കവിത
അളകനന്ദാലാൽ
വീടുമാറാമെന്ന്
തീരുമാനിച്ച ദിവസം
അമ്മ കുറേ
ചെടിച്ചട്ടികൾ വരുത്തി.
ഇറങ്ങാനിനി ദിവസങ്ങൾ
മതിയെന്നിരിക്കെ
ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ
രഹസ്യമെനിക്ക് മനസ്സിലായേയില്ല.
മുറ്റത്തെ റോസാപ്പൂക്കളും
ഡാലിയകളും
എന്തിന് തുളസിച്ചെടി വരേ
ഒരോന്നായി
മണ്ണും വേരുമടക്കിപ്പിടിച്ച്
പലായനത്തിനൊരുങ്ങിയെന്ന
തോന്നലിലെനിക്കൊരു
വെപ്രാളമായി.
ഞാനൊരുങ്ങിയില്ലല്ലോ,
ഈ വീടു ചുറ്റി മണക്കുന്ന കാട്ടുമുല്ലയും
കിണറ്റിൻ കരയിലെ ചെമ്പരത്തിക്കാടും
വഴിയോരത്തെ ഓടപ്പൂക്കളുമെന്ത് ചെയ്യും.
അമ്മയ്ക്ക് ആവലാതിയൊന്നുമില്ല,
ഇങ്ങനെയെത്ര
വേരുകളുപേക്ഷിച്ചിരിക്കുന്നു.
ഞാൻ വീടളന്ന്
വെളിച്ചത്തിന്റെ കണക്കെഴുതിവെച്ചു.
രാവിലെ അടുക്കളവാതിലിന്റെ
ഗ്രില്ലിലൂടെ വലയിടുന്ന വെയിൽ,
ഹാളിലെ കർട്ടൻ നീങ്ങുമ്പോൾ
വീടാകെ പരക്കുന്ന പകൽ,
മുറിയിലെ ജനൽ തുറന്ന്
വരുന്ന നിലാവിന്റെ കുഞ്ഞുങ്ങൾ.
അപ്പോഴേക്കും
എന്റെ വീടെന്നെഴുതിയ കവിതകൾ
പറമ്പിലെ ചിതലക്കിളികളെപ്പോലെ
നിലവിളിക്കാൻ തുടങ്ങി,
നിങ്ങളെയെങ്ങനെയുപേക്ഷിക്കും.
ഉപേക്ഷിക്കപ്പെട്ടതിന്റെ നീറ്റലിൽ
ഒരാളെക്കുറിച്ച് മാത്രം
ഒരിക്കലെഴുതിയ കവിതകളിൽ നിന്ന്,
അയാൾ വന്നപ്പോഴൊക്കെ
എപ്പോൾ വേണമെങ്കിലും
ഇറങ്ങിപ്പോയ്ക്കളയുമെന്ന പേടിയിൽ
ഞാൻ വെപ്രാളപ്പെട്ടിരുന്നല്ലോ
എന്നൊരു വേദനയങ്ങനെ
പരിചയം പുതുക്കി.
എന്റേതെന്നും
എനിക്ക് നീയും
നിനക്ക് ഞാനും വീടെന്നും
പലവുരു പറഞ്ഞു മറന്നയാൾ
അണ്ണാൻ കുഞ്ഞിനെപ്പോലെ
വന്നെത്തിനോക്കി
എന്റെ മറവിയെ ഉലച്ചിട്ട് പോയി.
ഓഹ്, ഇതായിരിക്കും
നിന്നേക്കുറിച്ചുള്ള
അവസാനത്തെ കവിത.
കവിതകളിൽ നിന്ന്
ഇറക്കിവിടുന്നതാണല്ലോ
ഏറ്റവും ഭീകരമായ മറവി.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
❤️❤️❤️❤️
❤️❤️❤️????????????