കഥ
ജ്വാല
ശവമടക്ക് കഴിയും വരെ ഒരു തരം വെപ്രാളം ആയിരുന്നു..
ഇനി തുടങ്ങാൻ പോകുന്ന ജീവിതത്തെ കുറിച്ച് ഓർത്തു ഒന്ന് ഉറക്കെ ചിരിക്കണം എന്ന് തോന്നി..
ഇനിയൊരിക്കലും വീട്ടിൽ വെക്കുന്ന ചോറിന്റെ കലത്തിൽ മണ്ണെണ്ണ ഒഴിക്കാൻ അയാൾ ശവപറമ്പ് കടന്നു വരില്ല…
ഇനി.. അമ്മയ്ക്ക് പഴയ അളവിൽ തയ്പ്പിച്ച ചുവപ്പും നീലയും ബ്ലൗസ്കൾ ഇട്ട് പണിക്ക് പോകാം…
അമ്മ പോകുന്ന പണി സ്ഥലങ്ങളിൽ കള്ള് കുടിച്ചതിന്റെ ഛർദിൽ തള്ളാൻ അയാൾ പോകുമായിരുന്നു.. എല്ലാവരുടെയും മുൻപിൽ വെച്ച് അമ്മയുടെ ശരീരത്തിൽ തടിച്ചു കൂടിയ മുഴകളെ പറ്റി പറഞ്ഞു” അസുഖക്കാരിയാ ഓള്ന്ന്’ പറഞ്ഞു ഉറക്കെ ചിരിക്കുമായിരുന്നു… അത് കേൾക്കുമ്പോൾ മുലകൾക്ക് പകരം അമ്മ നുറുക്കി നുറുക്കി വെച്ച കണ്ടം തുണികൾ ബ്രെയിസിയർ കടന്നു പുറത്തേക്ക് ചാടുന്ന പോലെ തോന്നുമത്രേ…
ചില രാത്രികളിൽ വീട്ടിൽ അറിയാത്ത സ്ത്രീകളെ കാണും..
ഒരിക്കൽ അയാൾ ഒരു സ്ത്രീയെയും കൊണ്ട് വീട്ടിലേക്ക് കയറി വന്നു…
അമ്മയുടെ സാരിയുടുത്ത് ആ സ്ത്രീ അയാളുടെ കൂടെ കിടക്കുന്നത് കണ്ടു…
അങ്ങനെ എത്രയോ രാത്രികളിൽ വീട് കടന്ന് ഞങ്ങൾ രാധേച്ചിയുടെ ചായ്പ്പിൽ കയറി കിടന്നിരിക്കുന്നു…
എങ്ങോട്ടേലും ഓടി പോകാൻ എന്റെ അമ്മയ്ക്ക് പറ്റുമായിരുന്നില്ല…
അങ്ങനെ ഓടി പോകാൻ ഈ ലോകത്ത് മരണം മാത്രമുള്ള ഒരു സ്ത്രീയുടെ നിസ്സഹായത…
അതിൽ നിന്നും ആ ചായ്പ്പ് മാത്രമായ് ഒരു തുണ്ട് ഭൂമി ആയിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്…
അവിടെ രണ്ടു പെണ്ണുങ്ങൾ കെട്ടിപിടിച്ചു ഉറങ്ങുന്നതായ് തോന്നും..
നിന്നെ ഒന്നിനും കൊള്ളത്തില്ലെടി എന്ന് അയാൾ ഉറക്കെ പറയുമ്പോൾ ചായ്പ്പിൽ കിടന്ന് മുറിച്ചു മാറ്റിയ മുലകൾ ഉണ്ടായിരുന്ന നെഞ്ചിടുക്കുകളിൽ തൊട്ട് ആ സ്ത്രീ ഒരുപാട് വട്ടം കരഞ്ഞിട്ടുണ്ട്…
ഒരിക്കൽ സ്നേഹത്തെ പറ്റി മലയാളം മാഷ് ക്ലാസ്സിൽ പറഞ്ഞപ്പോൾ
“പുരുഷന്റെ സ്നേഹം മുറിച്ചു മാറ്റിയ മുലകളിൽ “ആണെന്ന് ഞാൻ എഴുന്നേറ്റു നിന്ന് പറഞ്ഞിരുന്നു… അന്ന് എന്റെ തുടകൾക്ക് അയാളുടെ നഖം കൊണ്ടതിന്റെ പാടുകൾ ഉണ്ടായിരുന്നു…
അത് കേട്ട് ക്ലാസ്സിലെ കുട്ടികൾ ഒക്കെ ചിരിച്ചു… വിജയൻ മാഷ് ഒരുപാട് സമയം എന്നെ തന്നെ നോക്കി നിന്നു…
ഒരു ദിവസം ഉറങ്ങി കിടക്കുമ്പോൾ അയാൾ എന്നെ എടുത്തു കൊണ്ട് പോകാൻ ശ്രമിച്ചു… എന്റെ തുടകളിൽ നഖങ്ങളുടെ പാട് വീണത് അന്നായിരുന്നു…
തള്ളയെ പോലെ നിനക്കും മുഴകൾ ഉണ്ടോയെന്നു നോക്കിയതാണെന്ന് അയാൾ പറഞ്ഞ ദിവസം..
