Director’s Brilliance – ചില കഥ പറയും ഷോട്ടുകൾ

0
1087

സിനിമ

അശ്വിൻ വിനയ്

“Movie directors, or should I say people who create things, are very greedy and they can never be satisfied… That’s why they can keep on working. I have been able to work for so long because I think next time, I will make something good”

സിനിമ ഇൻഡസ്ട്രിയുടെ അപ്പോസ്തലൻ എന്ന് വിശേഷിപ്പിക്കാവുന്ന ആക്കിര കുറസോവയുടെ വാക്കുകളാണ് മുകളിൽ ചേർത്തത്. ഒരു സൃഷ്ടാവ് അവന്റെ സൃഷ്ടിയിൽ എന്നും അതൃപ്തിയുള്ളവനായിരിക്കും. അതിനാൽ സൃഷ്ടിയുടെ പൂർണ്ണതയ്ക്കായി അവന്റെ നിരന്തര പ്രയത്നങ്ങളുണ്ടാകും.

നാം ഒരു സിനിമ കാണുന്നു.
വീണ്ടും അതേ സിനിമ കാണുന്നു.
വീണ്ടും വീണ്ടും അതേ സിനിമ കാണുന്നു.

ഓരോ തവണ നാം ആ സൃഷ്ടിയിൽ സമയം ചിലവിടുമ്പോഴും പലതരം വായനാനുഭവം അല്ലെങ്കിൽ ദൃശ്യാനുഭവം ഉളവാകും. അത് കഥയുടെ ആഴത്തെക്കുറിച്ചുള്ള ഗ്രാഹ്യം എന്നതാകാം, ആ സിനിമയിലെ ഒരു ക്യാരക്ടറിന് ആ പടത്തിലെ ഇൻഫ്ലുവൻസ് എന്ത് എന്നതാകാം, ആ സിനിമയിലെ ഷോട്ടുകളുടെ പ്രത്യേകതയാകാം, ചുരുങ്ങിയ പക്ഷം ആ സിനിമയുടെ സൃഷ്ടാവിന്റെ കയ്യിൽ നിന്ന് സംഭവിച്ച അപൂർണ്ണതകളാകാം, etc. ആവർത്തിച്ച് നാം ഒരു സൃഷ്ടിയെ ആലിംഗനം ചെയ്യുന്ന പക്ഷം, സൃഷ്ടാവിന്റെ മനസ്സിനൊപ്പം നമുക്ക് സഞ്ചരിക്കാം.

അശ്വിൻ വിനയ്

മുന്നേ സൂചിപ്പിച്ച കുറസോവ അദ്ദേഹം തൊട്ട് ഇന്നിലെ പോത്തേട്ടൻ, പെല്ലിശ്ശേരി വരെ ഈ സൃഷ്ടാവ് ഗണത്തിൽ പെടുന്നവരാണ്. എത്രയേറെ പണിതിട്ടും തൃപ്തിവരാതെ തന്റെ സൃഷ്ടിയിലെ ഓരോ പദാർത്ഥങ്ങൾക്കും ജീവൻ നൽകാൻ അഹോരാത്രം തലച്ചോറിലെ രക്തയോട്ടം കൂട്ടിയവർ. ഈ സൃഷ്ടാക്കളുടെ ആർത്തിയുടെ അന്തിമനിമിഷം വരെ സൃഷ്ടി പുഷ്ടിപ്പെട്ടു കൊണ്ടിരിക്കും. ഒളിഞ്ഞും തെളിഞ്ഞും ഓരോ പുൽനാമ്പിനും ജീവൻ നൽകും. ഒരു ചെറു പുഞ്ചിരിയിൽ പാക്ക് അപ്പ് എന്ന് പറഞ്ഞ് അപൂർണ്ണമായ ഒരു പൂർണ്ണ സ്പർശത്തോടെ സൃഷ്ടി നമുക്ക് മുന്നിൽ തെളിവാകും. “ഒരു അണ്ഡകടാഹ സൃഷ്ടി”

തികച്ചും വ്യത്യസ്ത കാലാവസ്ഥയിലുള്ള മനുഷ്യർക്ക് മുന്നിൽ ഈ അണ്ഡകടാഹ സൃഷ്ടിക്ക് ആദ്യ മാത്രയിൽ അളവും തൂക്കവും വളരെ ചെറുതാകാം. ഒരു കുഞ്ഞിത്.

പക്ഷേ സിനിമാഭിലാഷം മനസ്സിൽ തിങ്ങി നിറഞ്ഞ ഒരു കൂട്ടം മാനവ സമൂഹം സൃഷ്ടികളെ പുൽകുന്നു. അവരതിനെ വീണ്ടും വീണ്ടും പുണരുന്തോറും അവ പുഷ്ടിപ്പെടുന്നു. പുക്കുന്നു, കായ്ക്കുന്നു, വിഘടിച്ചു പോകുന്നു.



