‘പരദേശിയുടെ ജാലകം’ പ്രകാശനം ചെയ്തു

0
496

കോഴിക്കോട്: ഫേസ്ബുക്ക് എഴുത്തുകളിലൂടെ ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരന്‍ നജീബ് മൂടാടിയുടെ ‘പരദേശിയുടെ ജാലകം’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം ജനവരി 27 ശനിയാഴ്ച്ച കോഴിക്കോട് അളകാപുരിയില്‍ വെച്ച് നടന്നു. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവില്‍ നിന്ന് കെ.ഇ.എന്‍ പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട് പെന്‍ഡുലം ബുക്സ് ആണ് പുസ്തകം വായനക്കാരിലേക്ക് എത്തിച്ചത്.

കേരളത്തില്‍ നിലനില്‍ക്കുന്ന ജാതീയത കൊണ്ടാണ് ഇവിടെ തൊഴില്‍ മാന്യത ലഭിക്കാതെ പോവുന്നത്. അതിനാലാണ് കഷ്ടപെടുമെന്ന ബോധ്യത്തിലും മലയാളി പ്രവാസി ആവുന്നത്. കേരളത്തിന്റെ മൂന്നില്‍ ഒന്ന് സമ്പത്ത് വരുന്നത് ഗള്‍ഫില്‍ നിന്നാണ്. പക്ഷെ, ഗള്‍ഫ്കാരന്റെ പ്രശ്നങ്ങള്‍ മുഖ്യധാര എഴുത്തുകളില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് കഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് സംസാരിക്കുകയായിരുന്നു. താഴെക്കിടയില്‍ ഉള്ള ആളുകള്‍ വിസ്മരിക്കപെട്ട് പോവുന്നു. അവിടെയാണ് ‘പരദേശിയുടെ ജാലകം’ പ്രസക്തമാവുന്നത്. ഈ പുസ്തകത്തില്‍ ഉടനീളം വരുന്നത് അത്തരം ആളുകളുടെ നൊമ്പരങ്ങളാണ്. പൊയ്ത്തുംകടവ് കൂട്ടിച്ചേര്‍ത്തു.

അപരനെ തന്നിലേക്ക് ചേര്‍ക്കാനുള്ള വിമുഖത കാട്ടുന്ന ഈ ആസുരകാലത്ത് മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ നിന്നു അനുഭവ എഴുത്ത് വരുന്നത് പ്രശംസനീയമാണ്. പ്രവര്‍ത്തനം തന്നെ ആയി തീരുന്നവയാണ് ഇത്തരം എഴുത്തുകള്‍. അത്തരം എഴുത്തുകള്‍ക്കാണ് മറ്റെന്തിനേക്കാളും പ്രസക്തി. മാനവരെ ഒന്നാകെ ചേര്‍ത്ത് പിടിക്കാത്ത മനോഭാവങ്ങള്‍ക്ക് എതിരെയുള്ള ഒരു പ്രതിരോധമെന്ന നിലക്കാണ് ഈ പുസ്തകത്തെ കാണുന്നത്. പുസ്തകം ഏറ്റുവാങ്ങി കൊണ്ട് കെ.ഇ.എന്‍ പങ്കുവെച്ചു.  

പെന്‍ഡുലം ബുക്സ് ഡയരക്ടര്‍ ജസീല്‍ നാലകത്ത് അധ്യക്ഷത വഹിച്ചു. ഫാത്തിമ സഹ്റ ബത്തൂല്‍ സ്വാഗതവും ഫഹീമ.പി പുസ്തക പരിചയവും നടത്തി. പി.സക്കീര്‍ ഹുസൈന്‍, എന്‍.പി സ്വലാഹുദ്ധീന്‍, മാരിയത്ത്.സി.എച്ച്, സുനില്‍ ഇബ്രാഹീം, ശരീഫ് ചുങ്കത്തറ, നൂറ വള്ളില്‍, രാജന്‍ ചേലക്കല്‍ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here