അന്ന് തൊട്ടാണ് അമ്മ എന്റെ പാവാടകൾക്ക് വള്ളികൾ കെട്ടിപ്പിച്ചത്… ഉറങ്ങുമ്പോൾ വള്ളികൾ അമ്മേടെ കയ്യിൽ മുറുകെ കെട്ടി വെക്കും… പതിമൂന്നാമത്തെ വയസിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം പാവാട വള്ളികൾ ആയിരുന്നു…..
ഇന്നലെ അയാൾ മരിക്കുമെന്ന് ഞാൻ കരുതിയതേയില്ല… എന്നത്തേയും പോലെയുള്ള ആത്മഹത്യ ഭീഷണി ആയിരിക്കുമെന്ന് ധരിച്ചു വെച്ചു…. ഇടയ്ക്ക് അയാൾ ആത്മഹത്യ ചെയ്യും എന്ന് പറയും..
ഇപ്പോൾ ഈ നിമിഷം മരിക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നു…
അമ്മ കരയുമ്പോൾ ഞാൻ ചത്താൽ നീ എങ്ങനെ കരയുമെന്ന് അറിയാൻ പരീക്ഷിച്ചതാണെന്ന് പറഞ്ഞു ചിരിക്കുമായിരുന്നു… ഓരോ വിഷ കുപ്പിയും തട്ടി മാറ്റുമ്പോൾ ഞാൻ ആ കുപ്പികൾ പെറുക്കി വെക്കുമായിരുന്നു.. എല്ലാ ആത്മഹത്യ ശ്രമങ്ങളും അങ്ങനെ കൈത്തട്ടി തെറിച്ചു പോയ വിഷ കുപ്പികളിൽ അവസാനിച്ചിരുന്നു… എന്റമ്മേടെ നിലവിളിയിലും…. മുറിച്ചു മാറ്റിയ മുലകൾക്ക് നേരെയുള്ള ചിരികളിലും അവസാനിച്ചു…
ഇന്നലെ അയാൾ മരിച്ചു പോയപ്പോൾ ഒരുപാട് സമയം ഞാൻ നോക്കി നിന്നു…
പോസ്റ്റ്‌മോർട്ടം കഴിഞ്ഞു ശരീരം കൊണ്ട് വന്നപ്പോൾ അമ്മ കരഞ്ഞതെയില്ല…
“എന്തേ അമ്മേ ചേലൊരു മരിച്ചാൽ നമുക്ക് കരയാൻ പറ്റാത്തെയെന്ന് ” ചോദിച്ചപ്പോൾ അമ്മ എന്നെ മുറുക്കെ പിടിച്ചു… ഒരു വലിയ നെടുവീർപ്പു ഉണ്ടായിരുന്നു അവർക്ക് അപ്പോൾ…. അത് ശരീരത്തിൽ പുതഞ്ഞു പുതഞ്ഞു അവരുടെ മുറിച്ചു മാറ്റിയ മുലകൾ ഉണ്ടായിരുന്ന നെഞ്ചിടുക്ക്കളിൽ ഉമ്മ വെച്ചു കാണും…
“കെട്ടിയോൾ കരഞ്ഞില്ലെങ്കിൽ ചത്തവനു സ്വസ്ഥത കിട്ടില്ലെന്ന് മൂത്തമ്മ പറഞ്ഞു… ”
എന്നിട്ടും എന്നിട്ടും “അമ്മ കരഞ്ഞില്ല”… അമ്മ കരഞ്ഞതെയില്ല…. ഞാനും…
ചിത കത്തുമ്പോൾ എനിക്ക് ഒരുതരം വെപ്രാളം ആയിരുന്നു… ധൈര്യത്തിൽ വസ്ത്രങ്ങൾ അഴിച്ചിട്ടു ഈ വീട്ടിൽ ഉറങ്ങാൻ തോന്നി.. പിന്നെയും പിന്നെയും ഒരുതരം വെപ്രാളം ആയിരുന്നു…
ചിത കത്തി തീരുമ്പോഴേക്കും… അയലിന്റെ കീഴിൽ ഇരുന്ന് ഞാനെന്റെ പാവാടകളുടെ വള്ളികൾ മുറിച്ചു മാറ്റുകയായിരുന്നു…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.