നമ്മുടെ ജീവിതം സൃഷ്ടിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയ്ക്ക് ഒരപരിചിതന്റെ സൃഷ്ടിക്ക് എത്ര മാത്രം ഗൗരവം നൽകണം എന്ന സ്വതീരുമാനത്തിൽ നാം മുന്നോട്ടു പോകുന്നു. ഭൂരിഭാഗവും അണ്ഡകടാഹ സൃഷ്ടി കാണാതെ തന്നെ അവയിൽ മണൽ വാരിയിട്ട് തന്റെ ഓട്ടം തുടരുന്നു. ആ സൃഷ്ടാവിന്റെ രണ സ്വേദങ്ങളെ പിൻ കാലിൽ തട്ടിത്തെറിപ്പിച്ച് ഇന്ദുചൂഡന്റെ ലാഘവത്തോടെ തങ്ങളുടെ നേരംപോക്കുകളിൽ വ്യാപൃതരാകുന്നു.

ഞാനും ജീവിതം പടുത്തുയർത്താൻ ഓടുന്ന ഒരു മനുഷ്യനാണ്. പലപ്പോഴും നേർത്തതായതോ, പുഷ്ടിപ്പെട്ടതായതോ അനുഭവപ്പെട്ട സൃഷ്ടികളെ ഒരു അരികിലേക്ക് മാറ്റിക്കെട്ടേണ്ടുന്ന സാധാരണക്കാരൻ. പക്ഷേ എനിക്കതിന് ഒരുപായമുണ്ട്. അണ്ഡകടാഹ സൃഷ്ടിയെ പുണർന്ന സിനിമാ മോഹികൾ ” ബ്രില്ലിയന്റ്സ്” എന്ന തലക്കെട്ടോടു കൂടിയും അല്ലാതെയും നമുക്ക് കുഴച്ച് ഉരുട്ടി വായിൽ വച്ച് നൽകുന്നത് സ്വീകരിക്കുക എന്നതാണ് എന്റെ റെസല്യൂഷൻ. അങ്ങനെ വായിച്ചിരുന്ന് അത്ഭുതപ്പെട്ടുപോയ ചില ക്രിയേഷനുകളാണ് പഥേർ പാഞ്ചാലി, ചെമ്മീൻ, പാഠം ഒന്ന് ഒരു വിലാപം, പിന്നെ ചില ലിജോ പടങ്ങൾ, രാജീവ് രവി പടങ്ങൾ, പോത്തേട്ടൻ പടങ്ങൾ, etc. ( ലിഷ്റ്റ് കുറേ ഉണ്ട്????). വിഘടിച്ച് ദ്രവിച്ച് പോയ പടങ്ങളും ഉണ്ട്. ചില ടി ദാമോദരൻ സൃഷ്ടികളും ആഷിക് അബുവിന്റെ വൈറസും ഷാജി കൈലാസിന്റെ സൃഷ്ടികളും കാലം ചെല്ലുന്തോറും നേർത്ത് കാലിൻ ചുവട്ടിലെ മണ്ണിൽ അലിഞ്ഞില്ലാതായവയാണ്.

അതായത് ഡയറക്ടർ ബ്രില്യൻസ് എന്ന നാമധേയത്തിൽ ഒരു സൃഷ്ടിയെ ഇഴകീറി പരിശോധിക്കുന്നതിൽ അതീവ തൽപരനാണ് ഞാൻ. അവയെ സർക്കാസ്റ്റിക് ലൈനിൽ പോലും തഴയുന്നവരോട് കടുത്ത നീരസമുള്ള മനുഷ്യൻ.

ക്യാരക്ടറുകളുടെ മനോവികാരവും സ്ഥിതി വിശേഷ – വൈകൃതങ്ങളും സിമ്പോളിക് ആയി ഒരു ഷോട്ടിൽ ഉരുക്കി ചേർക്കുന്ന ചില ഡയറക്ടർമാരുണ്ട്. പണ്ട് സ്കൂൾ പഠനകാലത്ത് ഒരു സിനിമ ശില്പശാലയിൽ നിന്ന് ലഭിച്ച ഗർവ്വിതമായ രത്നശോഭയുള്ള ജ്ഞാനം.

“Not to have seen the cinema of Ray means existing in the world without seeing the sun or moon”
-Akira Kurasova

Satyajith Ray സിനിമകളിൽ ഇന്നും പഠന വിഷയമാകാറുള്ള പഥേർ പാഞ്ചാലിയായിരുന്നു ശില്പശാലയിലെ ഒരു മുഖ്യ വിഷയം. പൊട്ടും പൊടിയും പരിശോധിക്കപ്പെട്ട സിനിമയിൽ സംവാദാവസാനം അതിലെ പൂച്ചയും പട്ടിയും വരെ ഒരു മുഖ്യ കഥാപാത്രമായെന്നത് മറ്റൊരു സത്യം.

