൊപ്പം. വളയും മാലയും അണിഞ്ഞ് വരുമ്പോൾക്കും പള്ളിയിൽ നിന്ന് തക്ബീർ ചൊല്ലി റാലി വരുന്നുണ്ടാവും. മുറ്റത്തുനിന്ന് റോഡിലേക്ക് നോക്കി എല്ലാവരും നിൽക്കും. പെരുന്നാൾ നിസ്കാരം കഴിഞ്ഞ് വീട്ടിലെ വല്ലുപ്പയും, എളാപ്പമാരും വരുമ്പോഴേക്കും അമ്മായിമാരും ഇമ്മമാരും കുളിച്ച് പുതിയ നൈറ്റി ഇട്ട് കാത്തിരിക്കും. അവർ വന്നാൽ നിലത്ത് പായ വിരിച്ച് ഞങ്ങൾ കുട്ടികളെയും ഒപ്പമിരുത്തി ബീഫ് ബിരിയാണി വിളമ്പും. അതിനുശേഷം കുട്ടികൾക്ക് എല്ലാവർക്കും പത്തോ, ഇരുപത്തോ രൂപ വെച്ച് പെരുന്നാൾ പൈസ തരും.
ഇന്ന് കാലം പിന്നിട്ടുമ്പോൾ ഇതൊക്കെ ഓർമ്മകളാവുന്നു. ഇന്നത്തെ കുട്ടികളാരെങ്കിലും മൈലാഞ്ചി പറിക്കാൻ പോവാറുണ്ടോ,? പുഴയിൽ ചാടാൻ പോവാറുണ്ടോ.? എന്തിനധികം പറയുന്നു. നമുക്ക് പള്ളിയിൽ പോലും പോവാനാവാത്ത അവസ്ഥയിലൂടെ പെരുന്നാൾ കടന്നു പോവുമ്പോൾ ഇതുപോലെയുള്ള ഓർമ്മകൾ പൊടി തട്ടി എടുക്കാനെങ്കിലും പത്തു വർഷം മുന്നേയുള്ള തലമുറകൾക്ക് ഭാഗ്യമുണ്ടായിരുന്നു എന്നോർത്ത് സമാധാനിക്കാം.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.