കവിത
ലോപ
മൂന്നു കല്ലുടുപ്പിന്റെയിത്തിരി വട്ടം മാത്രം.
മൂളലിൽ മുടന്തുന്ന പാദ വിന്യാസം മാത്രം.
ചിലന്തിക്കാലാൽപ്പാവും നേരിയ ചിത്രം മാത്രം.
ചിലമ്പും പാത്രത്തിന്റെ ശൂന്യ വർത്തുളം മാത്രം.
നിറയും കണ്ണീരുപ്പായ് കല്ലിച്ച മുഖം താഴ്ത്തി-
തറിയിൽ നൂലെന്നപോൽ തിരിഞ്ഞേ തീരുമ്പൊഴും
ചുഴലിക്കാറ്റിൻ വന്യവേഗ വൃത്താകാരയായ്
ചുടലത്തീയീയായ് ഞൊടിയളവിൽ കാളീഭാവം…
കുനിയനുറുമ്പുകളരിക്കും നേരംപോക്കിൻ
പൊതികൾ തട്ടിപ്പൊക്കിയിടനെഞ്ചിലേക്കാഴ്ത്തി
പരുങ്ങും ഹൃദയത്തെപ്പരുക്കൻ മുഖംമൂടി
യണിയിക്കുന്നോൾ-കള്ളി-യിവളേ വൃത്തസ്ഥിത.
തവളക്കിണറിന്റെ നാണയവൃത്തങ്ങളിൽ
തകരും വാക്കിൻ വേലിമറയ്ക്കും വീട്ടിന്നുള്ളിൽ
‘തനിക്കായൊരു മുറി’ കുഴിയാനയെപ്പോലെ
പരതും മണ്ടത്തിയാമിവളേ വൃത്തസ്ഥിത…
ചോരവീണുറയുന്ന പോർനിലവിങ്ങളിൽ; കാമം
ചൂണ്ടയിലിരയിട്ടു ചിരിക്കും കയങ്ങളിൽ
മാവുടലായിപ്പച്ചയ്ക്കെരിക്കും ചിതാഗ്നിതൻ
കാമനപൂക്കും കണ്ണാമിവളെ വൃത്തസ്ഥിത…
പെരുകുന്നാധിത്തീയിൽ ഉരിയക്ഷരങ്ങളെ
പൊലിച്ചു താരംപോലെ തിളക്കും സ്നിഗ്ധസ്മിത
ഇടയ്ക്കു നീർത്തും നീലച്ചിറകാൽ കാലങ്ങളെ
യളക്കും പെണ്ണീച്ചയാമിവളേ സ്വപ്നസ്ഫുട…
ഇനചന്ദ്രന്മാർ രണ്ടുമിഴികൾ – കടൽ മൂടി
യിവൾ തന്നടുപ്പുകല്ലാണു മൂവടി ലോകം…
ഇവളിൽ പ്രിയം പൂണ്ടാലടങ്ങും ശമിയുണ്ടോ?
ഇവളെ വൃത്തങ്ങളിൽത്തളയ്ക്കും കവിയുണ്ടോ?
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.