പഥേർ പാഞ്ചാലിയിലെ ഷോട്ടുകളിൽ സിമ്പോളിക്കായി ആ കുട്ടികളുടെ സാഹചര്യം വിശദമാക്കുന്നുണ്ട്. അധികം പറഞ്ഞ് കേൾക്കാത്ത “സിനിമയിലെ Background Symbolism അതിമനോഹരമായി റേ ആ പടത്തിൽ ഉൾക്കൊള്ളിച്ചു. അതിനു ശേഷം ഞാൻ ഓരോ സിനിമ കാണുമ്പോഴും, അതിലെ കഥയേയും ക്യാരക്ടറിനേയും തേടുമ്പോഴും ഈ Background Symbolism കൂടി അന്വേഷണവിധേയമാക്കി.

ഡയറക്ടർമാരുടെ പെരുന്തലയിൽ ഉത്ഭവിച്ച അണ്ഡകടാഹ സിനിമകളിലെ ചില കഥ പറയും ഷോട്ടുകൾ താഴെ ചേർക്കുന്നു.

താഴേ കൊടുത്ത ചിത്രങ്ങൾ പഥേർ പാഞ്ചാലിയും, ചെമ്മീനും, പാഠം ഒന്ന് ഒരു വിലാപവും ആണ്.

1) പഥേർ പാഞ്ചാലി

ഇന്നും ലോക സിനിമകളിൽ ദാരിദ്ര്യം പശ്ചാത്തലമായ സിനിമകളെടുത്താൽ സമാനതകളില്ലാത്ത വണ്ണം സൃഷ്ടിക്കപ്പെട്ടിട്ടുള്ള സിനിമയാണ് പഥേർ പാഞ്ചാലി. ഭുബാദ്ധ്യായ് സൃഷ്ടിച്ച ക്യാരക്ടറുകളുടെ ജ്വലിക്കുന്ന പ്രഭവശേഷിയും, അഭിനേതാക്കളുടെ അർപ്പണ മനോഭാവവും, സത്യജിത്ത് റേയുടെ ബ്രില്യൻസും, ആ സിനിമയെ നമ്മുടെ ഓർമ്മകളിൽ ഒരു വിങ്ങലായി അവശേഷിപ്പിച്ചു.

പഥേർ പാഞ്ജലിയിലെ സത്യജിത്ത് റോയുടെ ഓരോ ഷോട്ടും ക്യാരക്ടറുകളും ഫിലിം പഠിതാക്കൾക്ക് 66 വർഷങ്ങൾ കടഞ്ഞിട്ടും തീരാത്ത പാലാഴിയാണ്. ആ ജ്ഞാന ഗോപുരത്തിലെ ഒരു ഭാഗമാണ് ആ സിനിമയിൽ പ്രകൃതിയെ സിമ്പോളിക്കായി അണിഞ്ഞൊരുക്കിയത്.

ആദ്യ ചിത്രത്തിലുള്ളത് അല്ലലില്ലാതെ കഴിഞ്ഞു പോകുന്ന, ഗൃഹനാഥന് തുച്ഛവേതനത്തിലാണെങ്കിലും ഒരു ജോലിയുള്ള സമയത്തെ ഷോട്ടാണ്. ദുഗ്ഗയെയും പുവിനേയും ബാഹ്യലോകവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണി എന്നോ ആ കുട്ടികളുടെ മധുരമിറ്റുന്ന പ്രതീക്ഷയായോ ആ മിഠായി വാലയെ കാണാം.

മിഠായി വാലയെത്തുന്ന നിമിഷത്തിൽ തന്നെ കുട്ടികൾ ഓടിച്ചെന്ന് അയാളെ അനുഗമിക്കുന്നു. ആദ്യ നിമിഷങ്ങളിലെ ഈ ഷോട്ടിൽ ആ കുളത്തിലെ വെള്ളം വളരെ ക്ലിയറാണ്. അവരുടെ പ്രതിബിംബങ്ങൾ അടങ്ങിയ, പായലില്ലാത്ത, കുഞ്ഞോളങ്ങളുള്ള കുളം.

പിന്നിടുള്ള ചിത്രങ്ങൾ, ഠാക്കുമാ മരിച്ച ശേഷം അച്ഛൻ ജോലിക്ക് വേണ്ടി ദൂരത്ത് പോയ സമയത്താണ്. കയ്യിൽ കരുതിയ അരി തീർന്നു. കടം വാങ്ങി ആ അമ്മയുടെ കണ്ണുകൾ ചുവന്നു. സഹായമായി എന്നും തന്റെ കൂടെ ഉണ്ടായിരുന്ന ദുഗ്ഗയുടെ കൂട്ടുകാരി കല്യാണം കഴിച്ചു പോയി. ആ നാട്ടുവഴികളിലും അന്യന്റെ പറമ്പിലും അവളുടെ ജീവിതം ചോർന്നില്ലാതാകുമോ എന്ന കടുത്ത ആവലാതിയിലായി ദുഗ്ഗ. മിഠായി വാലയ്ക്ക് പ്രായമായി വഴിയോരങ്ങളിൽ ഉറങ്ങാൻ തുടങ്ങി. ചുറ്റിലുമുള്ള ജലാശയങ്ങളിൽ ഓളങ്ങളില്ലാതായി.

