കവിത
ലിഷ ജയൻ
ഞാൻ പഠിച്ച ഒൻപത് ബി യിൽ
രണ്ട് ജോയിമാരുണ്ടായിരുന്നു
കറുത്തജോയിയും, വെളുത്ത ജോയിയും !
കറുത്ത ജോയി പിൻബഞ്ചിൽ ഏറ്റവും അറ്റത്ത് ചുളുങ്ങിക്കൂടി ഇരിക്കും …
വെളുത്തജോയി മുൻബഞ്ചിൽ ഒന്നാമതിരിക്കും ..
ടീച്ചർമാരെല്ലാം അവനെ മാത്രം നോക്കി പഠിപ്പിക്കും !
കണക്കു തെറ്റിക്കുമ്പോഴും, സയൻസ് എക്സിബിഷന് മോഡൽ ഉണ്ടാക്കാനും,
ഗ്രാൻഡ് ഉള്ളവർ എണീക്കാൻ പറയുമ്പോഴും മാത്രം
കറുത്ത ജോയി ക്ലാസ്സിലുണ്ടെന്നു എല്ലാരുംഓർക്കും !
അവന്റെ അപ്പന്പ്ലാസ്റ്റിക് കുപ്പി പെറുക്കി
വിൽക്കലാരുന്നു പണി !
പെറുക്കൂസ് തങ്കന്റെ മകൻ ജോയി തങ്കൻ
പെറുക്കൂസ് ജോയി എന്ന വിളിപ്പേരിൽ
ക്ലാസ്സിൽഎന്തിനെന്നില്ലാതെ
മിക്കപ്പോഴും തല്ലുകൊണ്ടു …
അവന്റെ മുഷിഞ്ഞ യൂണിഫോമിൽ
മഷി കുടഞ്ഞ്
വെളുത്ത ജോയി പേരിന്റെ പ്രതികാരം തീർക്കുന്നത് ഞങ്ങൾ കണ്ടിട്ടും
എന്തുകൊണ്ടോ ഹെഡ്മാസ്റ്റർ വെളുമ്പനെ ശിക്ഷിച്ചില്ല !
നാസിക് ഡോൽ കൊട്ടിയും,
പന്തല് കെട്ടാൻ പോയും
ജോയി ക്ലാസ്സിൽ വരാതിരിക്കുന്ന ദിവസം
ഞാൻ മാത്രം അവനെ ഓർക്കും …നോവും !
കാണുമ്പോ മിണ്ടാൻ നോക്കും ..
ഡ്രിൽ പീരീഡ് ഗ്രൗണ്ടിൽ മാറി ഒറ്റയ്ക്ക്
കളിക്കാൻ കൂട്ടില്ലാതെ അവൻ നിക്കുമ്പോൾ
വാ സാറ്റ് കളിക്കാം എന്ന് പറയാൻ തോന്നും …
തലകുമ്പിട്ടു കഞ്ഞിവരിയിൽ
അവൻ നിൽക്കുമ്പോ
നിറച്ചും കറിയുള്ള
എന്റെ പൊതിച്ചോറ് നീട്ടാൻ തോന്നും …
എന്തിനെയെക്കെയോ, ആരെയൊക്കയോ പേടിച്ച്
ഒന്നും പറയാതെ, മിണ്ടാതെ ഞാനും നടക്കും …
പിന്നെ കൊല്ലങ്ങള് കഴിഞ്ഞ്
ഒരു ചാക്ക് നിറയെ കുപ്പിയുമായി
അവനെ കാണുമ്പോൾ …
അവൻ വരച്ചിരുന്ന ചിത്രങ്ങളെ,
എക്സിബിഷൻ മോഡൽസിനെ,
അവനെത്തമായിരുന്ന ഇടങ്ങളെ
അവഗണിച്ച്, ഒറ്റപ്പെടുത്തി ഇല്ലാതാക്കിയവർക്കൊപ്പം
ഞാനും…
കണ്ടിട്ടും കാണാത്തപോലെ നടന്നിട്ടും
എന്തിനാണ്
നെഞ്ചിനകത്തു നൂറു കണക്കിന് കുപ്പികൾ
ചില്ലുടഞ്ഞു ചോരയിറ്റി ഞാൻ കരിനീലിച്ചു
പോയത് !!
♥️ashokma