തുടർന്നുള്ള മഴക്കാല തുടക്കത്തിൽ തന്നെ ദുഗ്ഗയ്ക്ക് പനി പിടിച്ചു. ഓപ്പുവിന് അവന്റെ ജീവിത സാഹചര്യങ്ങൾ മനസ്സിലായി തുടങ്ങി. അവരുടെ ശൈശവം പതിയെ അവരിൽ നിന്നകന്നു തുടങ്ങി. പകുതി തകർന്ന വീടിന്റെ ശേഷിച്ച ഭാഗം പതിയെ ദ്രവിച്ചു. ഓളം നിലച്ച ജലാശയങ്ങളിൽ പായൽ മൂടിത്തുടങ്ങി. അവയിലെവിടെയോ ദുഗ്ഗയുടെയും ഓപ്പുവിന്റേയും പ്രതീക്ഷകളും.

 

2) ചെമ്മീൻ .

ആദ്യാവസാനം നിർമ്മലമായ കഥാപാത്രങ്ങളാൽ ആണ്ടു പിണഞ്ഞു കിടക്കുന്ന സിനിമയാണ് 1965 ഇൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന സിനിമ. അനശ്വരമായ പ്രണയം കറുത്തമ്മയുടെയും പരീക്കുട്ടിയുടേയും ജീവിതത്താൽ വരച്ചു വെച്ച നിഷ്കളങ്ക സിനിമ.

“കറുത്തമ്മേ, എടീ കറുത്തമ്മേ, നിന്റെ ചേച്ചി എവിടാടീ”
“അതിന് ചേച്ചിയെ എന്റെ കയ്യിൽ തന്നില്ലല്ലോ!”
“കുരുത്തക്കേട് പറയാതെ പോയി നോക്കീനടീ.”

അനുജത്തി തുറയിൽ തേടി ചേച്ചിയെ കണ്ടെത്തുന്നത് പരീക്കുട്ടിയുടെ കൂടെയാണ്. സിനിമയിലെ ആ നിമിഷത്തെ കറുത്തമ്മയുടെയും പരീക്കുട്ടിയുടേയും ഭാവനാമണ്ഡലവും ചുവടെ കൊടുത്ത ചിത്രത്തിലെ ഭൗമാന്തരീക്ഷത്തിൽ അണിയിച്ചൊരുക്കിയ കടലും തോണിയുമായി ഇഴ ചേർന്ന് കിടക്കുന്നു. അതിവിശുദ്ധമായ കാൽപനീക പ്രണയത്തിൽ അവർക്ക് തടസ്സങ്ങൾ യാതൊന്നും ഉണ്ടായിരുന്നില്ല.

athmaonline-directors-brilliance-aswin-vinay-001



” മരയ്ക്കാത്തിമാര് നെറിയും മുറയുമായി നിന്നാലക്കൊണ്ട് കടലമ്മ എല്ലാം തെരും. ഇല്ലെങ്കിൽ തുറ മുടിച്ചു കളയും കേട്ടാ. ഞാൻ പറഞ്ഞേക്കാം.”

അന്ന് രാത്രിയിൽ തന്നെ ചെമ്പൻ കുഞ്ഞുമായുള്ള സംസാരത്തിൽ കറുത്തമ്മയുടെ കല്യാണം ഉറപ്പിക്കാനുള്ള ആവശ്യകത ചക്കി സൂചിപ്പിക്കുന്നു.

ക്ഷണാംശങ്ങളിൽ പളനിയുമായി കറുത്തമ്മയുടെ വിവാഹം ഉറപ്പിക്കുന്നു.

“ആ കാശ് തന്നിട്ട് കറുത്തമ്മ പോകും, അല്ലേ കറുത്തമ്മേ. എന്നെ വിട്ടിട്ട് പോകാൻ കറുത്തമ്മയ്ക്ക് സാധിക്കുമോ കറുത്തമ്മേ!!!”
കറുത്തമ്മ കരഞ്ഞ് തിരിച്ചോടുന്നു.

മുകളിൽ നൽകിയ ചിത്രത്തിൽ കാണുന്നത് കറുത്തമ്മ കല്യാണക്കാര്യവും കടം വാങ്ങിയ പണം തിരികെ നൽകുമെന്ന ഉറപ്പും പരീക്കുട്ടിയെ ധരിപ്പിക്കാൻ വരുന്ന സീനിലെ ഒരു ഷോട്ടാണ്. കാല്പനീകതയിൽ നിന്ന് അടി തെറ്റി ഭൗതികതയിൽ ചെന്നു ചേർന്ന കമിതാക്കൾ. സമൂഹം അവരെ അടുക്കാനാകുന്നതിൽ കൂടുതൽ അകറ്റിയിരുന്നു. വിങ്ങിപ്പൊട്ടിയ അവരുടെ സംസാരത്തിന് സാക്ഷിയായി പിറകിൽ നിൽക്കുന്ന മുള്ളുകളുള്ള കൈതക്കാട് സൃഷ്ടിച്ച മുറിവ് പറ്റാവുന്നതിൽ കൂടിയ അകലം.

“അയ്യോ ഇതെന്ന വള്ളത്തിൽ പോയില്ലേ?”
” നിന്നെക്കളയാതെ എന്നെ കൊള്ളു കേലന്ന് . കറുത്തമ്മാ എല്ലാരു ആ ചെറുക്കനെ പറ്റി പറയണല്ല”
” ഇനിയും എന്നെ വിശ്വാസമായില്ലേ?”
” ഞാൻ വിശ്വസിക്കാം, പക്ഷേ എല്ലാവരും ഇതന്നെ പറയണല്ല”
” എന്നെ കൊല്ലാൻ”
“നീ സങ്കടപ്പെടണ്ടാട്യേ, അവരെന്നെ വള്ളത്തിൽ കൊണ്ടു പോയില്ലാന്നും വച്ച് ഞാൻ തോക്കാൻ പോണില്ല”
” വള്ളത്തിൽ പോകാതെ നമ്മളെങ്ങനെ കഴിയും?”
” ഹും, എന്റേം കൂടിയാടി ഈ കടൽ, കടലിലെ പണിക്ക് പളനിയെ ജയിക്കാൻ ഈ തൊറേലൊരാളില്ല. ഈ കടലിവിടെ ഉണ്ടെങ്കിൽ പളനിയും പളനിയുടെ മരക്കാത്തിയും പഷ്ണി കെടക്കില്ല.”

തികച്ചും ഒരന്യനായ പളനിക്ക് കറുത്തമ്മയുടെ മനസ്സിൽ ഒരു ഹിറോയിക്ക് ഇമേജ്.

പിറ്റേദിവസം…
” ഞാൻ ചൂണ്ടയിടാൻ പോവാടീ”
“അയ്യോ ഒറ്റയ്ക്കാണോ?”
“അതെ, എത്ര വലിയ ചുഴിയും ഈ പളനി വെട്ടിച്ചു പോകും. പിടിച്ചാ കിട്ടാത്ത ഒഴുക്കാണേലും പളനി വള്ളം കൊണ്ടങ്ങ് പോകും. എടീ ഞാനീ കടലിൽ കിടന്ന് വളർന്നവനാടീ.”
“പക്ഷേങ്കി, വള്ളത്തിനെന്നാ ചെയ്യും.”
” ഈ കടപ്പുറത്ത് ഇരിക്കണതെല്ലാം വള്ളമല്ലേ, രാത്രിയൊന്ന് തള്ളിയിറക്കിയങ്ങ് കൊണ്ടു പോകും.”
“അയ്യോ വല്ലോരു കണ്ടാലാ?”
“ആ കാണിച്ചാണ കൊണ്ടുപോകന്നത്. ചൂണ്ടയ്ക്ക് പോയി മീൻ പിടിച്ച് പണമുണ്ടാകുന്നത് വരേ ഇതേ പറ്റു”

തന്റെ പേരിൽ ആദർശവാനായ പളനി കള്ളനാകുന്നതിന്റെ സങ്കടവും ഒറ്റയ്ക്ക് കടലിൽ പോകുന്നതിന്റെ പേടിയും കറുത്തമ്മയിൽ കാണാം. അതേ സമയം തുറ മുഴവൻ കളളക്കഥ പറഞ്ഞ് ഒറ്റപ്പെടുത്തിയിട്ടും കുടുംബം പോറ്റാനുള്ള ബുദ്ധിയും സാമർത്ഥ്യവും ശക്തിയും പളനിയിലുണ്ട് എന്ന തിരിച്ചറിവും കറുത്തമ്മയ്ക്ക് കൈ വന്നിരിക്കാം.

കറുത്തമ്മ പളനി ദമ്പതികളുടെ വിവാഹ ശേഷമുള്ള എല്ലാ സീക്വൻസും അവർ ആ ഓലപ്പുരയുടെ ഉള്ളിലാണ്. അടച്ചൊറപ്പില്ലാത്ത ഏത് നിമിഷവും തകർന്നു പോകാവുന്ന പളനിയുടെ വീട്. കറുത്തമ്മയ്ക്ക് പളനിയോടുള്ള സ്നേഹം ദൃഢതയില്ലാത്തതായിരുന്നു എന്ന് വേണം കരുതാൻ. കാരണം മുകളിലെ കറുത്തമ്മ പളനി സംഭാഷണങ്ങൾക്കപ്പുറം മാത്രമാണ് അവര് രണ്ട് പേരും ആ ഓലപ്പുരയ്ക്കകത്തല്ലാത്ത ഷോട്ട് വരുന്നത്. അവരുടെ ഇടയിൽ ആഴമേറിയ നീലക്കടലും പൂർണ്ണ ചന്ദ്രന്റെ നിലാവെളിച്ചവും പ്രത്യക്ഷപ്പെട്ടത്.

നിലാവെളിച്ചത്തിൽ ഇരുവരും വള്ളം തള്ളി കടലിലിറക്കുന്നു. പളനി തുഴഞ്ഞ് നീങ്ങുന്നു.

പളനിയോട് ആഴക്കടലിൽ പോകരുതെന്ന് സ്നേഹത്തോടെ വിലക്കി തുറയിൽ താലിച്ചരട് മുറുക്കേ പിടിച്ചു വെഷമിച്ചു നിൽക്കുന്ന കറുത്തമ്മ. ന്ത് ഷോട്ടാല്ലേ!!!

3) പാഠം ഒന്ന് ഒരു വിലാപം

ഒരു യാഥാസ്ഥിതിയ മുസ്ലീം കുടുംബത്തിൽ ജനിച്ച സ്ത്രീയുടെ കഥപറയുന്ന സിനിമയാണ് 2003 ൽ ടി. വി. ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന് ഒരു വിലാപം. മലയാളികളുടെ മനസ്സിൽ ഷാഹിന എന്ന കഥപാത്രം മുള്ളു വേരുകളോടെ പടർന്ന് കയറി മുറിവേൽപ്പിച്ച സിനിമ.

ആ ഗ്രാമത്തിൽ ഒരു നേർത്ത പാലമുണ്ട്. ഒക്കത്ത് പൊടിക്കുഞ്ഞുങ്ങളുമായി പാട്രിയാർക്കിയുടെ പരിണിത ഫലമായ കടുത്ത വിഷാദവുമായി സ്ത്രീകൾ നടന്നു പോകുന്ന ആ പാലം ഗ്രാമത്തിന്റെ ശാപമാണ്. ഗ്രാമത്തിലെ ആണധികാരികളുടെ നേർത്ത ചിന്താസരണികളിലൂടെ കടന്നുപോകാൻ വിധിക്കപ്പെട്ട സ്ത്രീകളാൽ തിങ്ങി നിറഞ്ഞ ഇടുങ്ങിയ പാലം. ശൈശവാവസാനത്തിന് മുന്നേ പഠനം നിർത്തി അന്യന്റെ വിയർപ്പിൻ കയ്പ്പ് രുചിക്കാൻ വിധിക്കപ്പെട്ട, ഒരു വിവാഹ ബന്ധം തുടങ്ങേണ്ടുന്ന പ്രായത്തിന് മുന്നേ ഭർത്താവിന്റെ ശുക്ലം പേറി, അവന്റെ കാമാധിക്യത്തിന്റെ ആയുസ്സവസാനത്തിൽ കൈക്കുഞ്ഞുങ്ങളുമായി വഴിയിലുപേക്ഷിക്കപ്പെട്ടവർ.

തന്റെ ക്ലാസ്സിലെ ഒരു കുഞ്ഞ് (ആമിനയുടെ) ന്റെ പഠിത്തം നിർത്തി നിക്കാഹ് കഴിപ്പിച്ചു കൊടുത്തു എന്നറിഞ്ഞ ക്ലാസ്സധ്യാപകൻ സ്റ്റാഫ് റൂമിൽ കാര്യം അവതരിപ്പിച്ചപ്പോഴും അവിടെയുണ്ടായിരുന്ന മാഷിന്റെ ബോധമണ്ഡല വീതി ആ നേർത്ത പാലത്തിനും കൂടുതൽ ആയിരുന്നില്ല.

ഇതേ ക്ലാസ്സിലെ കുട്ടിയായിരുന്നു മീരജാസ്മിന് നാഷണൽ അവാർഡ് നേടിക്കൊടുത്ത ഷാഹിന എന്ന കഥാപാത്രം. പഠിക്കാൻ മിടുക്കിയും, മാനവ സ്നേഹപ്രവാഹവും, ജന്തു ജീവജാലങ്ങളോട് കൊഞ്ചാനും തക്ക നിർമ്മല മനസ്സുമായിരുന്നു ഷാഹിനയുടേത്. ഷാഹിന സ്കൂളിൽ പോകുന്ന ഷോട്ടാണ് മറ്റൊന്ന്. ദർഭപ്പുല്ല് വളർന്ന് ഹരിതാഭയിൽ നീരാടിയ നാട്ടുവഴികളും പാടവും ആ ഷോട്ടിൽ നിങ്ങൾക്കു കാണാം.

അവൾ പത്താം ക്ലാസ്സ് പരീക്ഷയ്ക്കായി നന്നായി പഠിച്ചു. പ്രിയ സുഹൃത്തിന്റെ കൂടെ കോളേജിൽ പോയി പഠിക്കുന്നത് സ്വപ്നം കണ്ട് അവളുടെ രാപ്പകലുകൾ നീങ്ങി.

ദർഭപ്പുല്ല് ചെത്തി പാടത്ത് വിത്തിട്ടു മുള പൊട്ടിയ ഷോട്ട് താഴെ കാണാം. ഷാഹിന സ്കൂൾ വിട്ട് വരുന്നത് കാമപരവശനായ ഒരു മധ്യവയസ്കൻ ഫയൽവാനെന്ന് തോന്നിപ്പിക്കുന്ന മീശക്കാരൻ പാടവരമ്പത്ത് നോക്കി നിൽക്കുന്നു.

അതേ, അവളൊരുങ്ങി. ആ നാടിന്റെ ശാപം ഇടിത്തീ പോലെ പെയ്തിറങ്ങാനും മാത്രം അവളിൽ ചെറു മുളകൾ തളിർത്തു. ആ നാട്ടിലെ മണുമണ്ഡൂസൻ ആണുങ്ങളുടെ ഉറക്കക്കൊല്ലി ആകാൻ തക്ക നെൽക്കതിരിന്റെ ഭംഗിയുള്ളവൾ.

ഹസ്സനിക്ക വഴി കല്യാണാലോചനയും പെണ്ണ് കാണലും നടന്നു.

ദീനും ദുനിയാവും നല്ല വണ്ണം ഹൃദ്യസ്തമാക്കിയ നാട്ടിലെ പ്രമാണിമാരുടെ നിർബന്ധത്തെ ആ അമ്മയ്ക്കും മകൾക്കും മറികടക്കാൻ ആയില്ല. പത്താം ക്ലാസ്സ് പരീക്ഷയ്ക്കായി ഉച്ചത്തിൽ പാഠങ്ങൾ ചൊല്ലി പഠിച്ച ഷാഹിനയുടെയും വിവാഹം അവളുടെ സമ്മതമില്ലാതെ ഉറപ്പിക്കുന്നു. വിസക്കുള്ള പണം തൂക്കിയ ത്രാസ്സും തട്ടിന്റെ മറുവശത്ത് ഷാഹിനയെ ഇരുത്തി ശാപം കിട്ടിയ ആ നാടിന്റെ ഭാഗമാക്കി തീർത്തു.

ഇർഷാദാണ് ( റസാഖ്) ഷാഹിനയുടെ ഭർത്താവായി അഭിനയിച്ചത്. ഷാഹിനയെ പ്രാപിക്കാൻ ഭർത്താവെന്ന നിലയിൽ എല്ലാ അവകാശങ്ങളും ഉണ്ടെന്ന് മറ്റൊരു വിഡ്ഡിക്കുശ്മാണ്ടമായ റസാഖ് തെറ്റിദ്ധരിച്ചു. പലതവണ ബലമായി ഷാഹിനയെ പ്രാപിക്കാൻ ശ്രമിക്കുകയും അവളുടെ ചെറുത്തു നിൽപുകളിൽ തോറ്റു പോവുകയും ചെയ്തു. ആദ്യ ഭാര്യയുടെ സഹായത്തോടെ മയക്കുമരുന്ന് നൽകി അയാൾ അവളുടെ ശരീരത്തിൽ സ്പർശിച്ചു. തുടർന്ന് വളരെ കുറച്ചു നാളുകളിൽ തന്നെ റസാഖിന്റെ ബീജം പേറിയ ഷാഹിനയും മൊഴി ചൊല്ലപ്പെട്ടു.

മയക്കു മരുന്നിന്റെ ഉന്മാദ നിദ്രയിൽ അവൾ മയങ്ങുമ്പോൾ, മനസ്സിലെ തെറ്റായ ആൺ അധികാര ബോധത്തെ തൃപ്തിപ്പെടുത്തിയ റസാഖ് അവളെ വീട്ടിൽ കൊണ്ടു വിടുന്ന ഷോട്ടാണ് തുടർന്ന് ചേർത്തത്. വരണ്ടുണങ്ങിയ അവളുടെ ജീവിതം ആ പാടത്തിന്റെ ഏതോ മൂലയിൽ തർക്കിക്കുന്നത് കേൾക്കാം.

ബന്ധം ഒഴിവാക്കി ഒരു വിജയിയെ പോലെ റസാഖ് കുളിംഗ് ഗ്ലാസ്സ് വെച്ച് നാട്ടിൽ നടന്നു. ദുബായിൽ പോകുവാൻ അവൻ ഒരുങ്ങി. തലതാഴ്ത്തി ഷാഹിന സ്വന്തം വീട്ടിലേക്കും.

ഉമ്മയുടെ മടിയിൽ കിടന്ന് കരഞ്ഞ് അവൾ അവളുടെ സങ്കടങ്ങൾ പറഞ്ഞു. തലയിൽ രാക്ഷസനേപ്പോലെ കടന്നു കയറിയ ട്രോമ നൽകുന്ന ഭയത്തെ അവൾ പതിയെ മറികടന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു.

കല്യാണം വന്നു ചേർന്ന ഹസ്സനിക്ക വഴി തന്നെ മൊഴി ചൊല്ലപ്പെട്ട കാര്യം അവൾ അറിഞ്ഞു.

“നീയറിഞ്ഞാ, നിന്നെ ഓൻ മൊഴി ചൊല്ലി”
“അള്ളാ, രക്ഷപ്പെട്ട്”

ആശ്വാസത്തിൽ വിടർന്ന പുഞ്ചിരിയോടെ ഷാഹിന.

“ഇനി എനിക്ക് പഠിക്കാൻ പോവാലാ.”

തുടർന്ന് സ്കൂളിലും നാട്ടിലും പല താഴ്ത്തിക്കെട്ടലുകളിലും ദുഷ്ടലാക്കോടെയുള്ള കുത്തു നോവിക്കലുകളിലും തളരാതെ അവൾ പഠിച്ചു. ആശിച്ച് കൊതിച്ച പത്താം ക്ലാസ്സ് പരീക്ഷ എഴുതുമ്പോൾ ഷാഹിനയുടെ ശരീരത്തിൽ റസാഖിന്റെ തമാശയുടേയും ആധിപത്യത്തിന്റേയും റിസൾട്ട് വന്നു. അവൾ ഗർഭിണിയായിരുന്നു.

കാടു കണക്കെ പുല്ല് വളർന്ന, വെള്ളം കെട്ടിനിന്ന് ചെളി നിറഞ്ഞ പാടത്തുകൂടെ, ഒക്കത്ത് ഒരു ഭ്രാന്തൻ സമ്മാനിച്ച കുട്ടിയുമായി നടന്നു പോകുന്ന ഷോട്ടിൽ സിനിമ അവസാനിക്കുന്നു. ആ നിർഭാഗ്യവതികളുടെ ഒരുപാട് പിറകിൽ നെല്ല് മുളയിട്ട് ആരോഗ്യത്തോടെ നിൽക്കുന്ന കണ്ടം കാണാം. ഇവരിൽ നിന്നും ഒത്തിരി അകലേ.

ആ നേർത്ത പാലത്തിലെ നിരനിരയായി പോകുന്ന സ്ത്രീകളുടെ വരിയിൽ ഏതോ ഒരു ഭാഗത്ത് എണ്ണാൻ പറ്റാത്ത തരത്തിൽ ഷാഹിനയും അലിഞ്ഞു ചേർന്നു. ആ നാടിന്റെ നേർത്ത പാലത്തിലൂടെ നടക്കാൻ മാത്രം വിധിക്കപ്പെട്ട ഒരാളായി.

വറ്റി വരണ്ട പാടത്ത് കൂടി ഒക്കത്ത് കുഞ്ഞുമായി നടക്കുന്ന ബുർഖ ധരിച്ച നടന്നുപോകുന്ന ഒരു പാവം സ്ത്രീ. അവളുടെ മോഹങ്ങളെ വേരിൽ വച്ച് തന്നെ മുറിച്ചു കളഞ്ഞ സമൂഹം. മറ്റൊരു മഴക്കാലത്തെ കാത്ത് നിൽക്കുന്ന മണ്ണ്. (അവസാനത്തെ ചിത്രം)

പായൽ വളർന്ന ബംഗാളിലെ ജലാശയവും തീരപ്രദേശത്തെ കള്ളിമുൾ ചെടിയുണ്ടാക്കിയേക്കാവുന്ന മുറിവും പാട്രിയാർക്കിയാൽ നിർമ്മിക്കപ്പെട്ട പാലവും അതാത് സിനിമകളിലെ അനൗചിത്യം വിളിച്ചു പറഞ്ഞ ഭംഗികളാണ്. അവ ക്യാരക്ടറുകളുടെ ജീവിതവുമായി വളരെയധികം അലിഞ്ഞു കിടക്കുന്നു. കഥ പറഞ്ഞു തരും ഷോട്ടുകൾ അനേകമനേകം. തേടിപ്പിടിക്കണം. വായിച്ചു മനസ്സിലാകണം.

മുകളിൽ പറഞ്ഞതും പറയാത്തതുമായ അണ്ഡകടാഹ സിനിമകളുടെ ബ്രഹ്മാണ്ഡ ബുദ്ധിരാക്ഷസ സംവിധായകർക്കിരിക്കട്ടെ തിളക്കമാർന്ന കുതിരപ്പവൻ. നിങ്ങൾക്ക് പെരുത്തു നന്ദി.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.



LEAVE A REPLY

Please enter your comment!
Please enter your name here